26 April Friday

ക്യാംപസില്‍ എസ്എഫ്ഐ പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട ഒരു കെഎസ്‌യു പ്രവര്‍ത്തകന്റെ പേര് പറയാമോ; സുധാകരനെ വെല്ലുവിളിച്ച് മന്ത്രി വി ശിവന്‍കുട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 12, 2022

തിരുവനന്തപുരം> കെപിസിസി പ്രസിഡന്റ് കെ സുധാകരനെ വെല്ലുവിളിച്ച് മന്ത്രി വി ശിവന്‍കുട്ടി. ക്യാംപസില്‍ എസ് എഫ് ഐ പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട ഒരു കെ എസ് യു പ്രവര്‍ത്തകന്റെ പേര് പറയാമോ എന്ന് മന്ത്രി ചോദിച്ചു.നൂറുകണക്കിന് കെ എസ് യു പ്രവര്‍ത്തകരുടെ രക്തസാക്ഷിത്വമാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായിട്ടുള്ളത് എന്നാണ് സുധാകരന്‍ പറയുന്നത്. പെരും നുണകളുടെ രാജാവാണ് കെ സുധാകരനെന്ന് മന്ത്രി പറഞ്ഞു.

35 ധീര സഖാക്കള്‍ നഷ്ടമായ പ്രസ്ഥാനമാണ് എസ് എഫ് ഐ. ഇതില്‍ പന്ത്രണ്ട് പേരെ കൊന്നത് യൂത്ത് കോണ്‍ഗ്രസ്-  കെ എസ് യു പ്രവര്‍ത്തകരാണ്. ജനങ്ങളുടെ പൊതുബോധത്തില്‍ വിഷം കലക്കാനാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കെ എസ് യുവും ശ്രമിച്ചിട്ടുള്ളത് എന്ന് എസ് എഫ് ഐ പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി  എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള തനിക്ക് വ്യക്തമാക്കാന്‍ കഴിയുമെന്ന്  ശിവന്‍കുട്ടി പറഞ്ഞു.

ഉമ്മന്‍ചാണ്ടി കെ എസ് യുവിനെ  നയിച്ചിരുന്ന കാലത്ത് പൊലീസ് നടപടിക്കിടെ ഓടയില്‍ വീണു മരിച്ച ഗുജറാത്തിയായ  മുള്‍ജി എങ്ങനെ രക്തസാക്ഷി എന്ന് കെ എസ് യു  അവകാശപ്പെടുന്ന തേവര മുരളിയായതെന്ന്  മാധ്യമപ്രവര്‍ത്തകന്‍ എന്‍.എന്‍. സത്യവ്രതന്റെ 'വാര്‍ത്ത വന്ന വഴി' എന്ന പുസ്തകം വായിച്ചാല്‍ മനസിലാകും. ആരോഗ്യപ്രശ്‌നങ്ങളാല്‍ മരിച്ച ഫോര്‍ട്ട് കൊച്ചിക്കാരനായ മുരളിയെ രക്തസാക്ഷിയാക്കിയ പാരമ്പര്യമാണ് സുധാകരന്റെ പ്രസ്ഥാനത്തിനുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജില്‍ 1990 ല്‍ പുതിയവീട്ടില്‍ ബഷീര്‍ എന്ന കെ എസ് യുവിന്റെ മാഗസിന്‍ എഡിറ്ററെ തല്ലിക്കൊന്നത് കെ എസ് യുക്കാര്‍ തന്നെയാണെന്നത് കെ. സുധാകരന്‍ ഓര്‍ക്കണം. നാലു പതിറ്റാണ്ടു മുമ്പ് നീലക്കൊടി പാറിയിരുന്ന കേരളത്തിലെ കലാലയങ്ങളില്‍ കെ എസ് യു ഇല്ലാതായത് അവരുടെ കഠാര രാഷ്ട്രീയത്തിനെതിരായ വിദ്യാര്‍ഥികളുടെ നിലപാട്  മൂലമാണ്.

ഇടുക്കിയില്‍ യൂത്ത് കോണ്‍ഗ്രസ്-  കെ എസ് യു പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ അപമാനിക്കാനാണ് കെ സുധാകരന്‍ ശ്രമിക്കുന്നത്. സുധാകരന്റെ മൗനസമ്മതത്തോടെയാണ് ഈ കൊലപാതകമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top