26 April Friday

ക്രമക്കേടുകൾക്കെതിരെ കർക്കശ നിലപാട്‌: മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 31, 2022

കാക്കനാട്‌ > കരുവന്നൂർ ബാങ്കിലെ  ക്രമക്കേടുകൾക്കെതിരെ സർക്കാർനിലപാട് ശക്തവും കൃത്യവുമാണെന്ന്‌ സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞു. പരാതിക്കാരായ സഹകാരികൾക്ക് 38.75 കോടി രൂപ മടക്കിനൽകി. കൺസോർഷ്യത്തിലൂടെ ഇനിയും നൽകും. ക്രമക്കേട്‌ കണ്ടെത്തിയതിനുപിന്നാലെ ബാങ്ക്‌ ഭരണസമിതി പിരിച്ചുവിട്ടു. കുറ്റക്കാർക്കെതിരെ ക്രിമിനൽ കേസ്‌ എടുത്തു. ജീവനക്കാരെ സസ്‌പെൻഡ്‌ ചെയ്‌തു. കുറ്റക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നടപടി പുരോഗമിക്കുകയാണ്‌. ഒരു നിക്ഷേപകനും പണം ലഭിക്കാതിരിക്കില്ല.

ഒരു ക്രമക്കേടിനെ സാമാന്യവൽക്കരിക്കരുത്‌. സാധാരണക്കാർ വായ്പയ്ക്കായി ആദ്യം ഓടിയെത്തുന്നത് സഹകരണസ്ഥാപനങ്ങളിലാണ്. അതിനാൽ തിരിച്ചടവിൽ സാവകാശം പ്രഖ്യാപിച്ചു. അഞ്ചുസെന്റിൽ താഴെയുള്ള ഭൂമി ജപ്‌തി ചെയ്യുമ്പോൾ സ്ഥാപനങ്ങൾ പകരം താമസസൗകര്യം ഒരുക്കണം. സഹകരണമേഖലയുടെ ജനാധിപത്യ ഉള്ളടക്കം വിശാലമാണ്.

സഹകാരികൾക്ക് അറിയാനുള്ള അവകാശം മുൻനിർത്തി സി- ഡിറ്റിന്റെ സഹകരണത്തോടെ വെബ്സൈറ്റ് ആരംഭിക്കും. മുഴുവൻ വിവരങ്ങളും സൈറ്റിൽ ലഭ്യമാക്കും. ഓഡിറ്റ് സംവിധാനത്തിൽ മാറ്റംവരും. സമഗ്ര നിയമഭേദഗതിക്ക്‌ അടുത്ത നിയമസഭാസമ്മേളനത്തിൽ ബിൽ കൊണ്ടുവരും. സഹകരണപ്രസ്ഥാനത്തെ ആര് വിചാരിച്ചാലും തകർക്കാൻ കഴിയില്ലെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.

ഒന്നിച്ചുനിന്ന്‌ ചെറുക്കും

സംസ്ഥാനത്തെ സഹകരണമേഖലയും പ്രൈമറി സംഘങ്ങളും വളർച്ചയിലേക്ക്‌ കുതിക്കുകയാണ്‌. അതിനെ അപവാദപ്പെടുത്താനാണ്‌ കേന്ദ്ര സർക്കാരും യുഡിഎഫും ശ്രമിക്കുന്നത്‌. ഇത്‌ സഹകാരികൾ ഒന്നിച്ചുനിന്ന്‌ ചെറുക്കും. സഹകരണനിയമങ്ങൾ അഴിച്ചുപണിഞ്ഞ്‌ സഹകരണ സംഘങ്ങളെ കൈപ്പിടിയിൽ ഒതുക്കാനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്‌.

കോലിയക്കോട്‌ എൻ കൃഷ്‌ണൻനായർ, (സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ)

കുപ്രചരണം സഹകരണ മേഖലയെ തകർക്കും

സഹകരണ മേഖലക്കെതിരായുള്ള കുപ്രചരണം ആ മേഖലയെ തകർക്കാനേ വഴിയൊരുക്കൂ. നടക്കാൻ പാടില്ലാത്തതാണ്‌ കരുവന്നൂർ ബാങ്കിലുണ്ടായത്‌. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്നാണ്‌ മനസിലാക്കുന്നത്‌. വിഷയങ്ങൾ ഊതി വീർപ്പിക്കുന്നതിനുപകരം സമചിത്തതയോടെ കൈകാര്യം ചെയ്യണം. കേരളത്തിൽ സഹകരണ മേഖല വളരെ ശക്തമാണ്‌.  സംസ്ഥാനത്ത്‌ നിക്ഷേപം തിരിച്ചുകൊടുക്കാൻ പറ്റാത്ത 164 സംഘങ്ങളുണ്ടെന്നാണ്‌ പറയുന്നത്‌. ഇതിൽ 132ഉം വെൽഫെയർ, റെസിഡെന്റ്‌സ്‌ അസോസിയേഷൻ ലേബർ സംഘങ്ങളാണ്‌.

ഇവയൊന്നും ജനങ്ങളിൽനിന്ന്‌ വ്യാപക നിക്ഷേപം സ്വീകരിച്ച്‌ നടത്തുന്ന വലിയ ബാങ്കുകളല്ല. സംസ്ഥാനത്ത്‌ പന്ത്രണ്ടായിരത്തിലേറെ സംഘങ്ങളുണ്ട്‌. ഇവർ വിചാരിച്ചാൽ ഇവിടങ്ങളിലെ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളു. കരുവന്നൂരിൽ 102 കോടി രൂപയാണ്‌ നിക്ഷേപകർക്ക്‌ കൊടുക്കാനുള്ളത്‌. 302 കോടി രൂപ  തിരിച്ചുകിട്ടാനുണ്ട്‌. തൃശൂരിലെ സഹകരണ ബാങ്കുകളും നല്ല സംഘങ്ങളും ചേർന്ന്‌ അഞ്ചുവർഷത്തേക്ക്‌ കടം നൽകിയാൽ ഈ ബാങ്കിനെ രക്ഷിച്ചെടുക്കാം.

സി എൻ വിജയകൃഷ്‌ണൻ (സഹകരണ ഫെഡറേഷൻ 
ചെയർമാൻ)

ഒറ്റപ്പട്ട സംഭവങ്ങൾ പെരുപ്പിച്ച്‌ കാട്ടരുത്‌:

ഗ്രാമീണ സമ്പദ്‌ഘടനയുടെ നട്ടെല്ലായ സഹകരണ മേഖല തകർന്നാൽ വട്ടിപ്പലിശക്കാരും ബ്ലേഡ്‌ മാഫിയയും സ്വകാര്യ ബാങ്കുകളും ജനങ്ങളെ കൊള്ളയടിക്കും.കർഷകർക്ക്‌ ഏതു സമയത്തും വായ്‌പ നൽകാനും അവരെ സാമ്പത്തികമായി കൈപിടിച്ചുയർത്താനും സഹകരണമേഖല നൽകുന്ന പിന്തുണ വലുതാണ്‌. ദേശസാൽക്കൃത ബാങ്കുകൾ കർഷകർക്ക്‌ വായ്‌പ നൽകാൻ വിമുഖത കാട്ടുമ്പോൾ സഹായവുമായി എത്തുന്നത്‌ സഹകരണ മേഖലയാണ്‌. ഒറ്റപ്പെട്ട ചില സംഭവങ്ങളെ പെരുപ്പിച്ചു കാണിച്ച്‌ മൊത്തം സഹകരണപ്രസ്ഥാനവും തകർച്ചയിലാണെന്ന്‌  ആക്ഷേപിക്കരുത്‌. അഴിമതിയും തട്ടിപ്പും നടത്തുന്നവർക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണം. അതിൽ രാഷ്ട്രീയം കാണരുത്‌.

വിഎസ്‌ വിജയരാഘവൻ, (എരിമയൂർ സർവീസ്‌ സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌, മുൻ എംപി, ഡിസിസി പ്രസിഡന്റ്‌)

സഹകാരികൾ തിരിച്ചറിയണം

തിരുവനന്തപുരം > സഹകരണമേഖലയെ തകർക്കാനുള്ള ശ്രമം സഹകാരികൾ തിരിച്ചറിയണമെന്ന്‌ കേരള പ്രൈമറി കോ–-ഓപ്പറേറ്റീവ്‌ സൊസൈറ്റീസ്‌ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ വി ജോയി എംഎൽഎയും സെക്രട്ടറി പി പി ദാമോദരനും പ്രസ്‌താവനയിൽ പറഞ്ഞു. പ്രതിസന്ധിയുള്ള ബാങ്കുകളെ സഹായിക്കാൻ സഹകരണ വകുപ്പിന്റെ കീഴിലുള്ള റിസ്‌ക്‌ ഫണ്ട്‌ ആവശ്യമായ സഹായം നൽകാൻ തീരുമാനിച്ചിട്ടുണ്ട്‌.

164 സഹകരണ സംഘം നിക്ഷേപം മടക്കിക്കൊടുക്കാൻ ബുദ്ധിമുട്ടുന്നുവെന്ന പ്രചാരണം വാസ്‌തവവിരുദ്ധമാണ്‌. ചില സ്ഥാപനങ്ങളിലെ തെറ്റായ പ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്‌.  കേന്ദ്ര സർക്കാരിന്റെ പുതിയ സഹകരണ നിയമനിർമാണം വഴി കേരളത്തിലെ സഹകരണമേഖല തകർക്കാൻ ശ്രമിക്കുന്നതിനിടയിലാണ്‌ വ്യാജ പ്രചാരണം നടക്കുന്നതെന്നും ഇരുവരും പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top