26 April Friday

സർവകലാശാലകൾക്കെതിരെ കുപ്രചാരണം ; റാങ്കിങ്ങിൽ തിരിച്ചടി , നേട്ടം സ്വകാര്യ മേഖലയ്ക്ക്‌

ദിനേശ്‌ വർമUpdated: Wednesday Feb 1, 2023

കേരള സർവകലാശാല


തിരുവനന്തപുരം
കേരളത്തിന്റെ അഭിമാന സ്തംഭങ്ങളായ സർവകലാശാലകൾക്കെതിരായ നിരന്തര കുപ്രചാരണങ്ങളും വ്യാജ വാർത്തകളും റാങ്കിങ്ങിനെ ദോഷകരമായി ബാധിക്കുന്നു. നാക്‌, എൻഐആർഎഫ്‌ റാങ്കിങ്ങുകളിൽ സർവകലാശാലകളെക്കുറിച്ചുള്ള അഭിപ്രായങ്ങളും ചർച്ചകളും സർവേകളും ഘടകമാകുന്നുണ്ട്‌. സർവകലാശാലകളെ  ഇകഴ്‌ത്തി കാണിക്കാനുള്ള ഗൂഢാലോചനകളും നാളുകളായി നടക്കുന്നു. ഇതിനു പിന്നിലുള്ള വൻലോബി സ്വകാര്യ സർവകലാശാലകളെയാണ്‌ സഹായിക്കുന്നത്‌.

കേരള സർവകലാശാല 2022 ൽ എ പ്ലസ്‌പ്ലസ്‌ നേടിയപ്പോഴും ‘പിയേഴ്‌സ്‌ പെർസെപ്ഷൻ ’ റാങ്കിങ്ങിൽ 20 ൽ 1.54 മാർക്കാണ്‌ ലഭിച്ചത്‌. സർവകലാശാലയെക്കുറിച്ച്‌ വിവിധ തട്ടിലുള്ളവരുടെ അഭിപ്രായം നേരിട്ടല്ലാതെ ശേഖരിച്ചാണ്‌ ഈ മാർക്ക്‌ നിശ്ചയിക്കുന്നത്‌. ഇത്തരക്കാരെ കൂടുതലും സ്വാധീനിക്കുന്നത്‌ വാർത്തകളാണ്‌. അതേസമയം, അമിറ്റി, ജെയിൻ തുടങ്ങി സ്വകാര്യ സർവകലാശാലകൾക്ക്‌ ഈ വിഭാഗത്തിൽ മുഴുവൻ മാർക്കുമുണ്ട്‌.

കേരളത്തിലെ സർവകലാശാലകൾക്ക്‌ ‘ നാക്‌ ’ റാങ്കിങ്ങിൽ ശരാശരി മാർക്ക്‌  നാലിൽ 3.5 ( എ ഡബിൾ പ്ലസ്‌ ) ആണ്‌. അഞ്ച്‌ വർഷം മുമ്പ്‌ ഇത്‌ 2.75 ( ബി ). എൻഐആർഎഫ്‌ നൂറിനുള്ളിൽ മൂന്ന്‌ സ്ഥാപനം മാത്രമായിരുന്നത്‌ ഇപ്പോൾ  80 എണ്ണമായി. മൈസൂർ, ബംഗളൂരു പോലുള്ള സർവകലാശാലകളെ മറികടന്നാണിത്‌.

പല വിവാദങ്ങളിലും കഴമ്പില്ലെന്ന്‌ പിന്നീട്‌ കണ്ടെത്തുകയാണ്‌ പതിവെങ്കിലും അതിനകം സർവകലാശാലയ്ക്കുള്ള ഇടിവ്‌ സംഭവിച്ചു കഴിഞ്ഞിരിക്കും. ഏതെങ്കിലും പ്രബന്ധത്തിലെ പിഴവിന്റെ പേരിൽ സർവകലാശാലയാകെ കുഴപ്പമാണെന്ന പ്രചാരണമാണ്‌ ദേശീയ മാധ്യമങ്ങളിലടക്കം നടക്കുന്നത്‌. കേരള സർവകലാശാല പ്രതിവർഷം  പ്രസിദ്ധീകരിക്കുന്ന 525 പ്രബന്ധവും അബദ്ധമാണെന്ന പ്രചാരണം അതീവ ഗുരുതരമായ സ്ഥിതിവിശേഷമുണ്ടാക്കും.

‘ താതവാക്യം ’ എന്ന കവിതയിലെ വൃത്തം തെറ്റായി വ്യാഖ്യാനിച്ചതിനെ തുടർന്ന്‌  ബാലചന്ദ്രൻ ചുള്ളിക്കാട്‌ ഈ കവിത പഠിപ്പിക്കേണ്ട എന്ന്‌ ആവശ്യപ്പെട്ടത്‌ വിവാദമാക്കിയിരുന്നു. കെ ടി ജലീലിന്റെ പ്രബന്ധവും അനാവശ്യ വിവാദത്തിൽപ്പെടുത്തി. ജെഎൻയുവിനെ തകർക്കാർ സംഘപരിവാർ നടത്തുന്ന പ്രചാരണത്തിന്‌ സമാനമാണ്‌ ഇവിടെയും നടക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top