11 May Saturday

ബിജെപി സ്ഥാനാർഥിക്ക്‌ വോട്ടുചോദിക്കാൻ കോൺഗ്രസ്‌ കൗൺസിലറും; കോൺഗ്രസ്സ് - ബിജെപി രഹസ്യബന്ധമെന്ന്‌ ആരോപണം

വെബ് ഡെസ്‌ക്‌Updated: Monday Apr 8, 2019

തൃശ്ശൂർ > തൃശൂർ ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി സുരേഷ്‌ ഗോപിക്കൊപ്പം വോട്ട്‌ ചോദിക്കാൻ കോൺഗ്രസ്‌ കൗൺസിലറും. ജില്ലയിലെ ഗുരുവായൂർ മുനിസിപ്പാലിറ്റിയിലുൾപ്പെടുന്ന പുതുശ്ശേരിപ്പാടം വാർഡിൽ (വാർഡ് 21) നിന്നും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച മുനിസിപ്പൽ കൗൺസിലർ പി എസ് രാജനാണ്‌ തൃശൂർ ലോകസഭാ മണ്ഡലം ബിജെപി സ്ഥാനാർത്ഥിയോടൊപ്പം വിരുന്നു സൽക്കാരത്തിലും, വോട്ട്‌ അഭ്യർത്ഥനയിലും പങ്കെടുത്തത്‌. രാജൻ ബിജെപിക്കായി വോട്ട്‌ അഭ്യർത്ഥിക്കുന്നതിന്റെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്‌.

യുഡിഎഫ് കൗൺസിലർ ബിജെപി സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ പരസ്യമായി രംഗത്ത് വന്നത്‌ കോൺഗ്രസ്സ് - ബിജെപി രഹസ്യബന്ധത്തിന്റെ തെളിവാണെന്ന്‌ ആരോപണമുണ്ട്‌.



ഗുരുവായൂർ മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പി എസ് രാജന് ബിജെപിയുമായി രഹസ്യബന്ധം ഉണ്ടായിരുന്നതായി വ്യാപകമായി ആരോപണമുയർന്നിരുന്നു. കോൺഗ്രസ്സിനകത്തെ പടലപ്പിണക്കങ്ങൾക്കിടയിലും ഇടതുപക്ഷ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താനാവശ്യമായ വോട്ടുകൾ സമാഹരിക്കാനായത് പി എസ് രാജന്റെ ബിജെപി ബന്ധം കൊണ്ട് കൂടിയാണെന്ന ആരോപണങ്ങളെ ശരിവയ്ക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം മണലൂർ മണ്ഡലത്തിൽ പ്രചരണത്തിനെത്തിയ ബി ജെ പി സ്ഥാനാർത്ഥിയ്ക്ക് പാലുവായ് കോതകുളങ്ങര ഭഗവതി ക്ഷേത്രത്തിന് സമീപത്തുള്ള ബിജെപി കുടുംബത്തിൽ ഒരുക്കിയ വിരുന്ന് സൽക്കാരത്തിൽ പി എസ് രാജൻ സജീവ സാന്നിധ്യമായിരുന്നു.

തൃശൂർ ജില്ലയിൽ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ പേരിൽ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെ കോൺഗ്രസുകാർ തന്നെ വെട്ടിക്കൊന്നത് പുതുശ്ശേരിപ്പാടം വാർഡിലുൾപ്പെടുന്ന കോതകുളങ്ങര ഭഗവതി ക്ഷേത്രമുറ്റത്തിട്ടായിരുന്നു. ശ്രീവത്സനെ വെട്ടിനുറുക്കിയ കോൺഗ്രസ് ക്രിമിനലുകൾ നേതൃത്വം നൽകുന്ന പക്ഷവും ബി ജെ പിയുമായി അടുത്ത ബന്ധം പുലർത്തുന്ന മറുപക്ഷവും തമ്മിലുള്ള ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായി ഈ പ്രദേശത്ത് രാഷ്ട്രീയ സംഘർഷങ്ങൾ പതിവാണ്.

ഗുരുവായൂർ അർബൻ ബാങ്കിലെ അഴിമതിക്കെതിരെ പ്രതിഷേധിച്ച ഗുരുവായൂർ നഗരസഭ കൗൺസിലറെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ നിർദ്ദേശം കൊടുത്ത ഡിസിസി പ്രസിഡന്റ്‌ ബിജെപി സ്ഥാനാർത്ഥിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്ത വാർഡ് കൗൺസിലറോട് വിശദീകരണം പോലും ചോദിക്കാൻ തയ്യാറാവാത്തത് ബിജെപി വോട്ടുകളിൽ കണ്ണ് വെച്ചാണെന്നാണ് വ്യക്തമായിരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top