26 April Friday

ആദിവാസി ഭൂമി തട്ടിയെത്ത് കുടില്‍ കത്തിച്ചെന്ന പരാതി; എച്ച് ആര്‍ ഡി എസിനെതിരെ നിയമ നടപടി

വെബ് ഡെസ്‌ക്‌Updated: Monday Jun 13, 2022

photo credit: hrds india facebook page

പാലക്കാട്> സംഘപരിവാര്‍ സംഘടനയായ ഹൈറേഞ്ച് റൂറല്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി ഓഫ് ഇന്ത്യ (എച്ച് ആര്‍ ഡി എസ്) സന്നദ്ധ പ്രവര്‍ത്തനങ്ങളുടെ മറവില്‍  ആദിവാസികളുടെ പട്ടയ ഭൂമി കൈയ്യേറി കുടിലുകള്‍ തീവെച്ച് നശിപ്പിച്ചതായ പരാതിയില്‍ അന്വേഷണം. ആദിവാസി ഭൂമി തട്ടിയെടുത്തതില്‍ നിയമ സാധുത പരിശോധിച്ച് കേസെടുക്കാനും പരാതി അന്വേഷിച്ച് 3 മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സംസ്ഥാന എസ് സി/ എസ് ടി കമ്മീഷന്‍ ഒറ്റപ്പാലം സബ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. അട്ടപ്പാടിയിലെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും യോജിക്കാത്ത വാസയോഗ്യമല്ലാത്ത വീടുകള്‍ നിര്‍മ്മിക്കാന്‍ എച്ച് ആര്‍ ഡി എസിന് അനുവാദം നല്‍കരുതെന്നും കമ്മീഷന്‍ ജില്ലാ കളക്ടറോട് നിര്‍ദേശിച്ചു.
 
അട്ടപ്പാടി ആദിവാസി ആക്ഷന്‍ കൗണ്‍സിലാണ് എച്ച് ആര്‍ ഡി എസിന്റെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കിയത്. കൗണ്‍സില്‍ ചെയര്‍മാന്‍ സുരേഷ് പി വി നല്‍കിയ പരാതി പ്രകാരം കാലാകാലങ്ങളായി ആദിവാസികള്‍ വസിച്ചു വന്നിരുന്ന ഏകദേശം 45 ഏക്കറോളം പട്ടയ ഭൂമി എച്ച് ആര്‍ ഡി എസ് ഇന്ത്യ കൈയ്യേറി ആദിവാസി കുടിലുകള്‍ തീവെച്ച് നശിപ്പിച്ചതായി പറയുന്നു. മാത്രമല്ല വ്യാജ രേഖ ചമച്ച് ഈ ഭൂമി പട്ടിക വര്‍ഗക്കാരല്ലാത്തവര്‍ക്ക് അളന്നു കൊടുത്തു എന്നും  പരാതിയില്‍ പറയുന്നുണ്ട്.

 അന്യാധീനപ്പെട്ട ഭൂമി തിരികെ ആദിവാസികള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഭൂമി അപഹരിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെടുന്നു. എസ് സി / എസ് ടി കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ നടത്തിയ ഹിയറിങ്ങില്‍, തര്‍ക്കപ്രദേശത്ത് എച്ച് ആര്‍ ഡി എസ് നടത്തുന്ന ഭൂമി, വികസന പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് പട്ടിക വര്‍ഗക്കാരായ തദ്ദേശിയരും എച്ച് ആര്‍ ഡി എസും തമ്മില്‍ തര്‍ക്കവും ഷോളയാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമുള്ളതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂമിയുമായി ബന്ധപ്പെട്ട് ആദിവാസികളില്‍ ഉയര്‍ന്നു വന്ന സംശയവും തര്‍ക്കവും ദൂരീകരിക്കുന്നതിന് വിദ്യദിരാജ വിദ്യാസമാജം ട്രസ്റ്റിന്റെ കൈവശമുള്ള ഭൂമി ആരുടേതാണെന്ന് പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഈ ഭൂമിയില്‍ കുറേ ഭാഗം ആദിവാസികളുടെ പൂര്‍വ്വിക സ്വത്താണെന്ന അവകാശവാദം വസ്തുതാ പരമായി പരിശോധിക്കാന്‍ റവന്യു/ സര്‍വ്വേ/ പട്ടിക വര്‍ഗ വികസന വകുപ്പ് / പൊലീസ്  /  അട്ടപ്പാടി ഭൂരേഖ തഹസില്‍ദാര്‍ എന്നിവരുടെ സംയുക്ത സംഘത്തെ നിയോഗിക്കാനും എസ് സി / എസ് ടി കമ്മീഷന്‍ ഉത്തരവിട്ടു.
 
എച്ച് ആര്‍ ഡി എസ് ഷോളയൂര്‍ പഞ്ചായത്തില്‍ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലെ ദുരൂഹതയും നിയമ വിരുദ്ധ നടപടികളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി വുമണ്‍സ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് അമിണി കെ വയനാടും അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ എച്ച് ആര്‍ ഡി എസിന്റെ പൂര്‍വ്വകാല പ്രവര്‍ത്തനങ്ങളും ഭൂമി ഇടപാടുകളു ഉള്‍പ്പെടെ സമഗ്ര അന്വേഷണത്തിന് വിധേയമാക്കണമെന്നും ഉചിതമായ നിയമ നടപടികള്‍ സ്വീകരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രമേയവും പാസാക്കി.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top