03 May Friday
വാളയാറിൽ പാസില്ലാതെ വന്നവരെ കടത്തിവിട്ടു

തിക്കില്ല, തിരക്കില്ല; ശുഭയാത്ര ; ഞായറാഴ്‍ച ഉച്ചവരെ 1,249 പേർ വാളയാർവഴി കേരളത്തിൽ‌

വെബ് ഡെസ്‌ക്‌Updated: Monday May 11, 2020

പാലക്കാട്
തിക്കും തിരക്കുമില്ല. സംസ്ഥാനത്തിന്റെ പാസുമായി എത്തുന്നവർ സുഗമമായാണ്‌ വാളയാർ വഴി സംസ്ഥാനത്തേക്ക്‌ കടന്നത്‌. പതിവ് പോലെ ആളുകൾ എത്തിയെങ്കിലും ഞായറാഴ്‍ച അതിർത്തിയിൽ തിരക്ക് അനുഭവപ്പെട്ടില്ല. തമിഴ്‌നാട്‌ അതിർത്തി കടന്ന്‌ മലബാർ സിമന്റ്‌സിന് പരിസരത്ത് എത്തുന്നവർക്ക്‌ പരിശോധനയടക്കം പൂർത്തിയാക്കി 20 മിനിറ്റിൽ സംസ്ഥാനത്തേക്ക്‌ പ്രവേശിക്കാം. നിലവിൽ 16 കൗണ്ടർ‌  സജ്ജമാണ്‌‌. ഇതിൽ മൂന്നെണ്ണം കേരളം വിട്ട്‌ പോകുന്നവർക്കാണ്‌. തിരക്ക്  കൂടിയാല്‍  കൂടുതൽ കൗണ്ടർ തുറക്കാൻ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.

ഞായറാഴ്‍ച ഉച്ചവരെ 1,249പേരാണ് അതിർത്തി ക‌ടന്നത്. 733 പുരുഷൻമാരും 343 സ്‍ത്രീകളും 173 കുട്ടികളും വാളയാർ വഴി സംസ്ഥാനത്തെത്തി. 329 വാഹനങ്ങളും അതിർത്തി കടന്നെത്തിയെന്ന് സ്‍പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‍പി ആർ മനോജ്കുമാർ പറഞ്ഞു.

വാളയാർ എത്തുന്നവർക്ക്‌ ആദ്യം പൊലീസ് പരിശോധനയാണ്‌. പാസ് ഉണ്ടെന്ന് ഉറപ്പായാൽ സ്വന്തം വാഹനത്തിൽ എത്തുന്നവർക്ക് ഒന്നര കിലോമീറ്റർ അകലെയുള്ള പരിശോധന കേന്ദ്രത്തിലേക്ക് നീങ്ങാം. അല്ലാത്തവരെ കെഎസ്ആർ‌ടിസിയിലും പൊലീസ് ബസിലും എത്തിക്കും. ശരീര ഉഷ്‍മാവ് പരിശോധിച്ച ശേഷം പാസ് കോവിഡ് –-19 ജാ​ഗ്രത വെബ്‍സൈറ്റുമായി ഒത്തുനോക്കും. തുടർന്ന്‌, യാത്രയുടെയും വാഹനത്തിന്റെയും വിശദാംശം ജാ​ഗ്രത സൈറ്റിൽ രേഖപ്പെടുത്തും. ‌

10- മിനിറ്റിനകം വാണിജ്യനികുതി കെട്ടിടത്തിൽ ഒരുക്കിയ  പ്രത്യേക കൗണ്ടറിൽ നടപടിക്രമം പൂർത്തിയാകും. തുടർന്ന് ഇവർ സഞ്ചരിക്കുന്ന വാഹനം പൊലീസ് പരിശോധിക്കും. റെഡ്സോണിൽ നിന്നുള്ള വാഹനത്തിൽ ചുവപ്പും മറ്റിടങ്ങളിൽനിന്നുള്ളതിന്‌ പച്ചയും സ്റ്റിക്കര്‍  പതിക്കും.

നാട്ടിലെത്തിയതില്‍ സന്തോഷം
സി ആർ സുനിൽകുമാർ , പുളിയനം, അങ്കമാലി, എറണാകുളം

ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ആന്ധ്രപ്രദേശിലെ അനന്തപുരത്തെ‌ ജോലി സ്ഥലത്ത് കുടുങ്ങി. അവിടെ  സിമന്റ് കമ്പനിയിലാണ് ജോലി. രോ​ഗം പടർന്നതോടെ ജോലിയും കുറഞ്ഞു. കേരളത്തിലേക്ക് എത്താൻ വഴി തുറന്നതോടെ സര്‍ക്കാര്‍ സൈറ്റില്‍ രജിസ്‍റ്റർ ചെയ്‍തു. പാസ് ലഭിച്ചപ്പോള്‍  ടാക്‍സിയിൽ തിരിച്ചു. വളരെ പെട്ടന്ന് നടപടി പൂർത്തിയാക്കി നാട്ടിലേക്ക് തിരിക്കാന്‍  കഴിഞ്ഞതിൽ സന്തോഷം.
 

വാളയാറിൽ പാസില്ലാതെ വന്നവരെ കടത്തിവിട്ടു
പാസില്ലാതെ വാളയാര്‍  അതിർത്തിയിൽ എത്തിയവരെ പാസ് നല്‍കി സംസ്ഥാനത്തേക്ക് കടത്തി വിട്ടു. ശനിയാഴ്‍ച കോയമ്പത്തൂർ കാളിയപറമ്പിലെ ഔട്ട് ബോണ്ട് പരിശീലന കേന്ദ്രത്തിലേക്കു മാറ്റിയ 137പേരെയും ഞായറാഴ്‍ച രാവിലെ അതിർത്തിയിലെത്തിയ 50പേരെയുമാണ് സംസ്ഥാനത്തേക്ക് കടത്തി വിട്ടത്.   തിങ്കളാഴ്‍ച മുതൽ പാസില്ലാതെ എത്തുന്നവരെ   അതിർത്തി കടത്തില്ലെന്ന്  കലക്‍ടർ ഡി ബാലമുരളി അറിയിച്ചു. സംസ്ഥാനത്തേക്ക് വന്നവര്‍  അതതുജില്ലകളിൽ നിരീക്ഷണത്തിൽ കഴിയണം. റെഡ് സോൺ മേഖലകളിൽനിന്ന് വരുന്നവർ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലും മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവർ വീടുകളിലും നിരീക്ഷണത്തിൽ കഴിയണം.

‌തിങ്കളാഴ്‍ച മുതൽ കേരളത്തിന്റെ പാസില്ലാതെ ആരെയും വാളയാറിലേക്ക് കടത്തില്ലെന്ന് തമിഴ്‍നാടും  അറിയിച്ചു. ഇരുസംസ്ഥാനങ്ങളിലെയും പൊലീസ് മേധാവികൾ നടത്തിയ ചർച്ചയിലാണ്  തീരുമാനമായത്.   സര്‍ക്കാര്‍ നിർദേശങ്ങൾ അവ​ഗണിച്ച്  പാസില്ലാതെ എത്തിയാൽ അവരെ നിരീക്ഷണ ക്യാമ്പുകളിലേക്കും മാറ്റില്ല.   വന്ന വാഹനത്തിൽ തന്നെ തിരിച്ചയക്കാനാണ് പൊലീസിന്റെ തീരുമാനം. ഇത്തരക്കാർക്ക് താമസ സൗകര്യമൊരുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് തമിഴ്നാട്  സർക്കാര്‍.  അതിർത്തിയിൽ കുടങ്ങിയവർക്ക് ഭക്ഷണവും വെള്ളവും നൽകാൻ പോയ പാലക്കാട്ടേ സന്നദ്ധ സംഘടനാ പ്രതിനിധികളെ  പോലും തമിഴ്‍നാട് തടഞ്ഞു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top