26 April Friday

ഓപ്പറേഷന്‍ കമല : തുഷാറിന്റെ സഹായിയെ പിടിക്കാൻ തെലങ്കാന പൊലീസ്‌ കൊച്ചിയിൽ ; കൊച്ചിയിലെ വൻകിട സ്വകാര്യ ആശുപത്രിയിലെ 
 ഉന്നതൻ ഒളിവിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 14, 2022


കൊച്ചി
തെലങ്കാന സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ആസൂത്രണം ചെയ്‌ത ‘ഓപ്പറേഷൻ കമല'യിലെ പ്രധാനിയെ അറസ്‌റ്റ്‌ ചെയ്യാൻ തെലങ്കാന പൊലീസ് സംഘം കൊച്ചിയിൽ. നഗരത്തിനടുത്തുള്ള വൻകിട സ്വകാര്യ ആശുപത്രിയിലെ അഡ്‌മിനിസ്‌ട്രേഷൻ ചീഫ്‌ കൂടിയായ ഡോക്ടറെ അന്വേഷിച്ചാണ്‌ സംഘം എത്തിയത്‌. ശനി രാത്രിമുതൽ തെലങ്കാന മൊയ്‌നാബാദ്‌ എസ്‌പിയും മലയാളിയുമായ രമ രാജേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘം അപ്രതീക്ഷിത പരിശോധന ആരംഭിച്ചിരുന്നു. ഡോക്ടറുടെ ലാപ്ടോപ്പും നാല് മൊബൈൽ ഫോണും കണ്ടെടുത്തു. ഒളിവിലുള്ള ഇയാളെ അറസ്‌റ്റ്‌ ചെയ്യാൻ സംഘം നഗരത്തിൽ തങ്ങുകയാണ്‌.

സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിക്കുവേണ്ടി ഇടപെട്ടത്‌ ബിഡിജെഎസ് നേതാവും എൻഡിഎ കേരള കൺവീനറുമായ തുഷാർ വെള്ളാപ്പള്ളിയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവു ആരോപിച്ചിരുന്നു. അട്ടിമറിശ്രമം ആസൂത്രണം ചെയ്യാൻ കൊച്ചിയിലെ പ്രധാനആശുപത്രിയിലെ പ്രമുഖന്റെ സഹായം തുഷാറിന്‌ ലഭിച്ചെന്ന വിവരത്തെ തുടർന്നാണ്‌ തെലങ്കാന പൊലീസ് എത്തിയത്‌. എംഎൽഎമാരുമായി തുഷാർ വെള്ളാപ്പള്ളി ഫോണിൽ സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) പുറത്തുവിട്ടിരുന്നു. തെക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ബിജെപി ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറി ബി എൽ സന്തോഷുമായി സംസാരിക്കാൻ അവസരമൊരുക്കാമെന്ന് എംഎൽഎമാർക്ക് തുഷാർ വാഗ്ദാനം ചെയ്യുന്നുണ്ട്‌. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നോമിനിയായി തുഷാറാണ് 100 കോടിവീതം വാഗ്ദാനം ചെയ്ത് എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് ചന്ദ്രശേഖരറാവു വാർത്താസമ്മേളനംവിളിച്ച് പറഞ്ഞിരുന്നു. എംഎൽഎമാരെ സ്വാധീനിക്കാൻ പണവുമായി എത്തിയ മൂന്ന് ഏജന്റുമാരെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top