27 April Saturday

പഞ്ചറടയ്‌ക്കാൻ ചെല്ലാത്തതിന്‌ തൃശ്ശൂരിൽ കടയുടമയെ വെടിവച്ചു; മൂന്നുപേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 19, 2020

തൃശൂർ > ടയർ പഞ്ചറടയ്‌ക്കാൻ വിളിച്ചപ്പോൾ ചെല്ലാത്തതിന്‌ കടയുടമയെ ക്രിമിനൽ സംഘം  വെടിവച്ചു. മൂന്നുപേർ അറസ്‌റ്റിൽ. കൂർക്കഞ്ചേരി കിണർ സ്‌റ്റോപ്പിനടുത്ത്‌ ടയർ പഞ്ചർ കട നടത്തുന്ന  പാലക്കാട് കിഴക്കുഞ്ചേരി മണികണ്‌‌ഠനെയാണ്‌ (28)  വെടിവച്ചത്‌. തുടയിൽ വെടിയുണ്ട തറച്ച ഇയാൾ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.

സംഭവത്തിൽ കണ്ണംകുളങ്ങര വേലംപറമ്പിൽ ഷെഫീക്ക്‌ ( 28),  വലിയാലുക്കൽ മേനോത്തുപറമ്പിൽ സാജൻ (26),  ചിയ്യാരം ആക്കാട്‌ ഡിറ്റ്‌ബാബു (26) എന്നിവരെയാണ്‌ ഈസ്‌റ്റ്‌ പൊലീസ്‌ പിടികൂടിയത്‌.  തോക്കും കസ്‌റ്റഡിയിലെടുത്തു.

ഞായറാഴ്‌ച  രാത്രി ഏഴിനാണ്‌ സംഭവം.  കടയിലെത്തിയ ഷെഫീക്കും സംഘവും  മണികണ്‌ഠനെ പുറത്തേക്ക്‌ വിളിച്ചു.   പഞ്ചറടയ്‌ക്കാൻ വിളിച്ചിട്ട്‌ വാരൻ പറ്റില്ലല്ലേ എന്ന്‌ പറഞ്ഞ്‌ അസഭ്യം പറഞ്ഞു. തുടർന്ന്‌   ഷർട്ടിനുള്ളിൽ  ഒളിപപിച്ചിരുന്ന തോക്കെടുത്ത്‌   മുഖത്തടിക്കുകയും‌ വെടിവയ്‌ക്കുകയായിരുന്നു.

മണികണ്‌ഠൻ ഒഴിഞ്ഞുമാറിയതിനാൽ ‌  തുടയിലാണ്‌ വെടിയേറ്റത്‌.  ഇനി കട നടത്തിയാൽ കത്തിച്ചു കളയുമെന്നും ഭീഷണിപ്പെടുത്തിയാണ്‌ സംഘം സ്ഥലം വിട്ടത്‌. പൊലീസ്‌ ഉടൻ അന്വേഷണം വ്യാപിപ്പിച്ചതോടെ പ്രതികളെ പിടികൂടുകയായിരുന്നു. ഇവരെ ചൊദ്യം ചെയ്‌തു വരികയാണെന്ന്‌ പൊലീസ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top