27 April Saturday

സിഐടിയു പ്രവര്‍ത്തകനെ എസ്‌ഡിപിഐ സംഘം വെട്ടിക്കൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

തൃശ്ശൂര്‍ > എസ്ഡിപിഐ ക്രിമിനല്‍ സംഘം മത്സ്യ വില്പനക്കിടെ  തൊഴിലാളിയെ വെട്ടിക്കൊന്നു. സിഐടിയു തൊഴിലാളിയായ കുന്നംത്തുംകര കരിപ്പാംകുളം വീട്ടില്‍ ഷമീര്‍ (30 ) ആണ് മരിച്ചത്. വെള്ളിയാഴ്ച പകല്‍ മൂന്നരയോടെ പറവട്ടാനി ചുങ്കത്ത് വച്ച് പെട്ടി ഓട്ടോയില്‍ മീനുമായി പോകുന്നതിനിടെ വണ്ടി തടഞ്ഞുനിര്‍ത്തി സംഘം ആക്രമിക്കുകയായിരുന്നു. മാരകായുധങ്ങളുമായി എത്തിയ സംഘം സംഘം ഷമീറിനെ വെട്ടി വീഴ്‌ത്തിയ ശേഷം വാഹനവും തകര്‍ത്തു. കഴുത്തിലും തോളിലും ഉള്‍പ്പെടെ ശരീരമാസകലം നിരവധി വെട്ടേറ്റിട്ടുണ്ട്. എസ്ഡിപിഐ പ്രവര്‍ത്തകനായ ഷിഹാബ്, സൈനുദ്ദീന്‍, നവാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഷമീര്‍ തല്‍ക്ഷണം മരിച്ചു. പൊലീസെത്തി മൃതദേഹം തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ എത്തിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നവാസും ഷമീറും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടാവുകയും നവാസ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പരാതിയില്‍ കഴമ്പില്ലാത്തതിനാല്‍ പൊലീസ് തള്ളിയിരുന്നു. പിന്നീട് പലതവണ ഷമീറിനെതിരെ ഫോണില്‍ വധഭീഷണി മുഴക്കിയതായി സഹോദരന്‍ ബഷീര്‍ പറയുന്നു. തുടര്‍ന്നാണ് ആസൂത്രിത കൊലപാതകം.

ഷമീര്‍ തൃശ്ശൂര്‍ കിഴക്കെ ലൈനില്‍ ജില്ല ആശുപത്രിക്ക് സമീപം  ബസ് പോട്ടേഴ്‌സ്  യൂണിയന്‍ സിഐടിയു അംഗമാണ്. പണി കുറവായതിനാലാണ് മീന്‍ വില്‍പനയും ആരംഭിച്ചത്. പരേതനായ ഹനീഫയാണ് ഷമീറിന്റെ ബാപ്പ. ഉമ്മ റഹ്മത്ത്. ഭാര്യ ഹസീന. മക്കള്‍ അന്‍ഷാദ്. അന്‍ഷിദ. സഹോദരന്‍ ബഷീര്‍ സിപിഐഎം തിരുവാണിക്കാവ് ബ്രാഞ്ച് അംഗമാണ്. സഹോദരി ഷമീറ.
എസിപി കെ സി സേതുവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്തീന് എംഎല്‍എ. എം കെ കണ്ണന്‍ . ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ്. സി ഐ ടി യു ജില്ലാ സെക്രട്ടറി യു പി ജോസഫ്,  ജില്ലാ പ്രസിഡന്റ് കെ കെ രാമചന്ദ്രന്‍ എം എല്‍ എ, ഏരിയാ സെക്രട്ടറി എം അവറാച്ചന്‍ ആശുപത്രിയിലെത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top