27 April Saturday
വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്ക് പരിവർത്തനം ഉണ്ടാകണം

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ വിദേശ വിദഗ്ധരെ ഉൾപ്പെടുത്തി പഠനം നടത്തും: തോമസ് ഐസക്

വെബ് ഡെസ്‌ക്‌Updated: Sunday Jan 17, 2021

കൊച്ചി > നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻവിദേശ വിദഗ്ധരെ ഉൾപ്പെടുത്തി പഠനം നടത്തുമെന്ന് മന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻവിദേശ വിദഗദ്ധരെ ഉൾപ്പെടുത്തി പഠനം നടത്തണമെന്നായിരുന്നു തോമസ് ഐസക്കിനോട് കൊച്ചി മേയർ അഡ്വ: എം അനിൽ കുമാറിന്റെ അഭ്യർത്ഥന. എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച ധനമന്ത്രി  കൊച്ചിക്കൊപ്പം പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാനപരമായ പരിവർത്തന ഘട്ടത്തിലേക്ക് ചുവട് വെക്കുന്ന കേരളത്തിൽ കൊച്ചി നഗരം പ്രധാന പങ്ക് വഹിക്കുമെന്നും വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്ക്  പരിവർത്തനം ഉണ്ടാകണം എന്നും മന്ത്രി പറഞ്ഞു.

വാട്ടർ മെട്രോ പ്രൊജക്ട് യാഥാർത്ഥ്യമാകുന്നതോടെ  ഗതാഗത കുരുക്കിന്  പരിഹാരമാകുമെന്നും മൊബിലിറ്റി ഹബ്ബിൻ്റെ പ്രവർത്തനം വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാർ പദ്ധതികളിലൂടെ നടപ്പിലാക്കാൻ കഴിയുന്ന സംയോജിത  പ്രോജക്റ്റുകൾ നഗരസഭകളിൽ ആവിഷ്ക്കരിക്കണം. പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കണമെന്നും കൊച്ചി കോർപ്പറേഷൻ കൗൺസിലർമാരുമായുള്ള സംവാദത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.

സുസ്ഥിര നിലനിൽപ്പിന് സാമ്പത്തിക മേഖലയിൽ പൊളിച്ചെഴുത്ത് അത്യന്താപേക്ഷിതമാണ്. നിലവിലെ സാഹചര്യത്തിൽ നിന്നും വിജ്ഞാനാധിഷ്ഠിത സമൂഹത്തിലേക്ക്  പരിവർത്തനം ഉണ്ടാകണം. നൂതന പരിവർത്തനത്തിന് ആഗോള സാമ്പത്തിക പരിതസ്ഥിതി മാറിയിരിക്കുകയാണ്. അതിനാൽ ഉന്നത വിദ്യാഭ്യാസ മേഖലയിലും പുനർരൂപീകരണം ആവശ്യമാണ്.  മൈക്രോ പ്ലാനിങ്ങിലൂടെ ഉപജീവന തൊഴിലുകൾ നൽകുകയും ദാരിദ്ര്യ നിർമ്മാർജനം സാധ്യമാകുകയും ചെയ്യും. അഭ്യസ്ത വിദ്യർക്ക് തൊഴിൽ, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയൽഎന്നിവ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയുടെ വികസനത്തിനായി നിർദേശങ്ങൾ എം.എൽ.എമാരും വ്യവസായികളും കൗൺസിലർമാരും സമർപിച്ച്  ധനമന്ത്രിക്ക് മുന്നിലെത്തി. കൊച്ചിക്ക് ഹരിത പ്രോട്ടോക്കോൾ വേണമെന്നും ലഹരി മാഫിയക്ക് തടയിടണം എന്നും പി ടി തോമസ് എംഎൽഎ ആവശ്യപ്പെട്ടു. കടമ്പ്രയാറിൽ രാസമാലിന്യം അടിയുന്നതും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വ്യവസായ തലസ്ഥാനമായ കൊച്ചിയിൽ സമയബന്ധിതമായി വികസന പ്രവർത്തങ്ങൾ പൂർത്തീകരിക്കണമെന്നു കെ ജെ മാക്സി എം എൽ എ പറഞ്ഞു . ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സിസ്റ്റം നിലവിൽ വന്നാൽ ഏറ്റവും നല്ല മൊബിലിറ്റി ഹബ്ബായി കൊച്ചി നഗരം മാറുമെന്ന് കെ എം ആർ എൽ എം ഡി അൽകേഷ് കുമാർ ശർമ്മ പറഞ്ഞു.

കെ.പി.എം.ജി ഇൻഫ്രാസ്ട്രക്ചർ ചെയർമാൻ ഏലിയാസ് ജോർജ് പൊതുഗതാഗതത്തിലേക്ക് സകലരും മാറേണ്ട സാഹചര്യവും അതിന്റെ തടസവും വിശദീകരിച്ചു. ടൂറിസം മേഖലയിലയിൽ  ഭൂമിശാസ്ത്രം  അടിസ്ഥാനമാക്കിയുള്ള ആഗോള പ്രചാരണം നടത്തുന്നത് ടൂറിസം മേഖലയിലെ വളർച്ചക്ക്  വഴി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. പൈതൃക സംരക്ഷണം നടത്തികൊണ്ട് ഫ്ലാറ്റ്ഷിപ്പ് പ്രോജെക്റ്റുകൾ കൂടുതൽ ആകർഷണം ആക്കി മാറ്റണമെന്ന് ബാബു രാജീവ് ഐ എ എസ് പറഞ്ഞു . നഗര കൃഷി വ്യാപിപ്പിക്കണമെന്നും കണ്ടൽ വളരുകയും കായൽ നികന്നു പോകുന്നതിനെക്കുറിച്ചു പഠനം നടത്തണമെന്നും തേവര എസ് എച് കോളേജ് പ്രിൻസിപ്പാൾ റവ. ഫാ . പ്രശാന്ത് പറഞ്ഞു.  ബിൽഡ് ടു ലാസ്റ്റ് എന്ന ആശയം മുൻനിർത്തി വേണം വികസന പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന് വ്യവസായി നവാസ് മീരാൻ പറഞ്ഞു . 100  ദിവസത്തേക്ക് ആക്ഷൻ പ്ലാൻ തയാറാക്കി അവലോകനം ചെയ്ത് പ്രവർത്തിച്ചാൽ വികസനം വേഗത്തിലാക്കാമെന്നു ടി സി സി മാനേജർ ഹരികുമാർ അഭിപ്രായപ്പെട്ടു.

എല്ലാകാലത്തും കൊച്ചിക്ക് വേണ്ട പരിഗണന ബജറ്റിൽ ഉണ്ടായിട്ടുണ്ടെന്നും അത് ഏറ്റെടുത്ത് നടപ്പാക്കേണ്ട തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തത്തിന് സർക്കാരിന്റെ കൈത്താങ്ങ് ഉണ്ടാകുമെന്നും ധനമന്ത്രി പ്രതികരിച്ചു. കൊച്ചിയിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം  നൽകുന്ന ജില്ലാ കളക്ടർ എസ്. സുഹാസിനെ മന്ത്രി അഭിനന്ദിച്ചു . വിവിധ കനാലുകളുടെ നവീകരണത്തിന് ഇറിഗേഷൻ വകുപ്പ് ,  ജലസേചന വകുപ്പ് മന്ത്രി എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അവലോകന യോഗം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.  ചടങ്ങിൽ ടി ജെ വിനോദ് എം എൽ എ പരിപാടിയിൽ അധ്യക്ഷത വഹിച്ചു . ജില്ലാ കളക്ടർ എസ് സുഹാസ്, ജി സി ഡി എ ചെയർമാൻ വി സലിം , ഡി സി പി ഐശ്വര്യ ഡോങ്‌രെ, കൊച്ചിൻ സ്മാർട്ട് മിഷൻ സി ഇ ഒ ജാഫർ മാലിക് ,   കൊച്ചിയിലെ വ്യാസവസായ പ്രതിനിധികൾ , ഡെപ്യൂട്ടി മേയർ കെ എ അൻസിയ , കൗൺസിലർമാർ , കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥർ  തുടങ്ങിയവർ സംബന്ധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top