26 April Friday

കെഎസ്‌ആർടിസി സിറ്റി സർക്കുലർ: ‘കട്ടപ്പുറത്തിരിക്കില്ല കലക്കനായി കറങ്ങും’

സ്വന്തം ലേഖികUpdated: Sunday Dec 5, 2021

സിറ്റി സർക്കുലർ സർവീസിൽ മണിയൻ പിള്ള രാജുവും വ്യവസായ പ്രമുഖരും നടത്തിയ യാത്ര മ്യൂസിയത്തിൽനിന്നും ആരംഭിച്ചപ്പോൾ

തിരുവനന്തപുരം > ‘ബസുകൾ ഇനി കട്ടപ്പുറത്തിരിക്കാതെ കറങ്ങിക്കൊണ്ടിരിക്കും. കെഎസ്‌ആർടിസി വികസനത്തിന്റെ പാതയിലാണ്‌. നഗരത്തിന്‌ ഇത്തരം സർവീസ് അത്യാവശ്യമാണ്‌. ഇത്‌ നമ്മുടെ മെട്രോ സർവീസാണ്‌ ’-  കെഎസ്‌ആർടിസി സിറ്റി സർക്കുലറിൽ യാത്ര ചെയ്യാനായതിന്റെ സന്തോഷം നടൻ മണിയൻപിള്ള രാജു മറച്ചുവച്ചില്ല.  സിറ്റി സർക്കുലറിന്റെ പ്രചാരണാർഥം തിരുവനന്തപുരം ചേമ്പർ ഓഫ്‌ കൊമേഴ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക യാത്രയിലാണ്‌ അദ്ദേഹം ഭാഗമായത്‌.
 
 മ്യൂസിയം പരിസരത്തുനിന്ന്‌ ആരംഭിച്ച സർക്കുലറിൽ കനകക്കുന്നിന്‌ മുന്നിൽനിന്നാണ്‌ മണിയൻപിള്ള രാജുവും കെഎസ്‌ആർടിസി സിഎംഡി ബിജു പ്രഭാകറും ഉൾപ്പെടുന്ന സംഘം കയറിയത്‌. റെഡ്‌ സർക്കിളിൽ 50 രൂപയുടെ ​ഗുഡ് ഡേ ടിക്കറ്റ് എടുത്തായിരുന്നു യാത്ര. കവടിയാർ, നന്ദൻകോട്‌ വഴി മ്യൂസിയത്തിൽ തന്നെ സർവീസ്‌ അവസാനിച്ചു. സിറ്റി സർക്കുലർ സർവീസ്‌ ന​ഗരത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന്‌ സിഎംഡി  ബിജുപ്രഭാകർ പറഞ്ഞു. 
 
ന​ഗരത്തിലെത്തുന്ന ഏവർക്കും സീസൺ ടിക്കറ്റും  പ്രതിമാസ ടിക്കറ്റും ഉപയോ​ഗിച്ച്  യാത്ര ചെയ്യാവുന്ന പദ്ധതി നടപ്പാക്കും. തിങ്കളാഴ്‌ച മുതൽ ജനുവരി 15വരെ 10 രൂപയായിരിക്കും ടിക്കറ്റ്‌ നിരക്കെന്നും അദ്ദേഹം പറഞ്ഞു. ചേമ്പർ ഓഫ് കോമേഴ്സ് ചെയർമാൻ എസ് എൻ രഘുചന്ദ്രൻ നായർ, സെക്രട്ടറി എബ്രഹാം തോമസ്,  ഇ എം നജീബ്,  ആർക്കിടെക് എൻ മഹേഷ്, ടിഎടിഎഫ് സെക്രട്ടറി കെ ശ്രീകാന്ത്, ബേബി മാത്യു മുളമൂട്ടിൽ ഫിനാൻസ്, മുത്തൂറ്റ് ജോണി, ഗതാഗത അഡീഷണൽ ചീഫ് സെക്രട്ടറി ഫിനാൻസ് ആർ കെ സിങ്‌, ​ പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ എന്നിവരും ബസിലുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top