27 April Saturday

ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ ടി വി പത്മനാഭന്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 5, 2021

കൊച്ചി > പ്രമുഖ പത്രപ്രവര്‍ത്തകനും ദേശാഭിമാനി മുന്‍ സീനിയര്‍ ന്യൂസ് എഡിറ്ററുമായ ടി വി പത്മനാഭന്‍ (83) അന്തരിച്ചു.  എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകീട്ട് എട്ടുമണിക്കായിരുന്നു അന്ത്യം. സംസ്‌കാരം ബുധനാഴ്‌ച പകല്‍ രണ്ടിന്.  

എറണാകുളം വൈറ്റില കാച്ചപ്പള്ളി റോഡില്‍  മേപ്പിള്ളില്‍ വീട്ടിലായിരുന്നു താമസം.  36 വര്‍ഷത്തെ സേവനത്തിനുശേഷമാണ്  ദേശാഭിമാനിയില്‍ നിന്നു വിരമിച്ചത്.

കമ്യൂണിറ്റ് പ്രസ്ഥാനം ഏറെ ശക്തമായിരുന്ന തൃപ്പൂണിത്തുറയ്‌ക്കടുത്ത് എരൂരില്‍ വേലായുധന്റെയും കാര്‍ത്യായനിയുടെയും മകനായി ജനിച്ച പത്മനാഭന്‍ കുട്ടിക്കാലം മുതല്‍ക്കെ കമ്യൂണിറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നു. കെ എന്‍ രവീന്ദ്രനാഥ്, സി കെ ചന്ദ്രപ്പന്‍ തുടങ്ങിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങില്‍ സജീവ പങ്കുവഹിച്ചിരുന്നു.

1958ല്‍ എറണാകുളത്ത് നടന്ന എഐടിയുസി അഖിലേന്ത്യ സമ്മേളനത്തില്‍ പ്രതിനിധിയായ പത്മനാഭന് കമ്യൂണിസ്റ്റ് പാര്‍ടിയുടെ അഖിലേന്ത്യ നേതാക്കളുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചു. 1959ല്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി.

എറണാകുളത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'കേരളാ പ്രകാശം' ദിനപത്രമാണ്  പത്മനാഭന് പത്രപ്രവര്‍ത്തനത്തിന് കളരിയായത്. അന്ന് കേരള പ്രകാശത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കെ എം റോയിയുമായുള്ള വ്യക്തിബന്ധമാണ് പത്മനാഭനെ ആ പത്രവുമായി ബന്ധെപ്പെടുത്തിയത്. കെഎസ്‌പി നേതാവായിരുന്ന മത്തായി മാഞ്ഞൂരാനായിരുന്നു ഈ പത്രത്തിന്റെ ഉടമസ്ഥന്‍. കെഎസ്‌പി പ്രവര്‍ത്തനം മതിയാക്കി മാഞ്ഞൂരാന്‍ മുംബൈലായിരുന്ന കാലത്താണ് പത്മനാഭന്‍ പത്രത്തില്‍ ചേര്‍ന്ന് വേതനം പറ്റാതെ പ്രവര്‍ത്തിച്ച് തുടങ്ങിയത്. ഇക്കാലത്ത്‌ എ എം ആര്‍ മസാനിയും മറ്റും നേതൃത്വം നല്‍കിയിരുന്ന ഫോറം ഫോര്‍ ഫ്രീ എന്റര്‍പ്രൈസസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്ന പത്രത്തിന്റെ നയം മാറ്റുന്നതില്‍ പത്മനാഭന്‍ മുഖ്യ പങ്കുവഹിച്ചു.
പിന്നീട്  പത്രത്തെ സിപിഐ എം അനുകൂല പത്രമാക്കി മാറ്റാനൂം പത്മനാഭന് കഴിഞ്ഞു.

പാര്‍ടിയിലെ പിളര്‍പ്പിന്റെ കാലത്ത് സിപിഐ എം ജിഹ്വയായി 'കേരള പ്രകാശ'ത്തെ തൃശ്ശൂരില്‍നിന്നും പ്രസിദ്ധീകരിച്ചിരുന്ന നവജീവനും മറ്റും ചിത്രീകരിച്ചിരുന്നു. ഇതിനിടെ മുംബൈയില്‍നിന്ന് മത്തായി മാഞ്ഞൂരാന്‍ തിരിച്ചെത്തി. പത്രത്തിന്റെ ഉള്ളടക്കത്തിലെ മാറ്റം സിപിഐ എമ്മുമായി അദ്ദേഹത്തെ അടുപ്പിക്കാനും ഇടയാക്കി.

1966ല്‍ ടി കെ രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ്‌ ടി വി  പത്മനാഭന്‍ ദേശാഭിമാനിയില്‍ ചേര്‍ന്നത്. കോഴിക്കോട്ട് പി ഗോവിന്ദപ്പിള്ളയുടെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങിയിരുന്ന 'ദേശാഭിമാനി'യില്‍ മുന്‍കാല പത്രപ്രവര്‍ത്തന പരിചയമുണ്ടായിരുന്നത് പത്മനാഭന് മാത്രമായിരുന്നു.

1968ല്‍ കൊച്ചിയില്‍ 'ദേശാഭിമാനി ' എഡിഷന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം കൊച്ചിയിലേക്ക് വന്നു. പിന്നീട് ന്യൂസ് എഡിറ്ററായി ചുമതലയേറ്റ പത്മനാഭന്‍ ദേശാഭിമാനിയെ ഒരു സമ്പൂര്‍ണ പത്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അല്‍പ്പകാലം കോഴിക്കോട്ടും ന്യൂസ് എഡിറ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ എഡിഷന്‍ ആരംഭിച്ചപ്പോള്‍ അതിന്റെ ന്യൂസ് എഡിറ്ററായിരുന്നു.  സിപിഐ എം ദേശാഭിമാനി ലോക്കല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവും പത്മനാഭന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

സുഭാഷിണിയാണ് ഭാര്യ. മക്കള്‍: ടി പി ജിനീവ്    (ദേശാഭിമാനി ഡിടിപി ഓപറേറ്റര്‍) ടി വി പ്രദീപ് (ഇന്‍സ്പെക്ടര്‍, എന്‍സിആര്‍ബി, ഡല്‍ഹി) സോണിയ. മരുമക്കള്‍: രേഷ്മ, ഡിംപിള്‍ ( ടീച്ചര്‍, തൃപ്പൂണിത്തുറ ഗേള്‍സ് ഹൈസ്‌കൂള്‍), കെ ബി ഉദയഭാനു (വാണിജ്യകാര്യലേഖകന്‍).

പ്രതിബദ്ധതയുള്ള പത്രപ്രവർത്തകൻ: കെ ജെ തോമസ്
ദേശാഭിമാനി മുൻ സീനിയർ ന്യൂസ്‌ എഡിറ്റർ ആയിരുന്ന ടി വി പത്മനാഭന്റെ വേർപാടിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് അനുശോചിച്ചു. പത്രപ്രവർത്തനത്തിൽ എപ്പോഴും  പ്രതിബദ്ധതയും അർപ്പണ മനോഭാവവും പുലർത്തിയിട്ടുള്ള വ്യക്തിത്വത്തിനുടമയായിരുന്നു. ഇന്നത്തെ സാമ്പത്തിക സാഹചര്യം ഇല്ലാതിരുന്ന കാലത്ത് കണ്ടറിഞ്ഞ് പ്രവർത്തിച്ചു.

ഒരു ഉത്തമ കമ്യൂണിസ്റ്റ് പത്രപ്രവർത്തകനായിരുന്ന പത്മനാഭൻ സഹപ്രവർത്തകരോടും ഏറെ സ്നേഹവും അടുപ്പവും പുലർത്തി. സഖാവിന്റെ പ്രവർത്തനം പുതിയ തലമുറയിലെ പത്രപ്രവർത്തകർക്ക് പാഠമാണെന്നും കെ ജെ തോമസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top