27 April Saturday

പന്ത്രണ്ട്‌ ലക്ഷം കിറ്റുകൾകൂടി വിതരണത്തിന്‌ തയ്യാർ; വ്യാജവാർത്തകൾക്ക്‌ സപ്ലൈകോയുടെ മറുപടി

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021

കൊച്ചി > സംസ്ഥാനത്ത്‌ വിഷുകിറ്റ്‌ വിതരണം നിലച്ചതായും, കിറ്റുകൾക്ക്‌ ക്ഷാമം ഉണ്ടെന്നുമുള്ള മാധ്യമവാർത്തകൾ വസ്‌തുതകൾക്ക്‌ നിരക്കാത്തതാണെന്ന്‌ വ്യക്തമാക്കി സപ്ലൈകോ. ജീവനക്കാർ നടത്തുന്ന ഭഗീരഥ പ്രയത്‌നത്തെ വിലയിടിച്ച്‌ കാണിക്കുന്നതാണ്‌ മാധ്യമങ്ങൾ നൽകുന്ന വ്യാജവാർത്തകളെന്നും സപ്ലൈകോ പത്രക്കുറിപ്പിൽ പറഞ്ഞു. രണ്ടാഴ്‌ചക്കുള്ളിൽ ഏപ്രിൽ മാസത്തെ കിറ്റ്‌ വിതരണം പൂർത്തിയാക്കാനുളള തയ്യാറെടുപ്പുകളും സപ്ലൈകോ നടത്തിയിട്ടുണ്ട്‌.

മാർച്ച്‌ മാസത്തേതിൽ ഇനി ആവശ്യമുള്ള കിറ്റുകൾ തയ്യാറാക്കി സീൽ ചെയ്‌തുകഴിഞ്ഞു. ഏപ്രിൽ മാസത്തേക്ക്‌ ഇതുവരെ വിതരണം ചെയ്‌ത 16 ലക്ഷം കൂടാതെ 12 ലക്ഷം കിറ്റുകൾകൂടി റേഷൻ കടകളിലേക്ക്‌ നൽകാൻ തയ്യാറാക്കി.

മാർച്ച്‌ മാസ കിറ്റുകളുടെ തയ്യാറാക്കൽ 08/03 നും, കാർഡുടമകൾക്കുള്ള വിതരണം 12/03 നും ആരംഭിച്ചിട്ടുള്ളതാണ്‌. ഏപ്രിൽ മാസ കിറ്റുകളും മാർച്ച്‌ 24 ന്‌ തന്നെ തയ്യാറാക്കിത്തുടങ്ങി. 30 മുതൽ വിതരണം ആരംഭിച്ചിട്ടുമുണ്ട്‌. ഇതുവരെ 75 ലക്ഷം കാർഡുടമകൾ മാർച്ച്‌ മാസത്തെ കിറ്റ്‌ കൈപ്പറ്റിക്കഴിഞ്ഞു. 16 ലക്ഷം കാർഡുടമകൾ ഏപ്രിൽ മാസ കിറ്റും കൈപ്പറ്റി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഉദ്യോഗസ്ഥരുടെ കുറവും, പാക്കിങ്ങിനായി പ്രവർത്തിച്ചിരുന്ന സ്‌കൂൾ കെട്ടിടങ്ങൾ ഒഴിയേണ്ടിവന്നതും കണക്കിലെടുക്കുമ്പോൾ ഇത്രയും കിറ്റുകൾ ജനങ്ങളിലേക്ക്‌ എത്തിക്കാൻ സാധിച്ചുവെന്നത്‌ ചെറിയകാര്യമല്ല.

എല്ലാ ദിവസവും 4 ലക്ഷം കിറ്റ് വീതം പാക്ക് ചെയ്യുന്നുണ്ട്. റേഷൻ കടകളിൽ എല്ലാം സാധനങ്ങൾ സ്റ്റോക്ക് ഉണ്ട്. ആളുകൾ വന്ന് വാങ്ങുന്നത് അനുസരിച്ച് എത്തിച്ച് കൊടുക്കുന്നുണ്ടെന്നും സപ്ലൈകോ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top