27 April Saturday
വേർപാടിന്‌ ഇന്ന്‌ 10 വർഷം

ഇനിയും കേൾക്കാം ആ ഇടിമുഴക്കം ; അഴീക്കോടിന്‌ സ്‌മാരകം ഉടൻ

സി എ പ്രേമചന്ദ്രൻUpdated: Monday Jan 24, 2022

നവീകരിക്കുന്ന സുകുമാർ അഴീക്കോട്‌ സ്മാരകം മാതൃക



തൃശൂർ
മലയാളിയുടെ സാംസ്‌കാരികബോധത്തിന്റെ കാവലാളായിരുന്ന ഡോ. സുകുമാർ അഴീക്കോടിന്റെ വേർപാടിന്‌ തിങ്കളാഴ്‌ച 10 വർഷം. എഴുത്തും പ്രഭാഷണവും നിലപാടുകളുംകൊണ്ട്‌ കേരളത്തിന്റെ ചിന്തയെ ത്രസിപ്പിച്ച ആ മഹാപ്രതിഭയുടെ സ്‌മാരകത്തിന്റെ നവീകരണവും ഈ വർഷം പൂർത്തിയാകും.

ചാട്ടുളികണക്കെ തുളച്ചുകയറുന്ന, അരുവിപോലെ ഒഴുകുന്ന ആ വാഗ്‌ധോരണി വീണ്ടും കേൾക്കാം.  ഭാരതീയ ദർശനങ്ങളുടെ ആഴങ്ങൾ തേടുന്ന കൃതികൾ വീണ്ടും വായിച്ചെടുക്കാം.  എരവിമംഗലത്ത്‌   മണലിപ്പുഴയോരത്ത്‌ സർക്കാർ സ്‌മാരകമായി പ്രഖ്യാപിച്ച  അഴീക്കോടിന്റെ ഇരുനിലവീടാണ്‌ നവീകരിക്കുന്നത്‌.  കെട്ടിടം മോടിപിടിപ്പിച്ച്‌ അഴീക്കോടിന്റെ ശിൽപ്പം സ്ഥാപിക്കും.

ആയിരക്കണക്കിന് പുസ്തകങ്ങള്‍ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറിയും വായനാമുറിയും ഒരുക്കും.  അഴീക്കോടിന്റെ പ്രഭാഷണങ്ങളുടെ വീഡിയോ കാണാനും  കേൾക്കാനും സംവിധാനമൊരുക്കും. ജീവചരിത്രം വ്യക്തമാക്കുന്ന കിയോസ്‌കുകൾ സ്ഥാപിക്കും. പുഴയുടെ മനോഹര കാഴ്‌ചകൾ കാണാനാവും വിധം ഉദ്യാനവും  ഒരുക്കും.

സാംസ്‌കാരിക വകുപ്പിന്‌ കീഴിൽ സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിലാണ്‌ നവീകരണം. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌  50 ലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്‌. കൂടുതൽ സംഖ്യ ആവശ്യമെങ്കിൽ അനുവദിക്കുമെന്ന്‌ റവന്യുമന്ത്രി കെ രാജൻ പറഞ്ഞു.  തൃശൂർ ജില്ലാ ലേബർ കോൺട്രാക്ട്‌ സഹകരണസംഘത്തിനാണ്‌ നിർമാണച്ചുമതല. ഒന്നാംഘട്ട ഫണ്ടും അനുവദിച്ചു. ഉടൻ നിർമാണം  ആരംഭിക്കും. 2021 ഫെബ്രുവരി 15ന്‌ അന്നത്തെ സാംസ്‌കാരിക മന്ത്രി എ കെ ബാലൻ സ്‌മാരകത്തിന്റെ നവീകരണോദ്‌ഘാടനം  നിർവഹിച്ചിരുന്നു.

2012 ജനുവരി 24ന്‌ പുലര്‍ച്ചെയായിരുന്നു  അഴീക്കോട്‌ വിടവാങ്ങിയത്‌. ജന്മം  കണ്ണൂരിലാണെങ്കിലും അവസാനത്തെ കാൽനൂറ്റാണ്ട്‌  തൃശൂരിലായിരുന്നു.  സാഹിത്യം, സംസ്കാരം, രാഷ്ട്രീയം, വിദ്യാഭ്യാസം തുടങ്ങി സർവമേഖലകളിലും നിറഞ്ഞുനിന്നു. എത്ര ഉന്നതനായാലും  തെറ്റുകൾ കണ്ടാൽ  തുറന്നുപറഞ്ഞ്‌ വിട്ടുവീഴ്ചയില്ലാത്ത വിമര്‍ശമെന്ന സാംസ്‌കാരിക ദൗത്യവും നിർവഹിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top