26 April Friday

സോളാർ അഴിമതി; ഉമ്മൻചാണ്ടി അന്വേഷണം നേരിടുന്നത്‌ ജുഡീഷ്യൽ കമീഷന്റെ കണ്ടെത്തലിൽ

സ്വന്തം ലേഖകൻUpdated: Monday Nov 30, 2020

തിരുവനന്തപുരം > സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രിമാർ, എംഎൽഎമാർ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്‌ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ട്‌ പ്രകാരം. കേസിൽ ഇരയായ സ്‌ത്രീയുടെ പരാതിയിലും അന്വേഷണമുണ്ട്‌. അതിനാൽ പുതിയ വെളിപ്പെടുത്തൽ അന്വേഷണത്തെ ബാധിക്കില്ല. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിതന്നെ നിയമിച്ച ജസ്‌റ്റിസ്‌ ജി ശിവരാജൻ കമീഷനാണ്‌ ഉമ്മൻചാണ്ടി ഗുരുതരമായ കുറ്റം ചെയ്‌തതായി കണ്ടെത്തിയത്‌. അതിനാൽ കോൺഗ്രസുകാരനായ ശരണ്യ മനോജിന്റെ വെളിപ്പെടുത്തൽ അന്വേഷണത്തെ ബാധിക്കില്ല.

2013 ഒക്‌ടോബർ 23നാണ്‌ സോളാർ തട്ടിപ്പ് കേസ് അന്വേഷിക്കാൻ ജസ്റ്റിസ് ശിവരാജനെ അന്വേഷണ കമീഷനായി നിയോഗിച്ചത്. നാലുവർഷത്തെ തെളിവെടുപ്പിൽ 214 സാക്ഷികളെ വിസ്‌തരിക്കുകയും 812 രേഖ പരിശോധിക്കുകയും ചെയ്‌തു. ഉമ്മൻചാണ്ടിയിൽനിന്ന്‌ മണിക്കൂറുകൾ മൊഴിയെടുത്തു. നാല് വോള്യത്തിലായി 1073 പേജുള്ള റിപ്പോർട്ട്‌ 2017 സെപ്‌തംബർ 26ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‌ സമർപ്പിച്ചു. ഇതിന്റെ ആക്‌ഷൻടേക്കൺ റിപ്പോർട്ട്‌ നിയമസഭയിലും വച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ ക്രൈംകേസും വിജിലൻസ്‌ കേസും രജിസ്‌റ്റർ ചെയ്യാൻ തീരുമാനിച്ചത്‌.

ഉമ്മൻചാണ്ടി നേരിട്ടും അല്ലാതെയും കൈക്കൂലി വാങ്ങിയതിന്റെ അടിസ്ഥാനത്തിൽ‌ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാൻ നിയമോപദേശം ലഭിച്ചു‌‌. ലൈംഗികമായി പീഡിപ്പിച്ചുവെന്നും പരാതിയുണ്ട്. ഈ പരാതിയിൽ ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച്‌  കേസെടുത്തു‌.

സോളാർ കമീഷൻ റിപ്പോർട്ടിൽ നിന്ന്‌

■ ഉമ്മൻചാണ്ടിയും പേഴ്സണൽ സ്റ്റാഫായ ടെന്നി ജോപ്പൻ, ജിക്കുമോൻ ജേക്കബ്, ഗൺമാൻ സലിംരാജ്, ഡൽഹിയിലെ സഹായി കുരുവിള എന്നിവർ മുഖ്യപ്രതിക്കൊപ്പം അവരുടെ ഉപഭോക്താക്കളെ വഞ്ചിക്കുന്നതിന്‌ കൂട്ടുനിന്നു
■ ആഭ്യന്തര–-വിജിലൻസ് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉമ്മൻചാണ്ടിയെ രക്ഷപ്പെടുത്താൻ പൊലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചു
■ ഊർജമന്ത്രിയായിരുന്ന­ ആര്യാടൻ മുഹമ്മദ്‌ നിയമവിരുദ്ധമായി മുഖ്യപ്രതിയെ സഹായിച്ചു
■ പ്രത്യേക അന്വേഷണ സംഘം ഉമ്മൻചാണ്ടിയെ ക്രിമിനൽ കുറ്റത്തിൽനിന്ന് രക്ഷപ്പെടുത്താൻ ശ്രമം നടത്തി. മന്ത്രിമാർ, ഉദ്യോഗസ്ഥർ, കേന്ദ്രമന്ത്രിമാർ, എംഎൽഎമാർ, സോളാർ കേസ്‌ അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കിനെ സംബന്ധിച്ച ഫോൺരേഖയും മറ്റ് രേഖകളും പരിശോധിച്ചില്ല
■ തമ്പാനൂർ രവി,  ബെന്നി ബഹന്നാൻ തുടങ്ങിയവർ ഉമ്മൻചാണ്ടിയെ രക്ഷപ്പെടുത്താൻ പ്രവർത്തിച്ചു.

സോളാറിൽ അന്വേഷണം വേണമെന്ന് മുല്ലപ്പള്ളി

കൊച്ചി > സോളാർ കേസിലെ പുതിയ വെളിപ്പെടുത്തലുകളിൽ പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും കേസിൽ ഉമ്മൻചാണ്ടിയെ വേട്ടയാടുകയായിരുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ  പ്രസ്‌ ക്ലബിന്റെ മീറ്റ്‌ ദ പ്രസ്‌ പരിപാടിയിൽ  പറഞ്ഞു.

സോളാർ കേസിൽ ശരണ്യ മനോജ്‌കുമാറിന്റെ വെളിപ്പെടുത്തലിൽ രണ്ട്‌ എംഎൽഎമാർക്കെതിരെയും അന്വേഷണം നടത്തണം. സംസ്ഥാന വിജിലൻസ്‌ അല്ലാതെ മറ്റൊരു ഏജൻസി അന്വേഷിക്കണം. വി കെ ഇബ്രാഹിംകുഞ്ഞു, എം സി ഖമറുദീനും അന്വേഷണം നേരിടുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍  കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണമെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. അഴിമതിക്കെതിരെയുള്ള കോൺഗ്രസ്‌ നിലപാടിൽ വെള്ളം ചേർക്കില്ല. അന്വേഷണം നടക്കട്ടെ.

ജമാഅത്തെ ഇസ്ലാമിയുമായി രാഷ്‌ട്രീയചർച്ചയോ നീക്കുപോക്കോ നടത്തില്ലെന്നാണ്‌ കോൺഗ്രസ്‌ നിലപാട്‌. പ്രാദേശിക നീക്കുപോക്കുകൾ നടക്കുന്നുണ്ടെങ്കിൽ അത്‌ ഘടകകക്ഷികളുടെ ആഭ്യന്തരകാര്യമാണ്‌. സ്വർണക്കടത്ത് കേസിൽ കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രതികരണങ്ങൾ ശരിയല്ല. അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ തുറന്നുപറയണമെന്നും മുല്ലപ്പള്ളി  പറഞ്ഞു.

വേണ്ടെന്ന്‌ ചെന്നിത്തല

കോഴിക്കോട്‌  > സോളാർ കേസിൽ പുതിയ അന്വേഷണം ആവശ്യമില്ലെന്ന്‌  പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല.  ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിന്റെ പശ്‌ചാത്തലത്തിൽ ഉമ്മൻചാണ്ടി കുറ്റക്കാരനല്ലെന്ന്‌ തെളിഞ്ഞു.  കൂടുതൽ‌ കാര്യങ്ങൾ പിറകെ പുറത്തുവരും. കെ റെയിൽ  പദ്ധതിയിൽനിന്ന്‌ സർക്കാർ പിന്തിരിയണമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top