27 April Saturday

സോളാർ ലൈംഗിക പീഡനക്കേസ്‌ : ഉമ്മൻചാണ്ടിയുടെ മുൻവസതിയിൽ സിബിഐ തെളിവെടുത്തു

സ്വന്തം ലേഖകൻUpdated: Tuesday May 3, 2022


തിരുവനന്തപുരം  
സോളാർ ലൈംഗിക പീഡനക്കേസിൽ പ്രതിയായ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ താമസിച്ച ഔദ്യോഗിക വസതിയായ ക്ലിഫ്‌ഹൗസിൽ അന്വേഷകസംഘം തെളിവെടുത്തു. പരാതിക്കാരിയുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്‌. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലും അന്വേഷക സംഘമെത്തി. എ പി അനിൽകുമാർ മന്ത്രിയായിരിക്കെ  ഇവിടെവച്ച്‌ പീഡിപ്പിച്ചെന്ന കേസിൽ ബുധനാഴ്‌ചയായിരുന്നു തെളിവെടുപ്പ്‌. 28ന്‌ എറണാകുളത്തെ സിബിഐ ഓഫീസിൽ പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു.

ചൊവ്വ രാവിലെ 9.30നാണ്‌ സിബിഐ സംഘം ക്ലിഫ്‌ ഹൗസിൽ എത്തിയത്‌. മുൻകൂട്ടി അനുമതി നേടിയിരുന്നു. തെളിവെടുപ്പ്‌ വൈകിട്ട്‌ നാലുവരെ നീണ്ടു. ക്ലിഫ്‌ ഹൗസിൽ നടന്ന സംഭവങ്ങൾ പരാതിക്കാരി വിശദീകരിച്ചു. അതിക്രമം നടന്ന വിധം, സ്ഥലം, സമയം  ഉൾപ്പെടെയുള്ള കാര്യംവിശദീകരിച്ചു. തെളിവെടുപ്പിന്‌ മുന്നോടിയായാണ്‌ കൊച്ചിയിലെ ലെ മെറിഡിയൻ ഹോട്ടലിൽ ബുധനാഴ്‌ച സിബിഐ സംഘമെത്തിയത്‌. സന്ദർശക രജിസ്‌റ്റർ ഉൾപ്പെടെയുള്ള  വിവരം ശേഖരിച്ചു. ജീവനക്കാരുടെ മൊഴിയുമെടുത്തു. നേരത്തേ ഹൈബി ഈഡൻ എംഎൽഎയായിരുന്നപ്പോൾ താമസിച്ചിരുന്ന ‘നിള ബ്ലോക്കിലെ  34–-ാം നമ്പർ മുറിയിലും തെളിവെടുത്തിരുന്നു. ഡൽഹി കേരള ഹൗസിൽ ജീവനക്കാരുടെ മൊഴിയുമെടുത്തിട്ടുണ്ട്‌.

2021 ജനുവരിയിലാണ്‌ സോളാർ ലൈംഗിക പീഡനക്കേസ്‌ സിബിഐക്ക്‌ വിട്ടത്‌. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എംപിമാരായ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, അടൂർ പ്രകാശ്‌, ഹൈബി ഈഡൻ, എ പി അനിൽകുമാർ എംഎൽഎ, ഉമ്മൻചാണ്ടിയുടെ സന്തത സഹചാരി തോമസ്‌ കുരുവിള, ബിജെപി നേതാവ്‌ എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരെയാണ്‌ കേസ്‌. ലൈംഗിക പീഡനം, സാമ്പത്തിക തട്ടിപ്പ്‌ തുടങ്ങിയ വകുപ്പ്‌ ചുമത്തി ആറ്‌ എഫ്‌ഐആറാണുള്ളത്‌. ലൈംഗികാതിക്രമം, വഞ്ചന, കുറ്റകൃത്യത്തിൽ പങ്കാളിയാകൽ എന്നിവയാണ്‌ ഉമ്മൻചാണ്ടിക്കും തോമസ്‌ കുരുവിളയ്‌ക്കുമെതിരെയുള്ള കുറ്റം. മറ്റുള്ളവർക്കെതിരെ സ്‌ത്രീത്വത്തെ അപമാനിച്ചതിനും ലൈംഗിക പീഡനത്തിനും കുറ്റം ചുമത്തി. അടൂർ പ്രകാശിനും അബ്ദുള്ളക്കുട്ടിക്കും ലൈംഗികച്ചുവയുള്ള സംഭാഷണവുമായി പിറകെ നടന്ന്‌ ശല്യം ചെയ്‌ത കുറ്റവുമുണ്ട്‌.  വധഭീഷണി മുഴക്കിയ കുറ്റവും അബ്ദുള്ളക്കുട്ടിക്കെതിരെയുണ്ട്‌. കേസിൽ പത്ത്‌ പേർക്കെതിരെകൂടി സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്ന്‌ പരാതിക്കാരി വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top