26 April Friday

ബിജെപിയില്‍ തമ്മിലടി ; പ്രചാരണത്തിന്‌ ശോഭ ഇല്ല

ഇ എസ്‌ സുഭാഷ്‌Updated: Sunday Nov 22, 2020


ബിജെപി തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളിൽ നിന്ന്‌ ശോഭ സുരേന്ദ്രനും  അനുയായികളും വിട്ടുനിൽക്കും. സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് നൽകിയ പരാതിയിൽ  നടപടിയാവും‌വരെ വിട്ടു നിൽക്കാനാണ്‌ തീരുമാനം.
ബിജെപി സ്ഥാനാർഥി സംഗമങ്ങളിലും  കൺവൻഷനുകളിലും ശോഭ സുരേന്ദ്രൻ പങ്കെടുത്തിട്ടില്ല.  പ്രശ്നം പരിഹരിക്കാൻ ആർഎസ്‌എസും കേന്ദ്ര നേതൃത്വവും നിർദേശം നൽകിയിട്ടും ഔദ്യോഗികപക്ഷം കേട്ട ഭാവമില്ല. ഈ സാഹചര്യത്തിലാണ്‌ പരിപാടികളിൽ പങ്കെടുക്കില്ലെന്ന്‌ ശോഭാ പക്ഷം കേന്ദ്രനേതൃത്വത്തെ അറിയിച്ചത്‌.

തെരഞ്ഞെടുപ്പ്‌ കൺവൻഷനുകൾ ബിജെപിയുടെ ഗ്രൂപ്പുയോഗങ്ങളായി മാറി. കേന്ദ്രമന്ത്രി വി മുരളീധരൻ ശനിയാഴ്‌ച തൃശൂരിൽ നിരവധി യോഗങ്ങളിൽ പങ്കെടുത്തെങ്കിലും കൃഷ്‌ണദാസ്‌പക്ഷക്കാരനായ ബി ഗോപാലകൃഷ്‌ണൻ മത്സരിക്കുന്ന ഡിവിഷനിൽ പങ്കെടുത്തില്ല.

കേരളത്തിന്റെ ചുമതലയുള്ള സി പി രാധാകൃഷ്‌ണൻ പങ്കെടുത്ത്‌ ഭാരവാഹിയോഗം ചേർന്നെങ്കിലും ബിജെപി  പ്രതിസന്ധി മൂർച്ഛിക്കുകയാണെന്നാണ്‌ ശോഭയുടെ നീക്കം തെളിയിക്കുന്നത്‌.കോർ കമ്മിറ്റി വിളിക്കുന്ന സംഘടനാ രീതി പോലും ഇത്തവണ അട്ടിമറിക്കപ്പെട്ടതായി  ശോഭ സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നു.  യോഗത്തിൽ വിഷയം ചർച്ചയായപ്പോൾ കോർ കമ്മിറ്റിയിൽ അന്തിമ തീരുമാനം കൈകൊള്ളാമെന്നാണ് സുരേന്ദ്രൻ പറഞ്ഞത്. 

ശോഭ സുരേന്ദ്രൻ പക്ഷം ബിജെപിക്ക് പുറത്തു പൊയ്‌ക്കോട്ടെയെന്ന നിലപാടാണ് മുരളീധര ഗ്രൂപ്പിന്റേത്‌. കേരളത്തിലെ സംഘടനാ പ്രശ്നങ്ങളെ കേന്ദ്ര നേതൃത്വം അതീവ ഗൗരവത്തോടെയാണ് കാണുന്നത്.  തെരഞ്ഞെടുപ്പ്‌ പ്രചാരണം ഉദ്‌ഘാടനം ചെയ്യണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം  അമിത്‌ഷാ നിരാകരിച്ചതായി പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top