26 April Friday
സിപിഐ എം മുൻ പ്രവർത്തകരെ ഉപയോഗിച്ച്‌ കള്ളപ്രചാരണം

ഷാജഹാൻ വധം; സിപിഐ എം ബന്ധം ആവർത്തിക്കാൻ പ്രതികൾക്ക്‌ ആർഎസ്‌എസ്‌ നിർദേശം ; ഒളിത്താവളമൊരുക്കിയത്‌ ആർഎസ്‌എസ്‌ നേതാവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 18, 2022

അറസ്‌റ്റിലായ ആർഎസ്‌എസ്‌ പ്രവർത്തകൻ അനീഷും സിദ്ധാർഥനും

പാലക്കാട്‌ > സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ അറസ്‌റ്റിലായവരുടെ ആർഎസ്‌എസ്‌ ബന്ധം മറനീക്കിയതോടെ പുകമറ സൃഷ്‌ടിച്ച്‌ തടിയൂരാൻ സംഘപരിവാർ നീക്കം. പ്രതികൾ സിപിഐ എം പ്രവർത്തകരാണെന്ന്‌ ആവർത്തിച്ച്‌ പറഞ്ഞ്‌ ചർച്ച വഴിതിരിച്ചുവിടാനാണ്‌ നീക്കം. സിപിഐ എം മുൻ പ്രവർത്തകരെ മുന്നിൽനിർത്തിയുള്ള കൊലപാതകം ഉന്നത ആർഎസ്‌എസ്‌ നേതൃതലത്തിന്റെ ഇടപെടലിലും ആസൂത്രണത്തിലുമാണ്‌. രാഷ്‌ട്രീയ എതിരാളിയെ വകവരുത്തുകയും കുറ്റം സിപിഐ എമ്മിനുമേൽ കെട്ടിവയ്‌ക്കുകയുമെന്ന നീചമായ നീക്കത്തിലാണ്‌ ആർഎസ്‌എസ്‌ - ബിജെപി സംഘടനകൾ.

ഏറെ നാളായി സിപിഐ എമ്മുമായി അകന്നു കഴിയുകയും ആർഎസ്‌എസ്‌ ശാഖയിലുൾപ്പെടെ പങ്കെടുക്കുകയും ചെയ്‌തവരും ഷാജഹാനെ കൊലപ്പെടുത്തിയവരിലുണ്ട്‌. എന്നാൽ, പ്രതികൾക്ക്‌ ആയുധം എത്തിച്ചതും കൃത്യത്തിനുശേഷം ഒളിവിൽ കഴിയാൻ സഹായിച്ചതും ആർഎസ്‌എസ്‌ നേതാക്കളാണ്‌. ഇക്കാര്യം പുറത്തുവന്നതോടെ പ്രതിരോധത്തിലായ ആർഎസ്‌എസ്‌ നേതൃത്വം പ്രതികളെക്കൊണ്ട്‌ സിപിഐ എം ബന്ധം പറയാൻ നിർബന്ധിക്കുകയായിരുന്നു.

നേരത്തേയുള്ള പാർടിബന്ധത്തെ മറയാക്കി ആർഎസ്‌എസ്‌ നടത്തുന്ന കുപ്രചാരണം ഒരുവിഭാഗം മാധ്യമങ്ങളും അതേപടി ഏറ്റുപിടിച്ചു. എന്നാൽ, കൊലയ്‌ക്ക്‌ ആയുധം എത്തിച്ചത്‌ ആർഎസ്‌എസ്‌ നേതൃത്വമാണെന്ന്‌ പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി. പ്രതികളുടെ ആർഎസ്‌എസ്‌ ബന്ധം തെളിയിക്കുന്ന ചിത്രം പുറത്തുവിടാൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ കഴിഞ്ഞദിവസം വെല്ലുവിളിച്ചിരുന്നു. എന്നാൽ സിദ്ധാർഥനടക്കമുള്ളവരുടെ ചിത്രം പുറത്തുവന്നതോടെ അടവുമാറ്റി. ഈ സാഹചര്യത്തിലാണ്‌ പ്രതിയെക്കൊണ്ട്‌ സിപിഐ എം ബന്ധമുണ്ടെന്ന്‌ പറയിപ്പിച്ചത്‌.

രക്ഷാബന്ധനിൽ പങ്കെടുക്കുകയും ഗണേശോത്സവം, ശ്രീകൃഷ്‌ണജയന്തി എന്നിവയുടെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം കൊടുക്കുകയും ചെയ്യുന്നവരല്ല സിപിഐ എമ്മുകാരെന്ന്‌ ഏവർക്കും ബോധ്യമുള്ളതാണ്‌. ഇക്കാര്യം കൊട്ടേക്കാട്ടെ നാട്ടുകാർക്കും നന്നായി അറിയാം. പ്രതികളിൽ ചിലർ സിപിഐ എമ്മുമായി ബന്ധമുള്ള കുടുംബാംഗങ്ങളാണ്‌. അത്‌ കൊലയ്‌ക്ക്‌ സാക്ഷിയായ സുരേഷ്‌തന്നെ വ്യക്തമാക്കിയിട്ടുണ്ട്‌. എന്നാൽ, ഇപ്പോൾ അവർക്ക്‌ സിപിഐ എമ്മുമായി ഒരു ബന്ധവുമില്ലെന്ന്‌ ആവർത്തിച്ച്‌ വ്യക്തമാക്കിയിട്ടും നുണകൾ ആവർത്തിച്ച്‌ സിപിഐ എമ്മിനെ പ്രതിക്കൂട്ടിൽ നിർത്താനാണ്‌ ആർഎസ്‌എസും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്‌.

ഒളിത്താവളമൊരുക്കിയത്‌ ആർഎസ്‌എസ്‌ നേതാവ്‌
സിപിഐ എം മരുതറോഡ്‌ ലോക്കൽ കമ്മിറ്റി അംഗം എസ്‌ ഷാജഹാനെ വെട്ടിക്കൊന്ന ആർഎസ്‌എസുകാർക്ക്‌  മലമ്പുഴ കവയിൽ ഒളിത്താവളം ഒരുക്കിയത്‌ പ്രമുഖ ആർഎസ്‌എസ്‌ നേതാവ്‌.

ഒളിവിൽ പ്രതികൾക്ക്‌ ഭക്ഷണവും മദ്യവും എത്തിച്ച  മലമ്പുഴ ചേമ്പന കോളനിയിലെ പ്രാദേശിക ബിജെപി നേതാവായ ജിനേഷിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ്‌ ഇക്കാര്യം വ്യക്തമായത്‌.  കൊട്ടേക്കാട്ടെ ബിജെപി മണ്ഡലം നേതാവിന്റെ നിർദേശപ്രകാരമാണ്‌  സഹായമൊരുക്കിയത്‌. പ്രതികൾ എവിടെ വരണമെന്നറിയിച്ച്‌ ഇയാൾ ബിജെപി നേതാവിന്‌ സന്ദേശം അയിച്ചതിന്റെ തെളിവും കിട്ടിയിട്ടുണ്ട്‌. ഈ ബിജെപി നേതാവാണ്‌ മലമ്പുഴ മേഖലയിൽ വർഷങ്ങളായി അക്രമത്തിന്‌ ആസൂത്രണമൊരുക്കുന്നത്‌. ഒളിത്താവളത്തിൽവച്ച്‌ പൊലീസിന്‌ നൽകേണ്ട മൊഴി ഇയാളാണ്‌ പ്രതികളെ പഠിപ്പിച്ചതെന്നും അറിയുന്നു.  തങ്ങളെല്ലാവരും സിപിഐ എം ബന്ധമുള്ളവരാണെന്ന്‌ പറയാനാണ്‌ പഠിപ്പിച്ചത്‌. 

പ്രതികൾക്ക്‌ കവയിലെ കടയിൽനിന്ന്‌ 25 പൊറോട്ടയും കറിയും വാങ്ങി നൽകിയതായി ജിനേഷ്‌ സമ്മതിച്ചു. എട്ടു പ്രതികളും  ഞായറാഴ്‌ച രാത്രി കൃത്യശേഷം പാലക്കാട്ടെ ബാറിൽ കയറി മദ്യപിച്ചിരുന്നു. അതിന്റെ സിസിടി ദൃശ്യം പുറത്തുവന്നിട്ടുണ്ട്‌. ‘ഷാജഹാന്‌ ഒരു പണി കൊടുത്തിട്ടാണ്‌ വരുന്നത്‌’ എന്ന്‌ ബാർ ഉടമയുടെ ബന്ധുവിനോട്‌ പ്രതികളിലൊരാൾ പറഞ്ഞതായും പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top