26 April Friday
മയക്കുമരുന്ന്‌ ഉപയോഗിച്ചും സ്വാധീനിച്ചു

ഷാജഹാൻ വധം: ആയുധം എത്തിച്ചത്‌ ആർഎസ്‌എസ്‌, 3 പേർക്ക്‌ പരിശീലനം നൽകി

പ്രത്യേകലേഖകൻUpdated: Thursday Aug 18, 2022

ഷാജഹാന്‍ വധക്കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അനീഷും കസ്റ്റഡിയിലുള്ള സിദ്ധാര്‍ഥനും

പാലക്കാട്‌> സിപിഐ എം പ്രവർത്തകൻ എസ്‌ ഷാജഹാനെ കൊലപ്പെടുത്താൻ മൂന്നു പേർക്ക്‌ ആർഎസ്‌എസ്‌ പരിശീലനം ലഭിച്ചതായി വെളിപ്പെടുത്തൽ. കൊലയിൽ നേരിട്ട്‌ പങ്കെടുത്ത ശബരീഷ്‌, അനീഷ്‌, സുജീഷ്‌ എന്നിവർക്കാണ്‌ ആർഎസ്‌എസ്‌ ആയുധപരിശീലനം നൽകിയത്‌. അതോടൊപ്പം മാരകായുധങ്ങളും നൽകി. പ്രദേശത്ത്‌ അറിയപ്പെടുന്ന ബിജെപി- ആർഎസ്‌എസ്‌ പ്രവർത്തകരായ ഇവരാണ്‌ മറ്റുള്ളവരെയും ആർഎസ്‌എസിലേക്ക്‌ അടുപ്പിക്കുന്നത്‌. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന സംഘത്തെ വാർത്തെടുക്കുകയും അവരെ സിപിഐ എമ്മിനെതിരെ ഉപയോഗിക്കുകയുമായിരുന്നു ആർഎസ്‌എസ്‌ ലക്ഷ്യം.

രണ്ട്‌ വർഷംമുമ്പ്‌ ഇതിനുള്ള ആസൂത്രണം തുടങ്ങി. ഷാജഹാൻ ബ്രാഞ്ച്‌ സെക്രട്ടറിയായതുമുതൽ പ്രദേശത്ത്‌ ആർഎസ്‌എസ്‌ നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്നാണ്‌ ഒരു വിഭാഗത്തെ ആർഎസ്‌എസിലേക്ക്‌ അടുപ്പിക്കുന്നത്‌. ഇവരെ കൂടെനിർത്താൻ മയക്കുമരുന്നും മദ്യവും യഥേഷ്ടം എത്തിച്ചു. ഷാജഹാനുമായി തർക്കം തുടങ്ങിയതോടെ വിവരം ആർഎസ്‌എസ്‌ കാര്യാലയത്തിൽ അറിയിച്ചു. സിപിഐ എമ്മിന്റെ കോട്ടയായ കുന്നങ്കാട്‌ പ്രദേശത്ത്‌ കൈയിൽ രാഖി കെട്ടി നടക്കാൻ ആർഎസ്‌എസ്‌ കേന്ദ്രത്തിൽനിന്നാണ്‌ നിർദേശിച്ചത്‌. തങ്ങളെല്ലാവരും ആർഎസ്‌എസ്‌ പ്രവർത്തകരാണെന്ന്‌ നാട്ടുകാരെ ബോധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതോടൊപ്പം ആർഎസ്‌എസിന്റെ ബോർഡുകൾ സ്ഥാപിക്കുക, അതിന്റെ പേരിൽ സംഘർഷമുണ്ടാക്കുക തുടങ്ങിയ പദ്ധതികളും തയ്യാറാക്കി. അതെല്ലാം നേരത്തേ നിശ്‌ചയിച്ച പ്രകാരം നടപ്പാക്കി.

ബിജെപി പ്രവർത്തകർക്ക്‌ ഇരിക്കാൻ താൽക്കാലിക ഷെഡ്‌ കെട്ടുന്നതും ഷാജഹാൻ തടഞ്ഞിരുന്നു. അവിടെ സംഘം ചേർന്ന്‌ മദ്യപിച്ച്‌ നാട്ടിലെ സമാധാനം തകർക്കാൻ അനുവദിക്കില്ലെന്ന്‌ പറഞ്ഞ്‌ ഷാജഹാൻ ഇടപെട്ടതും ശത്രുത വർധിപ്പിച്ചു. ഇതോടെയാണ്‌ ഷാജഹാനെ ഇല്ലാതാക്കാൻ അന്തിമപദ്ധതി ആസൂത്രണം ചെയ്‌തത്‌. ഷാജഹാൻ ഇല്ലാതാകുന്നതോടെ പ്രദേശത്ത്‌ ബിജെപി പ്രവർത്തനം ശക്തിപ്പെടുത്താമെന്ന ബിജെപി–-ആർഎസ്‌എസ്‌ നേതൃത്വത്തിന്റെ നിർദേശത്തിലായിരുന്നു ഇതെല്ലാം. എന്നാൽ ഷാജഹാൻ കൊല്ലപ്പെട്ടതോടെ പ്രദേശത്ത്‌ ജനരോഷം ആർഎസ്‌എസിന്‌ എതിരായി മാറിയിരിക്കുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top