02 May Thursday

ദേശീയ വിദ്യാഭ്യാസനയം 
പിൻവലിക്കണം : എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022


ഏലംകുളം
വിദ്യാഭ്യാസമേഖലയെ വ്യാപാരവൽക്കരിക്കുന്ന ദേശീയ വിദ്യാഭ്യാസനയം പിൻവലിക്കണമെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരുകളുമായി ഭരണഘടനാപരമായ ചർച്ചകൾ ഇല്ലാതെയാണ്‌ നയം കൊണ്ടുവന്നത്‌. വിദ്യാഭ്യാസരംഗം വർഗീയവൽക്കരിക്കുകയാണ്‌ ലക്ഷ്യം. ആർഎസ്‌എസ്‌ ഭാരവാഹികളും സംഘടനകളും ഉൾപ്പെടുന്ന കേന്ദ്ര സർക്കാർ നിയമിത കമ്മിറ്റിയാണ് കരടുരേഖക്ക് അവസാനരൂപം നൽകിയത്. വിശദ കൂടിയാലോചന ഇല്ലാതെ, ഏകപക്ഷീയമായി നയം പ്രഖ്യാപിക്കുകയായിരുന്നു.
‘ഒരു രാഷ്ട്രം, ഒരു വിദ്യാഭ്യാസനയം, ഒരു കരിക്കുലം’ എന്ന അങ്ങേയറ്റം കേന്ദ്രീകൃതമായ വിദ്യാഭ്യാസവ്യവസ്ഥ രൂപീകരിക്കുന്നതിലൂടെ  ഹിന്ദുത്വ അജൻഡ കുത്തിയിറക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം.

ഭരണഘടനാ തത്വങ്ങൾക്കും മൂല്യങ്ങൾക്കും നേരെ ആഴത്തിൽ പതിഞ്ഞ പ്രഹരമാണിത്‌. ഔപചാരിക വിദ്യാഭ്യാസത്തിന്റെ താഴെതലംമുതൽ ഉയർന്നതലംവരെ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ്‌ പുതിയ നയമെന്നും പ്രമേയത്തിൽ പറഞ്ഞു.

സർവകലാശാലാ അധ്യാപക 
നിയമനം അട്ടിമറിക്കരുത്‌
സർവകലാശാലാ അധ്യാപക നിയമനത്തിനുള്ള വിദ്യാഭ്യാസ മാനദണ്ഡം അട്ടിമറിക്കാനുള്ള നീക്കം പിൻവലിക്കണമെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സർവകലാശാലാ അധ്യാപകനാകാൻ വിദ്യാഭ്യാസ യോഗ്യതയോ, നെറ്റോ, പിഎച്ച്ഡിയോ ആവശ്യമില്ലെന്നും പ്രവർത്തിപരിചയത്തിന്റെ അടിസ്ഥാനത്തിൽ ‘പ്രൊഫസേഴ്സ് ഓഫ് പ്രാക്ടീസ്’ തസ്തിക സൃഷ്ടിച്ച്‌ കോർപറേറ്റ് മുതലാളിമാരെയും വിദഗ്ധരെയും സർവകലാശാലാ കേന്ദ്രങ്ങളിൽ അധ്യാപകരായി നിയമിക്കാമെന്നുമുള്ള യുജിസി ചെയർമാന്റെ പരാമർശം അങ്ങേയറ്റം അക്കാദമികവിരുദ്ധമാണ്‌. ഇത്‌ യോഗ്യരായ യുവതലമുറയെ നോക്കുകുത്തികളാക്കുന്നു. ഈ നിലപാടിൽനിന്ന് യുജിസിയും കേന്ദ്ര സർക്കാരും പിന്മാറണമെന്നും ആവശ്യപ്പെട്ടു.

എസ്‌എഫ്‌ഐ സമ്മേളനം 
ഇന്ന്‌ സമാപിക്കും
വള്ളുവനാടിന്റെ മണ്ണിൽ പോരാട്ടത്തിന്റെ തൂവെള്ള പതാക വാനോളമുയർത്തി എസ്‌എഫ്‌ഐ സംസ്ഥാന സമ്മേളനം വെള്ളിയാഴ്‌ച സമാപിക്കും. കേരളം സൃഷ്ടിച്ച പൊതുവിദ്യാഭ്യാസ മാതൃക കൂടുതൽ ശക്തിപ്പെടുത്താനുള്ള തീരുമാനവുമായാകും സമാപനം. വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ ചെറുക്കുമെന്ന പ്രഖ്യാപനവും ഉണ്ടാകും. 

ഇ എം എസ്‌ സമുച്ചയത്തിലെ പി ബിജു–-ധീരജ്‌ നഗറിൽ പ്രതിനിധിസമ്മേളനത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്‌ച പൊതുചർച്ചയോടെ തുടങ്ങി. സംസ്ഥാന സെക്രട്ടറി കെ എൻ സച്ചിൻദേവ്‌ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേലും അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസ്‌ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൻമേലും ബുധനാഴ്‌ച  ഉച്ചയ്ക്കുശേഷമാണ്‌ ചർച്ച തുടങ്ങിയത്‌. വൈകിട്ട്‌ രക്തസാക്ഷി കുടുംബസംഗമം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ ഉദ്‌ഘാടനംചെയ്‌തു.

അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു,  സംസ്ഥാന സെക്രട്ടറി കെ എൻ സച്ചിൻദേവ്‌ എന്നിവർ വെള്ളിയാഴ്‌ച ചർച്ചക്ക്‌  മറുപടി പറയും. തുടർന്ന്‌ പുതിയ ഭാരവാഹികളെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കും.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top