27 April Saturday

സ്‌ത്രീപക്ഷ വായനയും വ്യാഖ്യാനവും കാലത്തിന്റെ അനിവാര്യത: സച്ചിദാനന്ദൻ

സ്വന്തം ലേഖികUpdated: Sunday Jun 19, 2022

‘സ്‌ത്രീ -ഭാഷ, എഴുത്ത്‌, അരങ്ങ്‌’ ശിൽപ്പശാല കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്‌ > ഏതുതരം രചനകളുടെയും സ്‌ത്രീപക്ഷ വായനയും വ്യാഖ്യാനവും പുതിയ കാലത്തിൽ അനിവാര്യമായി നടത്തേണ്ടതുണ്ടെന്ന്‌ സാഹിത്യ അക്കാദമി പ്രസിഡന്റ്‌ കെ സച്ചിദാനന്ദൻ പറഞ്ഞു. ജൻഡർ പാർക്കിൽ നടന്ന ‘സ്‌ത്രീ – -ഭാഷ, എഴുത്ത്‌, അരങ്ങ്‌’ ശിൽപ്പശാല ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സാഹിത്യത്തിലായാലും സമൂഹത്തിലായാലും തൊഴിലിടത്തിലായാലും  സ്വന്തമായി ഒരിടമില്ലാത്തവരാണ്‌ സ്‌ത്രീകൾ.

പുരുഷന്മാർ നിശ്‌ചയിച്ച ഭാഷയിലൂടെ, കാഴ്‌ചപ്പാടിലൂടെയുള്ള എഴുത്തുകളും രചനകളുമാണ്‌  ഭൂരിപക്ഷവും. നിർഭാഗ്യവശാൽ അതേ ഭാഷയിൽ എഴുതേണ്ടിവരികയാണ്‌ എഴുത്തുകാരികൾക്കും.  ആ ഭാഷയിൽനിന്ന്‌ മുക്തിനേടിയ രചനകളാണ്‌ ഉണ്ടാവേണ്ടത്‌. ഐതിഹ്യം, ചരിത്രം എന്നിവ സംബന്ധിച്ചതിലും  മതഗ്രന്ഥങ്ങളുടെയുമെല്ലാം വായനയിലും   വ്യാഖാനത്തിലും സ്‌ത്രീപക്ഷ സമീപനം പുലർത്തുക എന്നത്‌ എഴുത്തുകാരുടെയും നിരൂപകരുടെയും ദൗത്യമാണ്‌. നിരൂപണങ്ങളിലും എഴുത്തുകളിലും സ്‌ത്രീകൾ പിന്തള്ളപ്പെട്ടുപോയത്‌ എന്തുകൊണ്ടെന്ന ചോദ്യവും ഉയരണം.  വിസ്‌മരിക്കപ്പെട്ട എഴുത്തുകാരികളെ കണ്ടെത്തി മുഖ്യധാരയിലേക്ക്‌ എത്തിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. അക്കാദമി സെക്രട്ടറി സി പി അബൂബക്കർ അധ്യക്ഷനായി.

വിവിധ വിഷയങ്ങളിൽ ലതാ ലക്ഷ്‌മി, ഡോ. ആർ രാജശ്രീ, ഡോ. രോഷ്‌നി സ്വപ്‌ന, സജിത മഠത്തിൽ എന്നിവർ സംസാരിച്ചു. എം എ ജോൺസൺ സ്വാഗതവും ടി കെ സുനിൽകുമാർ നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top