26 April Friday

തുണ്ടിടപ്പറമ്പിന്‌ ഒടുവിൽ ചരിത്രത്തിന്റെ നീതി

പി കെ രവീന്ദ്രൻUpdated: Thursday Sep 16, 2021



വൈപ്പിൻ
ഏതാനും ഈഴവ സമുദായാംഗങ്ങളെയും പുലയസമുദായത്തിലെ ഒരു ചെറുപ്പക്കാരനെയും ഒന്നിച്ചിരുത്തി 1917 മെയ് 29ന് സഹോദരൻ അയ്യപ്പൻ മിശ്രഭോജനം നടത്തിയ ചെറായി തുണ്ടിടപ്പറമ്പിലെ ചരിത്രഭൂമി സർക്കാർ ഏറ്റെടുക്കുന്നു. വ്യാഴം രാവിലെ ഒമ്പതിന് ചെറായിയിലെ സഹോദരൻ സ്മാരകത്തിൽ സാംസ്കാരികമന്ത്രി സജി ചെറിയാൻ പ്രഖ്യാപനം നടത്തും.  വിസ്‌തൃതമായ തുണ്ടിടപ്പറമ്പിലെ മൂന്ന്‌ സെന്റ്‌ ഭൂമിയാണ്‌ ഏറ്റെടുക്കുന്നത്‌. അവിടെ ഉചിതമായ സ്‌മാരകം പണിയാനാണ്‌ പദ്ധതി.

‘ജാതി വ്യത്യാസം ശാസ്ത്രവിരുദ്ധവും അനാവശ്യവുമാണെന്ന് എനിക്ക് ദൃഢബോധ്യം വന്നിരിക്കുന്നതുകൊണ്ട് ജാതി ഇല്ലാതാക്കാൻ  നിയമം വിധേയം അല്ലാത്തവിധം എന്നെക്കൊണ്ട് കഴിയുന്നതൊക്കെ മനഃപൂർവം പ്രവർത്തിക്കുമെന്ന് ഞാൻ പൂർണമനസ്സാലെ സമ്മതിച്ചു സത്യം ചെയ്തുകൊള്ളുന്നു’–- ജാതി മേധാവിത്വത്തെ വെല്ലുവിളിച്ച്‌ സഹോദരനും സുഹൃത്തുക്കളും അന്ന്‌  ചൊല്ലിയ പ്രതിജ്ഞ ഇനി അവിടെ പ്രതിധ്വനിക്കും.   

സഹോദരൻ അയ്യപ്പനും സ്നേഹിതരായ കുറെ ചെറുപ്പക്കാരും കോരാശേരിൽ അയ്യരുടെ മകൻ കണ്ണനും ചേർന്നായിരുന്നു മിശ്രഭോജനം. ഇതിനായി മുൻകൂട്ടി 12 പേർ ഒപ്പിട്ട നോട്ടീസ് പുറത്തിറക്കി. തീരുമാനിച്ച ദിവസം, അവിടെ ഒരു യോഗം നടത്തിയശേഷം തയ്യാറാക്കിയ ഭക്ഷണം അയ്യപ്പനും സുഹൃത്തുക്കളും കണ്ണനും ചേർന്നിരുന്നു കഴിച്ചു. മിശ്രഭോജനം ചെറായിയിലെ സാമുദായികജീവിതത്തിൽ പുതിയ ശക്തിവിശേഷങ്ങൾക്കു കാരണമായി. അതോടെ, ‘പുലയനയ്യപ്പൻ’എന്ന പേരുകൂടി അയ്യപ്പനു കിട്ടി. എന്നാൽ, ഈ വിശേഷണം അദ്ദേഹം അഭിമാനത്തോടെ സ്വീകരിക്കുകയായിരുന്നു.


 

അയ്യപ്പന്റെ ജാതിനശീകരണപ്രസ്ഥാനം യാഥാസ്ഥിതികരുടെ ക്രൂരവും സംഘടിതവുമായ എതിർപ്പിനെ നേരിടേണ്ടിവന്നു. മിശ്രഭോജനത്തിൽ പങ്കെടുത്തവരെ  ഈഴവരുടെ സംഘടനയായ വിജ്ഞാനവർധിനി സഭയിൽനിന്ന് പുറത്താക്കി. സമുദായഭ്രഷ്ടും  കൽപ്പിച്ചു. ഇവരെ പല വീടുകളിലും കയറ്റാതായി.

സഭാ നേതാക്കൾ അയ്യപ്പനെ നാടുകടത്തണം എന്ന ആവശ്യവുമായി മഹാരാജാവിനെ സമീപിച്ചു. എന്നാൽ, തീണ്ടൽ മുതലായ കാര്യങ്ങളിൽ അയ്യപ്പൻ നടത്തുന്ന പുരോഗമനപരമായ കാര്യങ്ങളെ പിന്തുണയ്‌ക്കാനാണ് രാജാവ് നിവേദകസംഘത്തോട് പറഞ്ഞത്.

ശ്രീനാരായണഗുരു മിശ്രഭോജനത്തിന് അനുകൂലിയല്ല എന്ന് വരുത്തിത്തീർക്കാനായി  ചിലരുടെ ശ്രമം. കുപ്രചാരണം ശക്തിപ്പെട്ടപ്പോൾ അയ്യപ്പൻ ഗുരുവിനെ സമീപിച്ചു. ഇതിനെ അനുകൂലിക്കുന്നുവെന്നും ഇത് വലിയൊരു പ്രസ്ഥാനമായി വളരുമെന്നും   ഗുരു പറഞ്ഞു. അത് അയ്യപ്പന് വലിയ പ്രോത്സാഹനമായി. മിശ്രഭോജനത്തിന്റെ നൂറാം വാർഷികം തുണ്ടിടപ്പറമ്പിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top