27 April Saturday

ആർഎസ്എസ് നേതാവിനെ കൊല്ലാൻ ശ്രമം; മുൻ ശിക്ഷക് അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

അനീഷ്‌ കുമാർ

കുണ്ടറ> ആർഎസ്എസ് നേതാവിനെ  കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ  ശാഖാ മുൻ മുഖ്യശിക്ഷക് അറസ്റ്റിൽ. ആർഎസ്‌എസ്‌ കുണ്ടറ നഗർ കാര്യവാഹക് ഇളമ്പള്ളൂർ പൂനുക്കന്നൂർ വിനീത് ഭവനിൽ വിനീതിനെ (കണ്ണൻ) ആക്രമിച്ച കേസിൽ കുഴിയം ശാഖ മുൻ ശിക്ഷക്‌ ചന്ദനത്തോപ്പ്‌ അരുൺ ഭവനിൽ അനീഷ്‌ കുമാർ (30) ആണ്‌ അറസ്റ്റിലായത്‌.

കഴിഞ്ഞ 19നു രാത്രി 10.15നാണ്‌ സംഭവം. സുഹൃത്തിന്റെ സഹോദരിയുടെ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം ബൈക്കിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു വിനീത്‌. ഈ സമയം രണ്ടു ബൈക്കിലായി എത്തിയ അനീഷിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘം നാന്തിരിക്കൽ തൊണ്ടിറക്കുമുക്കിൽ വിനീതിനെ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വലതുകൈക്കും കാലിനും ഗുരുതര പരിക്കേറ്റ വിനീതിനെ നാട്ടുകാർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു അഞ്ചു പ്രതികൾ ഒളിവിലാണ്.

ആർഎസ്എസ് പ്രവർത്തനങ്ങളിൽ അനീഷ് സജീവമല്ലെന്നു പറഞ്ഞ്‌ വിനീതിന്റെ നേതൃത്വത്തിലുള്ള സംഘം ഫെബ്രുവരിയിൽ അനീഷിനെ മർദിച്ചിരുന്നു. ഇതു സംബന്ധിച്ച കേസിൽ വിനീതിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഈ വിരോധത്തിലാണ്‌ വിനീതിനെ ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു. ശാസ്താംകോട്ട ഡിവൈഎസ്‌പി എസ് ഷെരീഫിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ആർ രതീഷ്, എസ്ഐ അഭിലാഷ്, ഗ്രേഡ് എസ്ഐമാരായ ജെയിൻ, സതീഷ്, സിപിഒമാരായ ദീപക്, അനീഷ്, ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതിയെ അറസ്റ്റ്ചെയ്തത്. മറ്റു അഞ്ചു പ്രതികളെയും വാഹനങ്ങളും തിരിച്ചറിഞ്ഞതായും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top