27 April Saturday

അതുല്‍ അവര്‍ക്കിനി ജീവനാണ്, ജീവശ്വാസമാണ്: ഏഴാം ക്ലാസുകാരന്‍ കോരിയെടുത്തത് മൂന്ന് ജീവന്‍

സ്വന്തം ലേഖകന്‍Updated: Saturday Nov 27, 2021

മങ്കൊമ്പ്> തോട്ടില്‍ മുങ്ങിത്താഴ്ന്ന സഹോദരനടക്കമുള്ള മൂന്നുപേരെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്ന പന്ത്രണ്ടുകാരന്‍ അതുലിന് അഭിനന്ദന പ്രവാഹം. വെള്ളിയാഴ്ചയാണ് സമയോചിതമായ ഇടപെടലിലൂടെ തോട്ടില്‍ മുങ്ങിത്താഴ്ന്ന സഹോദരന്‍ മൂന്നു പറയില്‍ വീട്ടില്‍ അമല്‍ ബിനീഷ് (5),  ബന്ധു ചെറുകര കോവിലകം വീട്ടില്‍  സനലക്ഷ്മി (6), സനലക്ഷ്മിയുടെ അമ്മ സുചിത്ര എന്നിവരെ അതുല്‍ ബിനീഷ് രക്ഷിച്ചത്. ചെറുകര അറുപതില്‍ തോട്ടില്‍ രാവിലെയാണ് സംഭവം.

അമലും സനലക്ഷ്മിയും തോട്ടില്‍ കുളിക്കാനിറങ്ങിയതാണ്. കല്ലില്‍ നിന്ന് കുട്ടികള്‍ കുളിക്കുമ്പോള്‍ കരയില്‍ സുചിത്രയും ഉണ്ടായിരുന്നു. ഇതിനിടെ  സനലക്ഷ്മി കാല്‍വഴുതി തോട്ടില്‍ വീഴുകയായിരുന്നു. പിന്നാലെ അമല്‍ ചാടിയെങ്കിലും ഇരുവരും താഴ്ന്നുപോയി. ഇതുകണ്ട സുചിത്ര കുട്ടികളെ രക്ഷിക്കാന്‍ പിന്നാലെ വെള്ളത്തില്‍ ചാടിയെങ്കിലും നീന്തലറിയാത്തതിനാല്‍ മൂവരും മുങ്ങിത്താഴുകയായിരുന്നു.

കുറച്ചുദൂരെ നിന്നിരുന്ന അതുല്‍ ശബ്ദം കേട്ട് ഓടിയെത്തി,  നേരെ വെള്ളത്തിലേയ്ക്ക്. ആദ്യം കുട്ടികളെയും പിന്നാലെ സുചിത്രയെയും സാഹസികമായി  കരയ്ക്കെത്തിച്ചു. സ്വന്തം ജീവന്‍ പണയം വച്ച് മൂന്ന് ജീവനാണ്  ചെറുകര  എസ്എന്‍ഡിപിയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അതുല്‍  രക്ഷിച്ചത്.  ചെറുകര മൂന്നു പറയില്‍ ബിനീഷിന്റെയും സൈജിയുടെയും മകനാണ്.

സംഭവമറിഞ്ഞ് ഫോണിലൂടെ ജനപ്രതിനിധികളടക്കം വിളിച്ച് അഭിനന്ദനമറിയിക്കുന്നുണ്ട്.  നീലംപേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ്  ടി കെ തങ്കച്ചന്‍, സിപിഐ എം ലോക്കല്‍  സെക്രട്ടറി എന്‍ ടി ചന്ദ്രന്‍ എന്നിവര്‍ വീട്ടിലെത്തി  അതുലിനെ അഭിനന്ദിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top