26 April Friday

സ്വർണക്കടത്ത്‌ വിട്ടു, ഖുർആന്റെ പേരിൽ രാജിക്കായി മുറവിളി

പ്രത്യേക ലേഖകൻUpdated: Sunday Sep 13, 2020

തിരുവനന്തപുരം> നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്തിനേക്കാൾ വലിയ അപരാധം യുഎഇ സമ്മാനിച്ച ഖുർആൻ സ്വീകരിച്ചതാണെന്ന നിലയ്‌ക്കാണ്‌ മന്ത്രി കെ ടി ജലീലിന്റെ രാജിക്കായി പ്രതിപക്ഷവും ബിജെപിയും ഒന്നുചേർന്ന്‌ മുറവിളി കൂട്ടുന്നത്‌. സ്വർണക്കടത്തിന്‌ പിന്നിലെ കള്ളപ്പണ ഇടപാടാണ്‌ എൻഫോഴ്‌സ്‌മെന്റ്‌ അന്വേഷിക്കുന്നത്‌. സ്വർണക്കടത്തിലെ യഥാർഥ വില്ലന്മാർ ഇപ്പോഴും അണിയറയിൽ വിലസുമ്പോഴാണ്‌ ഇഡി ചില വിവരങ്ങൾ ചോദിച്ചതിന്റെ പേരിൽ മന്ത്രി കെ ടി ജലീലിനെതിരെ തിരിഞ്ഞിരിക്കുന്നത്‌.

സ്വർണക്കടത്തിൽ അന്വേഷണം തിരിഞ്ഞുകുത്താൻ തുടങ്ങിയതോടെ, അത്‌ വിട്ട്‌ ലൈഫ്‌ പദ്ധതിയിൽ പിടിമുറുക്കി. അതും ചീറ്റിയപ്പോൾ‌ ബംഗളൂരുവിലെ ലഹരിമരുന്ന്‌ കേസിൽ ഇവിടെ അന്വേഷണത്തിന്‌ വാദമുയർത്തി‌. കസ്‌റ്റംസ്‌ പിടിച്ച സ്വർണം വിട്ടുകൊടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന്‌ വിളിച്ചുവെന്നായിരുന്നു ആദ്യ ആരോപണം. അത്‌ കസ്‌റ്റംസ്‌തന്നെ തള്ളി. പിന്നെ മുൻ ഐടി സെക്രട്ടറി എം ശിവശങ്കരന്‌ ബന്ധമെന്നായി. കസ്‌റ്റംസും എൻഐഎയും ഇഡിയും അദ്ദേഹത്തെ മാറിമാറി ചോദ്യം ചെയ്‌തിട്ടും കള്ളക്കടത്തുമായി ബന്ധിപ്പിക്കാൻ ഒന്നും കിട്ടിയില്ല. ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി യുഎഇ വീട്‌ നിർമിച്ചുനൽകുന്ന പദ്ധതിക്കെതിരെയായി അടുത്ത ആരോപണം.

സ്വർണക്കടത്ത്‌ കേസിൽ ഒന്നും ഒളിക്കാനില്ലെന്ന ഉത്തമ ബോധ്യത്തോടെയാണ്‌ മന്ത്രി കെ ടി ജലീൽ എൻഫോഴ്‌സ്‌മെന്റ്‌ ഓഫീസിലെത്തിയത്‌‌. ഖുർആൻ ഭദ്രമായി സൂക്ഷിച്ചിട്ടുണ്ടെന്നും അത്‌ തിരികെ നൽകാനുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചു. ഇഡി ചോദിച്ചതിനെല്ലാം വിശദീകരണവും നൽകി. അത്‌ തൃപ്‌തികരമാണോ അല്ലയോ എന്ന്‌ പറയേണ്ടത്‌ എൻഫോഴ്‌സ്‌മെന്റ്‌ ആണ്‌. അതിനുമുമ്പ്‌ കുറ്റവാളി എന്ന്‌ മുദ്രകുത്താനുള്ള തത്രപ്പാടിലാണ്‌ യുഡിഎഫും ബിജെപിയും.

കെ ടി ജലീൽ ഇഡി ഓഫീസിൽ എത്തിയത്‌ ആഘോഷിക്കാൻ കഴിയാത്തതാണ്‌ മാധ്യമങ്ങളുടെ വിരോധത്തിന്‌ കാരണം. മന്ത്രി തലയിൽ മുണ്ടിട്ട്‌ രഹസ്യമായി ചോദ്യം ചെയ്യലിന്‌ പോയി എന്നാണ്‌ കണ്ടെത്തൽ. മന്ത്രി എന്ന നിലയ്‌ക്കല്ല മലപ്പുറത്തെ മേൽവിലാസത്തിൽ കെ ടി ജലീൽ എന്ന പേരിലാണ്‌ നോട്ടീസ്‌‌ ലഭിച്ചത്‌. ഇഡിയുടെ നോട്ടീസ്‌ കിട്ടിയാലുടനെ മാധ്യമങ്ങളെ അറിയിക്കണമെന്ന്‌ വ്യവസ്ഥയുണ്ടോയെന്ന സംശയം ന്യായമാണ്‌. ഇഡി ഓഫീസിലെ ഉള്ളറകളിൽ നിന്നുപോലും വിവരം ചോർത്താൻ കഴിയുന്ന മാധ്യമങ്ങൾ ഇക്കാര്യം അറിയാതെ പോയത്‌ ജലീലിന്റെ കുറ്റമാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top