27 April Saturday
സിപിഐ എം സമരം നടത്തിയത്‌ നഷ്ടപരിഹാരം കിട്ടാൻ

നടുറോഡിൽ കൂട്ടപ്രാർഥന; വിരട്ടല്‍; ഗെയിൽ പദ്ധതിക്കെതിരെ വർഗീയ സംഘടനകൾ നടത്തിയത്‌ അരാജക സമരം

സ്വന്തം ലേഖകന്‍Updated: Tuesday Jan 5, 2021

ഗെയിൽ പൈപ്പ്‌ലൈൻ വിരുദ്ധ സമരത്തിന്റെ ഭാഗമായി ജമാ അത്തെ ഇസ്ലാമി പ്രവർത്തകർ പൊലീസിനെ നേരിടാൻ നടുറോഡിൽ പ്രാർഥന നടത്തുന്നു (ഫയൽ ചിത്രം)


കോഴിക്കോട്
കുറഞ്ഞ ചെലവിൽ പ്രകൃതിവാതകം എത്തിക്കുന്ന ഗെയിൽ പദ്ധതിക്കെതിരെ വർഗീയ–-തീവ്രവാദ സംഘടനകൾ 2017ൽ നടത്തിയത്‌ കടുത്ത അരാജക സമരം. ഭൂമി‌ക്ക്‌ ന്യായവില ഉറപ്പാക്കിയും ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കിയും പദ്ധതി നടപ്പാക്കാൻ എൽഡിഎഫ്‌ സർക്കാർ മുന്നിൽനിന്നു. എന്നാൽ ഇതംഗീകരിക്കാതെ ഭൂമിക്കടിയിൽ വാതക ബോംബ്‌ സ്‌ഫോടനമുണ്ടാകുമെന്നും കൃഷിയിടങ്ങൾ നശിക്കുമെന്നും കള്ള പ്രചാരണമുണ്ടായി.

ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്‌ഡിപിഐ, മുസ്ലിംലീഗ്‌ എന്നീ സംഘടനകൾ ഒളിഞ്ഞും തെളിഞ്ഞും ഇതേറ്റെടുത്തു. അക്രമസമരത്തിന്‌ ജനങ്ങളെ ഇളക്കിവിടാൻ ഗൂഢശ്രമമുണ്ടായി. കോഴിക്കോട്‌ ജില്ലയിൽ മുക്കവും മലപ്പുറം ജില്ലയിൽ ഇന്ത്യനൂർ, കോട്ടക്കൽ എന്നിവ കേന്ദ്രീകരിച്ചുമായിരുന്നു സമരം. പണിക്കായി എത്തിച്ച മെഷിനുകളും ഉപകരണങ്ങളും നശിപ്പിച്ചു.  ജീവനക്കാരെ ക്രൂരമായി മർദിച്ചു. തുടർന്ന്‌ ഗെയിൽ അധികൃതരും സർക്കാരും ജനങ്ങളുടെ യോഗം വിളിച്ച്‌ പരാതികൾ കേട്ടു.   കള്ളപ്രചാരണം തുറന്നുകാട്ടി. പരമാവധി ആനുകൂല്യം ജനങ്ങൾക്ക്‌ ഉറപ്പുവരുത്തി. ജനങ്ങളെ വിശ്വാസത്തിലെടുത്ത്‌ പ്രവർത്തിച്ചപ്പോൾ പദ്ധതി യാഥാർഥ്യമായി. സംസ്ഥാന സർക്കാർ നിയമസഭയിലും പുറത്തും പ്രഖ്യാപിച്ച ഉറപ്പുകൾ പ്രാവർത്തികമാക്കിയതോടെ വർഗീയ–-തീവ്രവാദ സംഘടനകൾ പിൻവലിഞ്ഞു. ജമാഅത്തെ ഇസ്ലാമിയും മുസ്ലിംലീഗും തമ്മിലുള്ള തെരഞ്ഞെടുപ്പ്‌ ധാരണയ്‌ക്ക്‌ വരെ ഈ സമരമാണ്‌ അടിത്തറയിട്ടത്‌.

2017 നവംബറിലാണ്‌ ‌ മുക്കത്ത് സംഘർഷമുണ്ടായത്‌. സംഭവത്തിൽ വർഗീയ സംഘടനകൾക്ക് ബന്ധമുണ്ടെന്ന്‌ പൊലീസ്  കണ്ടെത്തി. പ്രതിപക്ഷമായ കോൺഗ്രസ്‌  അക്രമത്തെ തള്ളിപ്പറഞ്ഞില്ല. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല സമരത്തെ ന്യായീകരിച്ച്‌ മുക്കത്തെത്തി. നടുറോഡിൽ കൂട്ടപ്രാർഥന നടത്തിയും ഇടവഴികളിൽ ടയർ കൂട്ടിയിട്ട് കത്തിച്ചും പൊതുമുതൽ നശിപ്പിച്ചും പൊലീസിനുനേരെ കല്ലെറിഞ്ഞും സമരക്കാർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.  എസ്‌ഡിപിഐ സഹായത്തോടെ പാലക്കാട്ടും ഗെയിൽ വിരുദ്ധ സമരം അരങ്ങേറി.

കോഴിക്കോട് ജില്ലയിൽ  600 കുടുംബങ്ങൾക്ക് ഭീഷണിയാണെന്ന് പ്രചരിപ്പിച്ചാണ്‌ ജനങ്ങളെ ഇളക്കിവിട്ടത്‌.  പദ്ധതി യാഥാർഥ്യമായപ്പോൾ അക്രമസമരം നടത്തിയ തീവ്രവാദ സംഘടനകളുടെ തനിനിറവും ജനങ്ങൾ മനസ്സിലാക്കി.

സിപിഐ എം സമരം നടത്തിയത്‌ നഷ്ടപരിഹാരം കിട്ടാൻ
എതിർപ്പുകൾ മറികടന്ന്‌ പദ്ധതി യാഥാർഥ്യമാക്കിയപ്പോൾ, സിപിഐ എമ്മും പദ്ധതിക്കെതിരെ സമരംനടത്തിയെന്ന വാദം  ചിലർ ഉയർത്തുന്നുണ്ട്‌. എന്നാൽ സിപിഐ എം ഒരിക്കലും പദ്ധതിക്കെതിരു നിന്നിട്ടില്ല. ഭൂ ഉടമകൾക്ക്‌ കൃത്യമായ നഷ്‌ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടാണ്‌ പാർടി പ്രാദേശികമായി പ്രക്ഷോഭം സംഘടിപ്പിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top