26 April Friday

കേരളത്തില്‍ നിന്നും യുഎഇ പ്രവാസികള്‍ തിരിച്ചെത്തി തുടങ്ങി

അനസ് യാസിന്‍Updated: Sunday Jul 12, 2020

മനാമ> യുഎഇ താമസ വിസക്കാരായ പ്രവാസികള്‍ ഇന്ത്യയില്‍ നിന്നും തിരിച്ചുവന്നു തുടങ്ങി. വന്ദേ ഭാരത് വിമാനങ്ങളിലും ചാര്‍ട്ടര്‍ വിമാനങ്ങളിലുമാണ് പ്രവാസികളെ കൊണ്ടുവരുന്നത്. ഈ മാസം 26 വരെ 15 നാള്‍ 100 സര്‍വീസുകള്‍ നടത്താനാണ് ഇരു രാജ്യങ്ങളും ധാരണയായത്. കേരളത്തില്‍ നിന്ന് പ്രവാസികളുമായി മൂന്ന് വന്ദേ ഭാരത് വിമാനങ്ങള്‍ എത്തി.

തിരുവനന്തപുരം, കണ്ണൂര്‍ എന്നിവടങ്ങളില്‍ നിന്ന് ദുബായിലേക്കും കോഴിക്കോട് നിന്ന് ഷാര്‍ജയിലേക്കുമായിരുന്നു സര്‍വീസ്. ടിക്കറ്റിന് വന്‍ നിരക്കാണ് എയര്‍ ഇന്ത്യ ഈടാക്കിയതെന്ന് വ്യാപകമായി പരാതി ഉയര്‍ന്നു. യുഎഇ എയര്‍ലൈന്‍സുകളില്‍ ടിക്കറ്റ് നിരക്ക് താരതമ്യേന കുറവാണെന്ന് യാത്രക്കാര്‍ പറയുന്നു.

എമിറേറ്റ്സ് എയര്‍ലൈന്‍സ് ഇന്ത്യയിലെ അഞ്ച് വിമാനത്താവളങ്ങളിലേക്ക് ചാര്‍ട്ടര്‍ സര്‍വീസ നടത്തുന്നുണ്ട്. കൊച്ചിയിലേക്ക് ദിവസം രണ്ടു തവണയും തിരുവന്തപുരത്തേക്ക് ഒരു സര്‍വീസുമാണ് നടത്തുന്നത്. അബുദാബിയില്‍ നിന്നും കൊച്ചിയടക്കം ആറ് ഇടങ്ങളിലേക്കാണ് ഇത്തിഹാദ് സര്‍വീസ്. കൊച്ചിയിലേക്ക് ആഴ്ചയില്‍ രണ്ടു സര്‍വീസാണ് നടത്തുക.

എയര്‍ അറേബ്യ ഷാര്‍ജയില്‍ നിന്നും കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍ എന്നിവയടക്കം പത്ത് വിമാന താവളങ്ങളിലേക്ക് സര്‍വീസ് നടത്തും. ഇവര്‍ക്ക് മടക്കയാത്രയില്‍ യുഎഇ വിസയുള്ളവരെ കൊണ്ടുപോകാം.

അതേസമയം, അബുദാബിയിലേക്ക് വരാന്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് പാസ്പോര്‍ട്ട് (ഐസിഎ) അനുമതി തന്നെ വേണമെന്ന് അധികൃതര്‍ അറിയിച്ചു. ദുബായിലേക്കും ഷാര്‍ജയിലേക്കും ജിഡിആര്‍എഫ്എ അനുമതിയാണ് വേണ്ടത്. ഇതിനു പുറമെ യാത്രയ്ക്കു 96 മണിക്കൂര്‍ മുന്‍പ് പിസിആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top