04 May Saturday

VIDEO - ആരോഗ്യ പ്രവർത്തകർക്ക് ആദരം നൽകി പൂന്തുറ നിവാസികൾ; പുഷ്‌പവൃഷ്‌ടി നടത്തി സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Sunday Jul 12, 2020

‌‌തിരുവനന്തപുരം > ആരോഗ്യ പ്രവർത്തകർക്ക് ആദരം നൽകി പൂന്തുറ നിവാസികൾ. പൂന്തുറ ആയുഷ് ആശുപത്രിയിലെത്തിയ ഡോക്ടർമാരെ പുഷ്പവൃഷ്ടി നടത്തിയും ബൊക്കെ നൽകിയും സ്വീകരിച്ചു. പൂന്തുറ ഇടവകയുടെ നേതൃത്വത്തിലായിരുന്നു ആദരം.

പൂന്തുറ ആയുഷ് ആശുപത്രിയിലെത്തിയ ഡോക്‌ട‌ർമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും ഇന്ന് വരവേറ്റത് പുഷ്പവൃഷ്ടിയായിരുന്നു. ഇടവക വികാരി ഫാ. ബെവിൻസൺ ഡോക്‌ടർമാരെ ബൊക്കെ നൽകി സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഏതാനും പേരുടെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റത്തിന് ഇടവക സെക്രട്ടറി സിംസൺ ഫ്രാൻസിസ് ഖേദം പ്രകടിപ്പിച്ചു. സ്വീകരണത്തിന് ഡോക്ടർമാർ നന്ദിയും പറഞ്ഞു.



പൂന്തുറ ഇടവക വികാരിയും വാർഡ് കൗൺസിലറുമെല്ലാം ഒന്നിച്ചെത്തിയാണ് ആരോ​ഗ്യപ്രവർത്തകരെ സ്വീകരിച്ചത്. രോ​ഗത്തെ ചെറുക്കാൻ ആരോ​ഗ്യപ്രവർത്തകരുടെ കൂടെയുണ്ടാകുമെന്നും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കില്ലെന്നും അവർ വ്യക്തമാക്കി. സ്വീകരണത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  കോവിഡ് വ്യാപനം ശക്തമായ പൂന്തുറയിൽ ജോലിക്കെത്തിയ ആരോഗ്യപ്രവർത്തകരെ തൊടാനും അവരുടെ നേരെ ചുമയ്ക്കാനും തുപ്പാനും ശ്രമമുണ്ടായത് ദേശീയതലത്തിൽ തന്നെ വാർത്തയായിരുന്നു.

ചിലരുടെ പ്രചരണത്തിൽ പെട്ടുപോയവർ അറിയാതെ ചെയ്‌ത പ്രവൃത്തിയ്‌ക്ക്‌ പരിഹാരം ചെയ്യുകയായിരുന്നുവെന്ന്‌ സിപിഐ എം പൂന്തുറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മത്സ്യത്തൊഴിലാളി  സഹകരണ സംഘം പ്രസിഡന്റുമായ ആന്റോ സുരേഷ്‌ പറഞ്ഞു. വി എസ്‌ ശിവകുമാർ അടക്കമുള്ളവരുടെ നിരുത്തരവാദപരമായ പ്രസ്‌താവനകളാണ്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്‌. പൂന്തുറ സെന്റ് തോമസ് സ്‌കൂളാണ് കോവിഡ് പ്രഥമഘട്ട ചികിത്സാകേന്ദ്രം തയ്യാറാക്കിയത്. 92 കിടക്കകളാണ് ഇവിടെ എത്തിച്ചത്. ഇന്ന് മുതൽ രോഗം സ്ഥിരീകിരിക്കുന്നവരെ ഇവിടേക്കാണ് മാറ്റുക. മറ്റൊരു ചികിത്സാകേന്ദ്രവും തയ്യാറാക്കുന്നുണ്ട്. ഇത്തരത്തിൽ നല്ല പ്രവർത്തനമാണ്‌ പൂന്തുറയിൽ നടക്കുന്നത്‌. തെറ്റിദ്ധരിച്ച്‌ ചെയ്‌ത പ്രതിഷേധത്തിൽ അവർക്ക്‌ വിഷമമുണ്ടെന്നും സുരേഷ്‌ പറഞ്ഞു.

ഈ സാഹചര്യത്തിലാണ് പ്രദേശത്തെ വൈദികരടക്കം മുൻകൈയ്യെടുത്ത് ആരോഗ്യപ്രവർത്തകർക്ക് സ്വീകരണമൊരുക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഈ പ്രവൃത്തിയെ അഭിനന്ദിച്ചിട്ടുണ്ട്‌. "ഇന്നു രാവിലെ സോഷ്യൽ മീഡിയയിലും ടിവി ചാനലുകളിലും മനോഹരമായ ഒരു ദൃശ്യം കണ്ടു. പൂന്തുറ നിവാസികൾ പൂക്കൾ വിതറി ആരോഗ്യ പ്രവർത്തകരെ വരവേൽക്കുന്ന കാഴ്ചയായിരുന്നു അത്. അതു കണ്ടപ്പോൾ ആഹ്ലാദവും ആശ്വാസവും തോന്നുകയുണ്ടായി. സൂപ്പർ സ്പ്രെഡിനെത്തുടർന്ന് കർശനമായ ലോക്‌ഡൗൺ ഏർപ്പെടുത്തേണ്ടി വന്ന പൂന്തുറ, മാണിക്യവിളാകം, പുത്തൻതോപ്പ് വാർഡിലെ ജനങ്ങളെല്ലാം കേരളത്തിൻ്റെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുമായി തുടക്കം തൊട്ടു തന്നെ മികച്ച രീതിയിൽ സഹകരിച്ചു വന്നവരായിരുന്നു. ചില ദുഷ്ടശക്തികൾ തെറ്റിദ്ധാരണ പരത്തി ആ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കാൻ ശ്രമിച്ചു. അതിനെയെല്ലാം തള്ളിക്കളഞ്ഞ് പൂർണ മനസ്സോടെ ആരോഗ്യ പ്രവർത്തകർക്കും സർക്കാരിനുമൊപ്പം നിൽക്കുകയാണ് ജനങ്ങൾ ചെയ്‌തിരിക്കുന്നത്.

സർക്കാരിനെ വിശ്വാസത്തിലെടുക്കാനും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും തയ്യാറായ എല്ലാ പൂന്തുറ നിവാസികളോടും ഹാർദ്ദമായി നന്ദി പറയുന്നു. ഈ മഹാമാരി സൃഷ്‌ടിച്ച പ്രതിസന്ധിയെ മറികടക്കാൻ നമുക്ക് ഒത്തൊരുമിച്ചു മുന്നോട്ടു പോകാം. ആ പോരാട്ടത്തിൽ നിങ്ങൾക്കു മുന്നിൽ സർക്കാരുണ്ട്' ‐ മുഖ്യമന്ത്രി ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു. കനത്ത സുരക്ഷയിൽ ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പ്രദേശത്ത് കോവിഡ് പരിശോധന തുടരുകയാണ്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top