27 April Saturday

മിന്നിമിന്നി മിന്നിത്തിളങ്ങി നമ്മുടെ പൊന്നാനി

പി എ സജീഷ്‌Updated: Friday Mar 17, 2023

ഉദ്‌ഘാടനത്തിന്‌ തയ്യാറായ പൊന്നാനി നിളയോര പാതയിലെ ഹാർബർ പാലത്തിൽ സോളാർ ലൈറ്റുകൾ കത്തിത്തുടങ്ങിയപ്പോൾ

പൊന്നാനി > അങ്ങുദൂരെ അസ്‌തമയത്തിലേക്ക്‌ നീങ്ങുന്ന സൂര്യൻ. നിളയിൽ ബോട്ടുകളിൽനിന്നുള്ള വെളിച്ചം. സോളാറിൽ ചിരിതൂകി പുതിയ ഹാർബർ പാലം. ഉദ്‌ഘാടനത്തിന്‌ തയ്യാറാകുന്ന പൊന്നാനി നിളയോര പാതയിലെ ഹാർബർ പാലം സഞ്ചാരികൾക്ക്‌ കാഴ്‌ചയുടെ ആകാശമൊരുക്കുകയാണ്‌.
 
നിളയോരത്തിന്റെയും പൊന്നാനി എന്ന പൗരാണിക നഗരത്തിന്റെയും സൗന്ദര്യം വിളിച്ചോതുന്നതോടൊപ്പം മനോഹരമായ എൻജിനിയറിങ്‌ വിസ്‌മയംകൂടിയാണ്‌ 36 കോടി ചെലവിൽ നിർമിച്ച പാലം. സന്ധ്യയാകുന്നതോടെ സോളാർ വെളിച്ചത്തിൽ ദൃശ്യം മനോഹരം. അതിനായി നിളയോര പാതയിലേക്കെത്തുന്നവർ നിരവധി.
 
പൊന്നാനിയുടെ മുഖച്ഛായ മാറ്റിയിരിക്കുകയാണ് നിളയോര പാതയും ഹാർബർ പാലവും. തിരുവനന്തപുരം കെൽട്രോൺ നേതൃത്വത്തിലാണ്‌ സോളാർ ലൈറ്റുകൾ സജ്ജീകരിക്കുന്നത്‌. 56 ലക്ഷമാണ് ചെലവ്‌. 58 ലൈറ്റുകളാണ് പാലത്തിൽ. പാലത്തിന്റെയും ലൈറ്റിന്റെയും നിറം സമാനമാണ്‌. നിളയോര പാതയെയും പൊന്നാനി ഹാർബറിനെയും ബന്ധിപ്പിക്കുന്ന പാലം ടൂറിസം മേഖലയ്‌ക്കും ഗതാഗത രംഗത്തും മുതൽക്കൂട്ടാകും.
 
330 മീറ്റർ നീളത്തിൽ ഭാരതപ്പുഴയോട് ചേരുന്ന കനോലി കനാലിന് കുറുകെയാണ് പാലം.  പാലത്തോടുചേർന്ന് ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും അപ്രോച്ച് റോഡുമാണ് നിർമിച്ചത്.  520 മീറ്റർ ഹാർബർ റോഡ് നവീകരണവും പൂർത്തിയായി. പാലത്തിന്റെ മധ്യത്തിൽ 45 മീറ്റർ വീതിയും ആറുമീറ്റർ ഉയരവുമുള്ളതിനാൽ കനോലി കനാലിലൂടെയുള്ള ബോട്ട് സർവീസുകൾക്ക് തടസ്സംവരില്ല. ഭാവിയിൽ കനാലിൽ വരാനിടയുള്ള ജലഗതാഗത സാധ്യതകളും പരിഗണിച്ചാണ്‌ നിർമാണം. 330 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള പാലത്തിൽ ഒമ്പത് മീറ്റർ വീതിയിൽ രണ്ടുവരി പാതയും ഇതിനോട് ചേർന്ന് ഒരുവശത്ത് രണ്ട് മീറ്റർ വീതിയിലുള്ള കൈവരിയോടുകൂടിയ നടപ്പാതയുമുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിക്കായിരുന്നു പ്രവൃത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top