28 April Sunday

കവി ഗൗരീശപട്ടം ശങ്കരൻ നായർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

തിരുവനന്തപുരം ‌> കവിയും മുൻ അധ്യാപകനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം മാസികയുടെ മുൻ ചീഫ് എഡിറ്ററുമായ ഗൗരീശപട്ടം ശങ്കരൻ നായർ (94) അന്തരിച്ചു. ഗൗരീശപട്ടത്തുള്ള വസതിയായ ഗോകുലത്തിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരം നടന്നു.

ഗൗരീശപട്ടം ശങ്കരൻ നായർ ഇംഗ്ലീഷ് മലയാള മണിപ്രവാള കവിതയുടെ ഉപജ്ഞാതാവായിട്ടാണ് അറിയപ്പെടുന്നത്. ഗൗരീശപട്ടത്ത് വാറുവിളാകത്തു വീട്ടിൽ 1929 ജൂലൈ 10നു ജനിച്ചു. 20 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു കോളേജ് കുമാരന്റെ ഒരു ദിവസത്തെ ഡയറി, കണ്ണമ്മൂല പാലവും സ്വൽപം പ്രണയവും, മീശ, റോസിലി, ആമിന, അറബിക്കടൽ, മഹാകവി ചുണ്ടെലി പാച്ചുമ്മാൻ, പാച്ചുമ്മാനും കാർത്തിക കുട്ടിയും, കുഞ്ചൻ നമ്പ്യാരുമായി ഒരു ഉല്ലാസയാത്ര, അഞ്ചു സുന്ദരികൾ എന്നീ കവിതാസമാഹാരവും  ഈ മണ്ണ് മനുഷ്യന്റേതാണ്, വാളെടുത്തവൻ വാളാൽ, ഉയിർത്തെഴുന്നേൽപ് എന്നീ നാടകങ്ങളും അമ്മിണി എനിക്ക് മാപ്പുതരൂ, പ്രേമിക്കാൻ വച്ച സുന്ദരി നിനക്ക് ഒരു ഉമ്മ, പ്രിയപ്പെട്ട ജോർജ് തോമസ് എന്നീ നോവലുകളും എഴുതിയിട്ടുണ്ട്.

ഭാര്യ: പരേതയായ എ സരസ്വതിയമ്മ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്). മക്കൾ: ഡോ. മൃദുലാദേവി (ജിജി ഹോസ്പിറ്റൽ, തിരുവനന്തപുരം), എസ് ഉണ്ണികൃഷ്ണൻ (റിട്ട. ഡെപ്യൂട്ടി കമീഷണർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്), എസ് മഞ്ജുളാദേവി (ദീപിക, തിരുവനന്തപുരം), എസ് മഞ്ജുഷാദേവി (ഐടി ഹെഡ്, നിറ്റ ജലാറ്റിൻ, കൊച്ചി). മരുമക്കൾ: ക്യാപ്റ്റൻ ഗോപിനാഥ് ഗോപാൽ (റിട്ട. ജനറൽ മാനേജർ, റിസർവ് ബാങ്ക് ), ലത ഉണ്ണികൃഷ്ണൻ, അഡ്വ. സി ദാമോദരൻ, എം എസ് സുധീർ (ബിസിനസ്, കൊച്ചി).​

വിടപറഞ്ഞത് ലക്ഷണമൊത്ത ഹാസ്യ കവി

തിരുവനന്തപുരം > തനിക്കു ചുറ്റും നടക്കുന്ന സംഭവങ്ങളെ  ആക്ഷേപ ഹാസ്യബിംബങ്ങളിലൂടെ അവതരിപ്പിക്കുന്നതായിരുന്നു ഗൗരീശപട്ടം ശങ്കരൻനായരുടെ കവിതകൾ. യൂണിവേഴ്‌സിറ്റി കോളേജിൽ ഓണേഴ്‌സിന് പഠിക്കുമ്പോൾ സഹപാഠിയായ ഡോ. പുതുശ്ശേരി രാമചന്ദ്രന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അദ്ദേഹം കവിത എഴുതിത്തുടങ്ങിയത്. പിന്നീടത് ഹാസ്യത്തിന്റെ വഴിയിലേക്ക് മാറി. കാവ്യഭംഗിയുള്ള നർമം ആ കവിതകളുടെ പ്രത്യേകതയായിരുന്നു. മലയാളത്തിനൊപ്പം ഇംഗ്ലീഷ് വാക്കുകളും ചേർന്ന കവിതകൾ ആസ്വാദത്തിന്‌ മറ്റൊരു തലം നൽകി.  തലസ്ഥാനത്തെ നാടക പ്രവർത്തനത്തിലും അദ്ദേഹം സജീവമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top