26 April Friday

'ജീവകാരുണ്യപ്രവര്‍ത്തനം നടത്തിയ സംഘടനയ്‌ക്ക്‌ മാതൃഭൂമിയില്‍ പേരില്ല, നിഷ്പക്ഷ പത്രമായിപ്പോയില്ലേ'

വെബ് ഡെസ്‌ക്‌Updated: Tuesday Oct 13, 2020

കോവിഡ് പ്രതിരോധത്തിനായി ഡിവൈഎഫ്‌ഐ രോഗമുക്തരായവരുടെ പ്ലാസ്മ ദാന ക്യാമ്പയിന്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. ക്യാമ്പയിന്‍ ആരോഗ്യപ്രവര്‍ത്തകരുടെയടക്കം പ്രശംസ ഏറ്റുവാങ്ങി. എന്നാല്‍ പ്ലാസ്മ ദാനത്തെ സംബന്ധിച്ച പ്രധാന വാര്‍ത്ത നല്‍കിയ 'മാതൃഭൂമി' ദിനപത്രം ഡിവൈഎഫ്‌ഐ എന്ന പേര് ഒഴിവാക്കിയാണ് പരിപാടിയെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. രക്തദാനത്തിന് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞയാഴ്ച സന്നദ്ധരായി എത്തിയത് 'ഒരു സംഘടന' യിലെ ചെറുപ്പക്കാര്‍ മാത്രം എന്നാണ് മാതൃഭൂമി വാര്‍ത്ത. മാതൃഭൂമിയുടെ വാര്‍ത്താ രീതിയെ വിമര്‍ശിച്ച് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം എം ബി രാജേഷ് രംഗത്തെത്തി.

ഡിവൈഎഫ്‌ഐ എന്ന പേര് പറയാതിരിക്കാനുള്ള മാതൃഭൂമിയുടെ കരുതലും മാന്യതയും സമ്മതിച്ചു തന്നിരിക്കുന്നുവെന്ന് രാജേഷ് പരിഹിസിച്ചു. മാതൃഭൂമിയാണെങ്കില്‍ ഒരു 'നിഷ്‌പക്ഷ' പത്രമായിപ്പോയില്ലേ? ഇനിയും രക്തം കൊടുത്താല്‍ 'രക്തം പാഴാക്കി ഡിവൈഎഫ്‌ഐ' എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത വരെ മാതൃഭുമി കാച്ചിക്കളയുമെന്നും രാജേഷ് ഫെയ്‌സ്‌ബുക്ക് കുറിപ്പില്‍ പറഞ്ഞു.

എം ബി രാജേഷിന്റെ ഫെയ്‌‌സ്‌ബുക്ക് പോസ്റ്റ്

എന്തൊരു കരുതലാണ് മാതൃഭുമിക്ക് ഡി.വൈ.എഫ്.ഐ.യോട്? രക്തദാനത്തിന് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞയാഴ്ച സന്നദ്ധരായി എത്തിയത് 'ഒരു സംഘടന ' യിലെ ചെറുപ്പക്കാര്‍ മാത്രം എന്ന് മാതൃഭൂമി.ആ സംഘടനയുടെ പേര് ഡി.വൈ.എഫ്.ഐ. എന്നാണെന്ന് പറയാതിരിക്കാനുള്ള മാതൃഭൂമിയുടെ കരുതലും മാന്യതയും സമ്മതിച്ചു തന്നിരിക്കുന്നു. ഇടപ്പള്ളി കള്ളപ്പണക്കേസിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ സ്ഥാനത്ത് വല്ല DYFI പ്രായത്തിലുള്ളവനേയും കിട്ടിയാല്‍ ഡി.വൈ.എഫ്.ഐ. എന്ന് വെണ്ടക്ക നിരത്താമായിരുന്നു.ഇതിപ്പൊ ഒരു ജീവ കാരുണ്യമായിപ്പോയില്ലേ? മാതൃഭൂമിയാണെങ്കില്‍ ഒരു 'നിഷ്പക്ഷ' പത്രവുമായിപ്പോയില്ലേ?

ഇനിയും രക്തം കൊടുത്താല്‍ 'രക്തം പാഴാക്കി ഡി.വൈ.എഫ്.ഐ ' എന്ന തലക്കെട്ടില്‍ ഒരു വാര്‍ത്ത വരെ കാച്ചിക്കളയും മാതൃഭുമി. മനോരമ പിന്നെ വെറുതെയിരിക്കുമോ? 'ഡി.വൈ.എഫ്.ഐക്ക് കുരുക്കു മുറുകുന്നു ' എന്ന തലക്കെട്ട് അവരും കാച്ചിക്കളയും. തലക്കെട്ടും ഉള്ളടക്കവും തമ്മില്‍ ബന്ധം പാടില്ലെന്നാണല്ലോ ഇപ്പോള്‍ അവരുടെയൊക്കെ പ്രമാണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top