26 April Friday

പെട്രോൾ ഡീസൽ തീരുവ കേന്ദ്രം കൂട്ടിയത്‌ 
12 തവണ

പ്രത്യേക ലേഖകൻUpdated: Sunday Feb 5, 2023

ന്യൂഡൽഹി  
മോദി സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്രതീരുവ കൂട്ടിയത്‌ 12 പ്രാവശ്യം. 10 തവണ തീരുവ വർധിപ്പിച്ച ഒന്നാം മോദി സർക്കാർ അഞ്ചരലക്ഷം കോടിയിൽപരം രൂപയാണ്‌ ജനങ്ങളെ പിഴിഞ്ഞെടുത്തത്‌. 2019നുശേഷം രണ്ടു തവണവീതം നികുതി കൂട്ടുകയും കുറയ്‌ക്കുകയും ചെയ്‌തു.  ഇപ്പോൾ ഡീസലിന്റെ കേന്ദ്രതീരുവ 2014നെ അപേക്ഷിച്ച്‌ നാല്‌ ഇരട്ടിയിലേറെയാണ്‌.  പെട്രോളിന്റേതാകട്ടെ  ഇരട്ടിയും.

മോദി ആദ്യം പ്രധാനമന്ത്രിയായപ്പോൾ പെട്രോളിന്‌ ലിറ്ററിന്‌ 9.48 രൂപയും ഡീസലിന്‌ 3.56 രൂപയുമായിരുന്നു കേന്ദ്രനികുതി.   രാജ്യാന്തരവിപണിയിൽ എണ്ണവില ഇടിഞ്ഞതോടെ പ്രയോജനം ജനങ്ങൾക്ക്‌ നൽകാതെ മോദിസർക്കാർ തീരുവ പലമടങ്ങ്‌ വർധിപ്പിച്ചു. തീരുവ പെട്രോളിന്‌ 32.9 രൂപയും ഡീസലിന്‌ 31.8 രൂപയും ആയി വർധിപ്പിച്ചു. 2019ലെ തെരഞ്ഞെടുപ്പിനു മുന്നോടിയായി വർധനയിൽ തെല്ല്‌ അയവ്‌ വരുത്തി.  
    
കോവിഡ്‌ നടമാടിയ  2020 മാർച്ച്‌–- മെയ്‌ കാലത്ത്‌  പെട്രോളിന്‌ 13 രൂപയും ഡീസലിന്‌ 16 രൂപയും കേന്ദ്ര തീരുവ കൂട്ടി. രാജ്യാന്തരവിപണിയിൽ എണ്ണവില ഇടിഞ്ഞത്‌ കേന്ദ്രം വീണ്ടും മുതലെടുത്തു. കേരളംപോലുള്ള സംസ്ഥാനങ്ങൾ പെട്രോളിനും ഡീസലിനും ഒരു രൂപപോലും നികുതി കൂട്ടാതിരുന്നപ്പോഴായിരുന്നു കേന്ദ്രത്തിന്റെ തീവെട്ടിക്കൊള്ള. 2021 നവംബർ നാലിനും 2022 മെയ്‌ 22നുമായി പെട്രോളിന്റെ കേന്ദ്ര തീരുവയിൽ 13 രൂപ കുറച്ചു. എന്നാൽ, 2014നെ അപേക്ഷിച്ച്‌ ലിറ്ററിന്‌ 10.42 രൂപ ഇപ്പോഴും കൂടുതലാണ്‌.

ഡീസൽ തീരുവ 16 രൂപ കുറച്ചെങ്കിലും 2014 ലുമായി താരതമ്യം ചെയ്യുമ്പോൾ 12.24 രൂപ കേന്ദ്രം ഇപ്പോഴും അധികമായി ഈടാക്കുന്നു. കോർപറേറ്റുകൾക്ക് വൻതോതിൽ നികുതിയിളവ് നൽകുന്ന കേന്ദ്രം, സാമ്പത്തികമായി പിടിച്ചുനിൽക്കാനുള്ള മാർഗമായി ഇന്ധനവിലയിലെ ഇന്ധന തീരുവയെ ഉപയോഗപ്പെടുത്തുകയാണ്. സംസ്ഥാനങ്ങൾക്ക്‌ വീതംവയ്‌ക്കുന്നത്‌ ഒഴിവാക്കാൻ ഇന്ധനനികുതിയിൽ പ്രത്യേക തീരുവകളാണ്‌ കേന്ദ്രം ചുമത്തുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top