26 April Friday

പെരിയ സംഭവം: കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചവരുടെ പേര് സിബിഐ ഉള്‍പ്പെടുത്തി - സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021

കാസര്‍കോട്> പെരിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കളും കൊല്ലപ്പെട്ടവരുടെ കുടുംബവും പറഞ്ഞവരുടെ പേരുകള്‍ സിബിഐ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തതെന്ന് സി പി ഐ എം ജില്ല സെക്രട്ടറി എം വി ബാലകൃഷ്ണന്‍. നേതാക്കളെയും പാര്‍ടി പ്രവര്‍ത്തകരെയും കുടുക്കിയത് രാഷ്ടീയ പ്രേരിതമാണ്. ഇതിനെ നിയമപരമായി നേരിടും.

ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത സംഭവത്തിന്റെ പേരില്‍ സിപിഐ എം നേതാക്കളെ കുടുക്കി പാര്‍ടിയെ തകര്‍ക്കാമെന്ന വ്യാമോഹമായിരുന്നു യുഡിഎഫിനും ബിജെപിക്കും തുടക്കം മുതല്‍.അതിന്റെ തുടര്‍ച്ചയായി മാത്രമേ സിബിഐ യുടെ പുതിയ നീക്കത്തെ കാണാന്‍ കഴിയുകയുള്ളൂ. പെരിയ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ല എന്ന് നേരത്തെ വ്യക്തമാക്കിയതാണ്. അതില്‍ ഇപ്പോഴും മാറ്റമില്ല.  പ്രതിയാണെന്ന് ആരോപണ വിധേയനായ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനെ സംഭവം നടന്നു മൂന്നാം ദിവസം  പാര്‍ടിയില്‍ നിന്ന് പുറത്താക്കി.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇടപെടുകയോ പ്രതികള്‍ക്ക് സഹായം നല്‍കുകയോ ചെയ്തിട്ടില്ല. ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിച്ചു പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നതാണ്. എന്നാല്‍ പാര്‍ട്ടി നേതാക്കളെ കേസില്‍ ഉള്‍പ്പെടുത്തി പാര്‍ട്ടിയെ തകര്‍ക്കുക എന്ന ഗുഢലക്ഷ്യമായിരുന്നു സിപിഐ എം വിരുദ്ധര്‍ക്ക്.

സംഭവവുമായി ഒരു ബന്ധവുമില്ലാത്ത  നേതാക്കളുടെ പേര് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍വരെ നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. ആ പേരുകള്‍ ബന്ധുക്കളെകൊണ്ട് പറയിപ്പിച്ചു.  ഇപ്പോള്‍ സിബിഐ കുറ്റപത്രത്തിലും അതുള്‍പ്പെടുത്തി.ഈ നീക്കത്തെ നിയമപരമായി നേരിടും.

പാര്‍ടിയുടെ നിലപാട് ഉദുമയിലെ ജനങ്ങള്‍ കൂടി അംഗീകരിച്ചതിന് തെളിവാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. സംഭവം നടന്ന പുല്ലൂര്‍ പെരിയ പഞ്ചായത്തില്‍ നിന്ന് എല്‍ഡിഎഫിന്  റിക്കോഡ് ഭൂരിപക്ഷമാണ് ലഭിച്ചത്. മരണപ്പെട്ടവരുടെ വാര്‍ഡിലും എല്‍ഡിഎഫ് വന്‍മുന്നേറ്റമുണ്ടാക്കി. നേതാക്കളെ കുടുക്കി പാര്‍ടിയെ തകര്‍ക്കാനുള്ള നീക്കം ജനങ്ങളുടെ പിന്തുണയോടെ അതിജീവിക്കുമെന്നും  അദ്ദേഹം പറഞ്ഞു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top