26 April Friday

കനിവ്‌ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ : രോഗികൾക്ക്‌ താങ്ങും തണലുമായി

സ്വന്തം ലേഖകൻUpdated: Tuesday Dec 7, 2021

കനിവ്‌ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ പറവൂർ സെന്ററിന്റെ നേതൃത്വത്തിൽ കിടപ്പുരോഗിക്ക്‌ സാന്ത്വനസഹായം നൽകുന്നു

കൊച്ചി> മഹാപ്രളയകാലത്ത്‌ കിടപ്പുരോഗികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ മാറ്റിയത്‌ കനിവ്‌ പറവൂർ ഏരിയ സെക്രട്ടറി എൻ എസ്‌ അനിൽകുമാറിന്റെ കൺമുന്നിൽ ഇപ്പോഴുമുണ്ട്‌. പറവൂർ പാലിയം നടയിലെ കനിവ്‌ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ സെന്റർ കെട്ടിടം പകുതിയോളം മുങ്ങി. ദുരിതകാലത്തും മനസ്സ്‌ മടുക്കാതെ അവശർക്ക്‌ സാന്ത്വനം പകരാൻ കനിവ്‌ പ്രവർത്തകർ രംഗത്തെത്തി. ക്യാമ്പുകളിൽ രക്തപരിശോധനയും പരിചരണവും നൽകി.

മഹാപ്രളയത്തിലും മഹാമാരിയിലും ജില്ലയിൽ കിടപ്പുരോഗികൾക്ക്‌ കനിവിന്റെ കരുതൽ അനുഭവമാണ്‌.  2020ൽ കോവിഡ്‌ ദുരിതം വിതച്ചപ്പോൾ കിടപ്പുരോഗികളെ വീട്ടിലെത്തി പരിചരിക്കാനും കനിവ്‌ പ്രവർത്തകർ ജില്ലയുടെ വിവിധ ഭാഗങ്ങളിലെത്തി. കട്ടിലുകളും കിടക്കകളും ചക്രക്കസേരകളും ഓക്‌സിജൻ കോൺസെൻട്രേറ്ററുകളും വീടുകളിലെത്തിച്ചു.
കിടപ്പുരോഗികളെ കേന്ദ്രീകരിച്ച് സാന്ത്വനപരിചരണ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തിൽ 2017 ജൂലൈയിലാണ്‌ സിപിഐ എം ജില്ലാ കനിവ്‌ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ രൂപീകരിച്ചത്‌. ശാരീരിക–-മാനസിക വെല്ലുവിളി നേരിടുന്നവരുടെ പരിചരണം, ഗൃഹ കേന്ദ്രീകൃത ശുശ്രൂഷ എന്നിവ നൽകാൻ കനിവിന്‌ സാധിച്ചു.

പരിശീലനം ലഭിച്ച അറുനൂറിലധികം സന്നദ്ധപ്രവർത്തകർ ഇന്ന് എറണാകുളത്തിന്റെ സാന്ത്വനമുഖമാണ്. ആയിരം വളന്റിയർമാർ എന്ന ലക്ഷ്യത്തിലേക്കാണ്‌ സംഘം നീങ്ങുന്നത്‌. സംഘടനകളുടെയും വിവിധ സ്ഥാപനങ്ങളുടെയും സമൂഹത്തിന്റെയും പിന്തുണയിലൂടെ ജില്ലയിലെ ഏറ്റവും വലിയ സാന്ത്വനപരിചരണ പ്രസ്ഥാനമായി കനിവ്‌ വളർന്നു. പ്രസിഡന്റ്‌ സി എൻ മോഹനൻ, ‌സെക്രട്ടറി എം പി ഉദയൻ എന്നിവരുടെ നേതൃത്വത്തിലാണ്‌ ജില്ലയിൽ കനിവിന്റെ പ്രവർത്തനം മുന്നേറുന്നത്‌.  

കനിവിന്റെ നേതൃത്വത്തിൽ രക്തദാനസേന രൂപീകരിച്ചിട്ടുണ്ട്. കൂടാതെ രക്തം ആവശ്യമുള്ള ഘട്ടത്തിൽ ബ്ലഡ് ബാങ്കിൽ നേരിട്ടെത്തി നൽകുന്നു. 

15 ഫിസിയോതെറാപ്പി 
സെന്ററുകൾ

ജില്ലയിൽ 15 ഫിസിയോതെറാപ്പി സെന്ററുകൾ 14 ഏരിയ കമ്മിറ്റികളിലായി പ്രവർത്തിക്കുന്നു. സെന്ററുകൾ ദിവസവും ആയിരക്കണക്കിന്‌ രോഗികൾക്ക്‌ സേവനം ഉറപ്പാക്കുന്നു. ഏറ്റവും കൂടുതൽ സൗജന്യ ഫിസിയോതെറാപ്പി സെന്ററുകൾ പ്രവർത്തിക്കുന്ന ജില്ലയാണ്‌ എറണാകുളം. ക്യാൻസർ കണ്ടെത്താനുള്ള മാമോഗ്രാം ടെസ്‌റ്റുകളും സൗജന്യമായി നടത്തുന്നു.

തിരുമാറാടി, പള്ളുരുത്തി, പറവൂർ, ‌ഇടപ്പള്ളി സെന്ററുകളിൽ പാലിയേറ്റീവ്‌ വാനുകൾ ഉൾപ്പെടെ പത്തോളം വാഹനങ്ങളും കനിവിന്‌ സ്വന്തമായുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top