26 April Friday
നാളെ ലോക ടൂറിസം ദിനം

പാലക്കാടേക്ക്‌ വരൂ, കാഴ്‌ചയുടെ കാർണിവൽ കാണാം

ശരത്‌ കൽപ്പാത്തിUpdated: Monday Sep 26, 2022
പാലക്കാട് > വിനോദ സഞ്ചാരികളുടെ പ്രിയ ഇടമായി മാറുകയാണ് പാലക്കാട്‌. വാളയാർ ചുരവും കരിങ്കല്ലത്താണിയും തൃത്താലയും കടന്നെത്തിയാൽ കാണാനും അനുഭവിച്ചറിയാനും ഒട്ടേറെ കാഴ്ചകളുണ്ടിവിടെ. സൈലന്റ്‌വാലിയുടെ നിശബ്‌ദതയും നെല്ലിയാമ്പതിയുടെ കുളിരും പറമ്പിക്കുളത്തിന്റെ വന്യതയും മലമ്പുഴയുടെ സൗന്ദര്യവും അട്ടപ്പാടിയിലെ ഊരുകളും കണ്ടാൽ  മതിവരില്ല. വിനോദ സഞ്ചാരത്തിനൊപ്പം തന്നെ സിനിമക്കാരുടെ പ്രീയ ലൊക്കേഷനെന്ന ഖ്യാതിയും ചെറിയ ഇടവേളയ്‌ക്ക്‌ ശേഷം പാലക്കാട്‌ തിരിച്ചു പിടിക്കുന്നു.
 
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 32 കോടി രൂപയുടെ വികസനമാണ്‌ ജില്ലയിലെ വിനോദ സഞ്ചാര മേഖലയിൽ നടപ്പാക്കിയത്. പ്രധാന കേന്ദ്രങ്ങളുടെ നവീകരണത്തിനൊപ്പം സാഹസിക ടൂറിസത്തിനും ജില്ലയിൽ തുടക്കമിട്ടു. എൽഡിഎഫ് സർക്കാർ തുടർന്നപ്പോൾ തൃത്താല വെള്ളിയാങ്കല്ലിൽ കയാക്കിങ് ടൂറിസമുൾപ്പെടെ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കി.
 
വെള്ളിയാങ്കല്ലിൽ കയാക്കിങ് ഫെസ്റ്റ് നടത്തിയത് വിനോദസഞ്ചാരികളുടെ കൂടുതൽ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ബാരിയർ ഫ്രീ കേരള ടൂറിസം പദ്ധതിയുടെ ഭാഗമായി  ജില്ലയിൽ 73.51 ലക്ഷം ചെലവിൽ വെള്ളിയാങ്കല്ല് പൈതൃക പാർക്ക്, ശ്രീകൃഷ്‌ണപുരം ബാപ്പുജി പാർക്ക്, പോത്തുണ്ടി, -മംഗലം ഡാം ഉദ്യാനങ്ങൾ, മലമ്പുഴ ഡാം, വാടിക,- ശിലാവാടിക ഉദ്യാനം, കാഞ്ഞിരപ്പുഴ ഡാം, മലമ്പുഴ റോക്ക് ഗാർഡൻ, വെള്ളിനേഴി കലാഗ്രാമം, ഒ വി വിജയൻ സ്മാരകം എന്നിവിടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കി. ഗ്രീൻ കാർപെറ്റ് പദ്ധതിക്കായി വെള്ളിയാങ്കല്ല് പൈതൃക പാർക്ക്, കാഞ്ഞിരപ്പുഴ ഡാം ഉദ്യാനം, മലമ്പുഴ ഉദ്യാനം, മലമ്പുഴ റോക്ക് ഗാർഡൻ എന്നിവിടങ്ങളിൽ 2.64 കോടി ചെലവഴിച്ചു.
 
■ വന്യതയിലേക്ക് 
നടന്നടുക്കാം
 
നിബിഡവും വന്യവുമായ ജൈവസമൃദ്ധിയിൽ സന്ദർശകരെ മോഹിപ്പിക്കുന്നതാണ് സൈലന്റ്‌ വാലിയുടെ സൗന്ദര്യം. തൊട്ടടുത്തുള്ള അട്ടപ്പാടി തുറന്നിടുന്നത് വിശാലമായ ടൂറിസം സാധ്യതയാണ്.
 
ചുരം റോഡ് നവീകരണം പൂർത്തിയാവുകയും വനംവകുപ്പിന്റെ സഹകരണവുമുണ്ടെങ്കിൽ കൂടുതൽ സാധ്യതകൾ അട്ടപ്പാടി സഞ്ചാരികൾക്കായി ഒരുക്കും. നെല്ലിയാമ്പതിയിലെ കുളിരും പറമ്പിക്കുളത്തിന്റെ ജലസമൃദ്ധിയും ഹരിതാഭയും തൊട്ടറിയാം. ധോണിയും മീൻവല്ലവും കവയുമെല്ലാം വന്യതയുടെ കുളിരുനൽകുന്നു.
 
■ അൽപ്പം 
സാഹസികമാകാം
 
സാഹസിക താൽപ്പര്യമുള്ളവർക്ക് ഒരുകൈ നോക്കാൻ പോത്തുണ്ടിയിലെത്താം. സിപ് ലൈൻ, ആകാശ സൈക്കിൾ സവാരി, പോളാരിസ് റൈഡ് എന്നിവ ഉൾപ്പെടുന്നവയാണ് പോത്തുണ്ടി ഡാമിലെ സാഹസിക ടൂറിസം. മംഗലംഡാമിൽ വ്യൂ പോയിന്റ്, റോപ്പ് കോഴ്സ്, കളിസ്ഥലം, കുളം, മഴക്കുടിൽ, ഇരിപ്പിടങ്ങൾ, സ്റ്റേജ് എന്നിവ ഒരുക്കിയിട്ടുണ്ട്. കാഞ്ഞിരപ്പുഴയിൽ ഉദ്യാനത്തിൽ പ്രത്യേക പെടൽ ബോട്ട് ഉൾപ്പെടെയുള്ള പൂൾ സൈക്ലിങ്, സൈക്ലിങ്, റൈഡ് വിനോദങ്ങളും സജ്ജമാക്കി.
 
■ മലമ്പുഴ തന്നെ ഒന്നാമത്
 
അയൽ സംസ്ഥാനത്തുനിന്നും മറ്റ് ജില്ലകളിൽ നിന്നുൾപ്പെടെ ഏറ്റവുമധികം സഞ്ചാരികളെത്തുന്നത് മലമ്പുഴയിൽ. മലമ്പുഴ ഡാം നവീകരണവും ഉദ്യാന സൗന്ദര്യവൽക്കരണവും ലക്ഷ്യമിട്ട് വലിയ സജീകരണമാണ് കഴിഞ്ഞവർഷം ടൂറിസം വകുപ്പ് നടപ്പാക്കിയത്. കുടിവെള്ള യൂണിറ്റ്, വൈദ്യുലോക ടൂറിസം ദിനംതീകരണം, ശുചിമുറി സമുച്ചയം, കഫറ്റീരിയ, ഇരിപ്പിടങ്ങൾ എന്നിവയോടൊപ്പം താമരക്കുളം, കളിസ്ഥലം, യക്ഷി പ്രതിമയുടെ നവീകരണം, സെൽഫി പോയിന്റ്‌ എന്നിവയും സജ്ജമാക്കി. അവധി ദിവസങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് ഉദ്യാനത്തിലും സമീപ കേന്ദ്രങ്ങളിലുമായെത്തുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top