27 April Saturday

‘നാർക്കോട്ടിക് ജിഹാദ്’പ്രസ്താവന അപലപനീയം; പിൻവലിക്കാൻ തയ്യാറാകണം: ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Sep 10, 2021

തിരുവനന്തപുരം > ലൗ ജിഹാദിന് പുറമെ നാർക്കോട്ടിക് ജിഹാദും ഉണ്ടെന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്‌താവന അപലപനീയമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ്. ആയുധം ഉപയോഗിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ ഈ മാർഗങ്ങൾ ഉപയോഗിക്കുകയാണെന്നും കത്തോലിക്കാ കുടുംബങ്ങള്‍ ഇതിനെതിരെ കരുതിയിരിക്കണമെന്നാണ്‌ ബിഷപ്പ്‌ പറഞ്ഞത്. യാതൊരു തെളിവുകളുടെയും അടിസ്ഥാനമില്ലാതെയുള്ള ഇത്തരം പ്രസ്‌താവന അപകടകരമാണ്.

കേരളത്തിന്റെ സമാധാന അന്തരീക്ഷവും മത സൗഹാർദ്ദവും തകർക്കുന്ന ഇത്തരം പ്രസ്‌താവന ഒരു മതമേലാധ്യക്ഷന്റെ ഭാഗത്തുനിന്നും ഉണ്ടായത് അത്യന്തം അപകടകരമാണ്. ഇത് കേരളത്തെ അപമാനിക്കുന്നതിന് തുല്യമാണ്.

ഒരുമയോടെ നിലനിൽക്കുന്ന സമൂഹത്തിൽ വിഭാഗീയത വളർത്താനുള്ള ശ്രമങ്ങൾ അനുവദിക്കാനാവില്ല. അതിരുകടന്ന പ്രസ്‌താവന പാലാ ബിഷപ്പ് പിൻവലിക്കണം. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്‌പര്‍ദ്ധ വളര്‍ത്തും. മതമേലദ്ധ്യക്ഷന്‍മാര്‍ സമൂഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ ആകരുതെന്നും സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top