02 May Thursday

ഭരണഘടനയെ അപ്രസക്തമാക്കുന്നു: മന്ത്രി പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 21, 2023

പുന്നപ്ര സമരഭൂമിയിൽ നടന്ന സെമിനാർ മന്ത്രി പി രാജീവ് ഉദ്‌ഘാടനംചെയ്യുന്നു

പുന്നപ്ര > ഭരണഘടനയെ നിലനിർത്തിക്കൊണ്ടുതന്നെ അപ്രസക്തമാക്കലാണ്‌ രാജ്യത്ത്‌ നടക്കുന്നതെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. പുന്നപ്ര–-വയലാർ വാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര സമരഭൂമിയിൽ ‘ഭരണഘടനാ സംരക്ഷണം ഇന്ത്യയുടെ ഉത്തരവാദിത്വം’ എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി. 
 
രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും നിലനിർത്തുന്നത്‌ ഭരണഘടനയാണ്‌. ഭരണഘടന അസംബ്ലിയിൽതന്നെ അതിനെ നിലനിർത്തികൊണ്ടുതന്നെ അപ്രസക്തമാക്കുക എന്നൊരു അപകടത്തെക്കുറിച്ച്‌ അംബേദ്‌കർ പറഞ്ഞിരുന്നു. അത്തരം പ്രയോഗങ്ങൾ നിർബാധം തുടരുകയാണ്‌.  ഇപ്പോൾ രാജ്യം ചർച്ച ചെയ്യുന്നതെല്ലാം ഭരണഘടന അസംബ്ലി ചർച്ചചെയ്‌ത്‌ തള്ളിയതാണ്‌. ഭരണഘടന വെല്ലുവിളി നേരിട്ട ഘട്ടത്തിലെല്ലാം അതിന്‌ പിന്നിൽ അധികാരത്തിലുള്ളവർ തന്നെയായിരുന്നു. 1975ലും ഇപ്പോഴും. 
 
ഉൾക്കൊള്ളലിന്റെ ഭരണഘടന ഇപ്പോൾ ഒഴിവാക്കലിന്റെയും  പുറന്തള്ളലിന്റെയുമാകുന്നു. ആധുനിക രാഷ്‌ട്രങ്ങളുടെയെല്ലാം അടിസ്ഥാനം മതമല്ല, ദേശീയതയാണ്‌. ഇവിടെ ജനിക്കുന്നവർക്കെല്ലാം ഭരണഘടന പൗരത്വം നൽകിയിരുന്നു. അതിൽ ആദ്യം വെള്ളം ചേർത്തത്‌ രാജീവ്‌ ഗാന്ധിയാണ്‌. വീണ്ടും ഒരു തെരഞ്ഞെടുപ്പ്‌ വരുമ്പോൾ പൗരത്വം വീണ്ടും ചർച്ചയാക്കുകയാണ്‌. രാജ്യം ബഹുസ്വരതയിൽനിന്ന്‌ ഏകതയിലേക്കും ജനാധിപത്യത്തിൽനിന്ന്‌ ഏകാധിപത്യത്തിലേക്കും നീങ്ങുന്നു. അത്‌ മതേതര രാഷ്‌ട്രത്തിൽനിന്ന്‌ മതരാഷ്‌ട്രത്തിലേക്കുള്ള യാത്രയാണ്‌. 
 
 ഫെഡറൽ സംവിധാനത്തെയും അട്ടിമറിക്കാൻ കേന്ദ്രം ശ്രമിക്കുന്നു. അധികാരം ഗവർണറിലേക്ക് ചുരുക്കാനാണ്‌ ശ്രമം. സംസ്ഥാനങ്ങളെ സാമ്പത്തികമായും ഉപദ്രവിക്കുകയാണ്‌ കേന്ദ്രം. കേരളത്തിൽ 100 രൂപ ചെലവാക്കാൻ 48 രൂപയാണ്‌ സംസ്ഥാനം കണ്ടെത്തേണ്ടിയിരുന്നത്‌. ഇന്നത്‌ 79 രൂപയായി ഉയർന്നു. കേന്ദ്രം നൽകേണ്ട 29 രൂപയും പലകാരണങ്ങളും പറഞ്ഞ്‌ തടയുന്നു. കിഫ്ബിലൂടെ നാം കണ്ടെത്തുന്ന പണവും സംസ്ഥാനത്തിന്റെ കടമെടുക്കാനുള്ള പരിധിയിൽ ഉൾപ്പെടുത്തി. ഭരണഘടനാ സംരക്ഷണത്തിന്‌ ലോക്‌സഭ തെരഞ്ഞെടുപ്പ്‌ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top