26 April Friday

ഇഡി, ജലീലിന്റെ മൊഴി... ‘വാലിന്‌ തീപിടിച്ച്‌ ’ കുഞ്ഞാലിക്കുട്ടി

സ്വന്തം ലേഖകൻUpdated: Sunday Sep 5, 2021

കോഴിക്കോട്‌ > "പാർടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനിടെ അഴിമതിക്കേസും ഇഡി അന്വേഷണവും' –-അഴിക്കുംതോറും മുറുകുന്ന കുരുക്കിലാണ്‌ മുസ്ലിംലീഗ്‌ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഇന്ന്‌. മുൻമന്ത്രി കെ ടി ജലീൽ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്‌(ഇഡി) മൊഴി നൽകിയതോടെ മുമ്പില്ലാത്ത ബേജാറിലാണ്‌ അദ്ദേഹം.

അസ്വസ്ഥനായി പാർടി പരിപാടിയിലടക്കം പങ്കെടുക്കാതെ മുങ്ങിയിരിക്കുകയാണ്‌. നിയമവിദഗ്‌ധരും ‘ബിജെപി സുഹൃത്തു’ക്കളുമായുള്ള തിരക്കിട്ട ചർച്ചയിലാണെന്നാണ്‌ ഒരുവിഭാഗം ലീഗ്‌ നേതാക്കൾ പറയുന്നത്‌. പാർടിയിൽ നിന്ന്‌ എതിരാളികൾക്ക്‌ സഹായം ലഭിക്കുന്നുവെന്ന സംശയത്തിലാണ്‌ ലീഗിന്റെ ഉന്നത നേതാവ്‌. പാണക്കാട്‌ കുടുംബാംഗങ്ങൾ മുതൽ വിശ്വസ്‌തരെന്ന്‌ വിചാരിച്ചവരെയടക്കം സംശയിക്കേണ്ട അവസ്ഥ. ചന്ദ്രികയിലെ വെട്ടിപ്പും കള്ളപ്പണ ഇടപാടും ലീഗ്‌ പ്രവർത്തകസമിതിയിൽ ഉന്നയിക്കില്ലെന്ന്‌ നേതൃതലത്തിൽ ‘സബൂറാക്കി’ ആശ്വസിച്ചിരിക്കേയാണ്‌ വിഷയം വീണ്ടും സജീവമാകുന്നത്‌. എട്ടിന്‌ ഉന്നതാധികാരസമിതിയുണ്ട്‌. പ്രവർത്തകസമിതി യോഗം ഇനി നീട്ടാനാകില്ല. ഈ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നുറപ്പാണ്‌.

ജലീൽ പ്രതികാരമനോഭാവത്തിൽ മൊഴി നൽകിയതാണെന്ന്‌ പ്രചരിപ്പിച്ച്‌ പ്രവർത്തകരുടെ സഹതാപം നേടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇഡി വിളിപ്പിച്ചതാണെന്ന്‌ സമൻസ്‌ പുറത്തുവിട്ട്‌ ജലീൽ വ്യക്തമാക്കിയതോടെ ഇത്‌ പൊളിഞ്ഞു. എങ്ങനെ വൈകിപ്പിച്ചാലും ഇഡി തന്നെയും മകനെയും ചോദ്യംചെയ്യുമെന്ന ഭീതിയിലാണ്‌ കുഞ്ഞാലിക്കുട്ടി. ചന്ദ്രികയുടെ സ്ഥലത്തിന്റെ രേഖകളും കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിന്റെ നിക്ഷേപത്തിന്റെ വിവരവും ഉൾപ്പടെ കൂടുതൽ രേഖകൾ ഹാജരാക്കാൻ ജലീലിനോട്‌ ഇഡി നിർദേശിച്ചിട്ടുണ്ട്‌. ഇത്‌ ഒമ്പതിന്‌ നൽകും. എ ആർ നഗർ ബാങ്കിലെ അഴിമതിപ്പണ നിക്ഷേപമടക്കം പരിശോധിക്കും. ഇതിനെ മറികടക്കാൻ കേന്ദ്രസർക്കാരിനെയും ബിജെപി നേതാക്കളെയും സ്വാധീനിക്കാനുള്ള ശ്രമത്തിലാണ്‌ കുഞ്ഞാലിക്കുട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top