26 April Friday
ലക്ഷ്യം മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുടെ ഏകോപനം

ഉമ്മൻചാണ്ടി കുഞ്ഞാലിക്കുട്ടി സഖ്യം ; മുട്ടിടിച്ച്‌‌‌ ചെന്നിത്തല

കെ ശ്രീകണ‌്ഠൻUpdated: Tuesday Sep 8, 2020


തിരുവനന്തപുരം
പി കെ കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ്‌ യുഡിഎഫ്‌ നേതൃത്വത്തിൽ പിടിമുറുക്കാനുള്ള  പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ നീക്കങ്ങൾക്ക്‌ തിരിച്ചടി. മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളുടെ ഏകോപനം ലക്ഷ്യമിട്ടാണ്‌ പി കെ കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്‌ട്രീയത്തിലേക്കുള്ള മടക്കം. ഇതിനെതിരെ ലീഗിൽ സമ്മിശ്ര പ്രതികരണമാണെങ്കിലും കോൺഗ്രസിൽ കടുത്ത എതിർപ്പാണ്‌.  ലീഗിന്റെ കാൽക്കീഴിൽ വീണ്ടും കോൺഗ്രസിനെ തളയ്‌ക്കേണ്ടിവരുമോ എന്ന ആശങ്ക മുതിർന്ന നേതാക്കൾ പങ്കുവയ്‌ക്കുന്നു.

നിയമസഭയിലെ കക്ഷിനില കണക്കിലെടുത്താൽ കോൺഗ്രസും ലീഗും തമ്മിൽ മൂന്ന്‌ സീറ്റിന്റെ അന്തരമേയുള്ളൂ. കോൺഗ്രസ്‌–-21, മുസ്ലിംലീഗ്‌–-18. നിലവിലുള്ള സീറ്റ്‌ നിലനിർത്താനുള്ള തത്രപ്പാടിലാണ്‌ ലീഗ്‌. കുഞ്ഞാലിക്കുട്ടിക്ക്‌ തെരഞ്ഞെടുപ്പ്‌ ചുമതല നൽകിയതും ഇത്‌ മുൻകൂട്ടിക്കണ്ടാണ്‌.

മുസ്ലിംതീവ്രവാദ ശക്തികളുമായി തുറന്ന കൂട്ടുകെട്ടിന്‌ കുഞ്ഞാലിക്കുട്ടി ശ്രമം തുടങ്ങിയിട്ട്‌ ഏറെക്കാലമായി. ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ എന്നിവയുമായി സഖ്യ ചർച്ചയും നടത്തി. എം കെ മുനീർ അടക്കമുള്ള ഏതാനും പേർക്ക്‌ ഇതിനോട്‌ യോജിപ്പില്ലെങ്കിലും കുഞ്ഞാലിക്കുട്ടി കളംമാറ്റുമ്പോൾ എതിർപ്പ്‌ ദുർബലമാകും.

അണികളുടെ കൊഴിഞ്ഞുപോക്കിനു പുറമെ ഫണ്ട്‌ ക്ഷാമവും ലീഗ്‌ നേരിടുന്നു. ഗൾഫിൽനിന്നുള്ള പണമൊഴുക്ക്‌ കുറഞ്ഞതിനു പുറമെ സ്വർണക്കടത്ത്‌ അന്വേഷണം മുറുകിയതും പണംവരവ്‌ കുറച്ചു. ഇതിന്‌ പോംവഴി കണ്ടെത്തുകയെന്ന ദൗത്യവും കുഞ്ഞാലിക്കുട്ടിയുടെ ചുമലിലാണ്‌.

ഐ ഗ്രൂപ്പിന്‌ വിനയാകും
ചെന്നിത്തലക്ക്‌ മേൽ ഉമ്മൻചാണ്ടി എന്ന ആപൽശങ്ക വിട്ടൊഴിയാതെ നിൽക്കുന്നതിനിടെയാണ്‌ കുഞ്ഞാലിക്കുട്ടിയുടെ വരവ്‌. ഉമ്മൻചാണ്ടി–- കുഞ്ഞാലിക്കുട്ടി ദ്വയം തകർക്കാനുള്ള ശേഷി തനിക്കില്ലെന്ന്‌ ചെന്നിത്തലയ്‌ക്ക്‌ അറിയാം. വി ഡി സതീശനെപ്പോലെയുള്ള ഉറ്റ അനുയായികളിൽ പലരും കൈവിട്ട മട്ടാണ്‌.  ഈ ശക്തിക്ഷയം അഭിമുഖീകരിക്കുമ്പോഴാണ്‌ യുഡിഎഫ്‌ നേതൃത്വത്തിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കങ്ങളുമായി ഉമ്മൻചാണ്ടി വെല്ലുവിളി ഉയർത്തുന്നത്‌.

ഉമ്മൻചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണജൂബിലി ആഘോഷം പുതുപ്പള്ളിയിൽ തുടങ്ങിക്കഴിഞ്ഞു. ഈ മാസം 17ന്‌ കോട്ടയത്താണ്‌ ചടങ്ങെങ്കിലും എ ഗ്രൂപ്പുകാർ ആഴ്‌ചകളായി അതിന്റെ ത്രില്ലിലാണ്‌. രോഗം അലട്ടിയതിനാൽ കുറെ നാളായി സജീവമല്ലാതിരുന്ന ഉമ്മൻചാണ്ടിയുടെ തിരിച്ചുവരവിന്‌ ആഘോഷം വഴിതുറക്കുമെന്നാണ്‌ എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളുടെ അവകാശവാദം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top