27 April Saturday

അതീവ ജാഗ്രതയോടെ ജാഗ്രതാസമിതി

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
കൽപ്പറ്റ
രോഗപ്രതിരോധത്തിന്‌  പ്രദേശിക തലത്തിൽ ശക്തമായ സംവിധാനം ഒരുക്കി ജാഗ്രതാസമിതി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചെയർമാനായും സെക്രട്ടറി കൺവീനറായും പഞ്ചായത്ത്‌ തലത്തിലും വാർഡ് മെമ്പർ കൺവീനറായി വാർഡ്‌ തലത്തിലും ജില്ലയിലെങ്ങും ജാഗ്രതസമിതിയുടെ പ്രവർത്തനം സജിവമാണ്‌. ആരോഗ്യവകുപ്പ്‌ നിർദേശിക്കുന്ന സുരക്ഷയും മുൻകരുതലകളുമെടുത്താണ്‌ പ്രദേശികതലത്തിൽ  കോവിഡ്‌ വ്യാപനം തടയുന്നതിന്‌ സമിതി പ്രവർത്തിക്കുന്നത്‌. ഇരുപതോളം അംഗങ്ങളാണ്‌ ഓരോ സമിതിയിലുമുള്ളത്‌. സമിതിയുടെ പ്രവർത്തനം സജീവമായതോടെ കോവിഡ്‌ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണവും കൂടി. വിദേശത്തുനിന്നും  മറ്റ്‌ സംസ്ഥാനങ്ങളിൽനിന്നും ജില്ലകളിൽനിന്നുമെല്ലാം എത്തുന്നവരെ കണ്ടെത്താനും ഇവരുമായി സമ്പർക്കത്തിൽ ഏർപെട്ടവരെ തിരിച്ചറിയാനും സഹായകമായത്‌ ജാഗ്രതസമിതികളുടെ പ്രവർത്തനങ്ങളാണ്‌. കോവിഡ്‌ ബാധിത പ്രദേശങ്ങളിൽനിന്നും വന്നവരുമായി  ഏതെങ്കിലും രീതിയിൽ  നേരിയ സമ്പർക്കം പുലർത്തുന്നവരെയടക്കം നിരീക്ഷണത്തിലെത്തിക്കാൻ ജാഗ്രതസമിതിയിലൂടെ കഴിയുന്നു. 
      ആരോഗ്യം, പൊലീസ്, റവന്യൂ, ട്രൈബൽ, കുടുംബശ്രീ പ്രതിനിധികളും   രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജാഗ്രതസമിതിയിൽ  അംഗങ്ങളാണ്‌. നിരീക്ഷണത്തിൽ കഴിയുന്നവർ, കോളനികളിലുള്ളവർ, ഒറ്റപ്പെട്ട്‌ താമസിക്കുന്നവർ, അതിഥി തൊഴിലാളികൾ എന്നിവരുടെയെല്ലാം ആവശ്യങ്ങൾ കണ്ടറിഞ്ഞ്‌ ഫലപ്രദമായ നടപടികൾ സമിതി സ്വീകരിക്കുന്നുണ്ട്‌.  വിടുകളിലെത്തുന്ന ജാഗ്രത സമിതി അംഗങ്ങൾ ഭക്ഷണം, മരുന്ന്‌ എന്നിവ ലഭ്യമാക്കുന്നതിനും കിടപ്പ്‌രോഗികളടക്കമുള്ളവർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നുണ്ട്‌.  ആദിവാസി കോളനികളിൽ അതീവ ജാഗ്രത പുലർത്തുന്നുണ്ട്‌.  കമ്യൂണിറ്റി കിച്ചന്റെ സേവനങ്ങൾ അർഹതപ്പെട്ടവരിൽ എത്തിക്കുന്നു.  ഗൃഹസന്ദർശത്തിലൂടെ കോവിഡ്‌ ബോധവൽക്കരണവും സജീവമാണ്‌. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതിനും ശക്തമായ ഇടപെടലുകളുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top