26 April Friday
കുടുംബാരോഗ്യ കേന്ദ്രത്തിലെ നിയമനത്തിൽ അഴിമതി

നൂൽപ്പുഴയിൽ കോൺഗ്രസിൽ തമ്മിലടി‌ രൂക്ഷം

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022
ബത്തേരി
നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ കരാർ നിയമനങ്ങളിലെ അഴിമതിയെച്ചൊല്ലി പഞ്ചായത്ത്‌ ഭരണത്തിന്‌ നേതൃത്വം നൽകുന്ന കോൺഗ്രസിൽ ഗ്രൂപ്പു‌പോര്‌ രൂക്ഷം. ഡോക്ടർ, ഫാർമസിസ്‌റ്റ്‌, ലാബ്‌ ടെക്‌നീഷ്യൻ, ലാബ്‌ അസിസ്റ്റന്റ്‌, സ്‌റ്റാഫ്‌ നഴ്‌സ്‌, ഹോസ്‌പിറ്റൽ അറ്റൻഡർ ഒഴിവുകളിലേക്കാണ്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ നിയമനം നടന്നത്‌. കഴിഞ്ഞ 11ന്‌ നടത്തിയ കൂടിക്കാഴ്‌ചയുടെ റാങ്ക്‌ ലിസ്‌റ്റ്‌ പഞ്ചായത്ത്‌ ഭരണസമിതി പരിഗണനക്കെടുക്കുന്നതിന്‌ മുമ്പായി  ‌ ഉദ്യോഗാർഥികൾക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിശീലനത്തിന്‌ അവസരമൊരുക്കിയത്‌ വിവാദമായിരുന്നു. 23ന്‌ ചേർന്ന ഭരണസമിതി യോഗത്തിൽ ഇതിനെതിരെ എൽഡിഎഫ്‌ അംഗങ്ങൾ പ്രതിഷേധിക്കുകയും വിയോജനക്കുറിപ്പ്‌ അവതരിപ്പിക്കുകയും ചെയ്‌തു. ഭരണപക്ഷത്തെ അനുകൂലിക്കുന്ന മുസ്ലിംലീഗ്‌ സ്വതന്ത്രനും മറ്റൊരു സ്വതന്ത്ര അംഗവും എൽഡിഎഫ്‌ നിലപാടിനൊപ്പം ചേർന്നിരുന്നു. എൽഡിഎഫ്‌ അംഗങ്ങൾ അഴിമതി അന്വേഷിക്കണമെന്ന ആവശ്യവുമായി ഓംബുഡ്‌സ്‌മാന്‌ പരാതിയും നൽകി. 
ഈ നിയമനങ്ങളിലെ അഴിമതിയെ സംബന്ധിച്ചാണ്‌ കോൺഗ്രസിന്റെ ബ്ലോക്ക്‌ –-മണ്ഡലം നേതാക്കളും പ്രവർത്തകരും പഞ്ചായത്ത്‌ അംഗങ്ങളും ഉൾപ്പെടെ രണ്ട്‌ ചേരിയായി തിരിഞ്ഞ്‌ ആരോപണ പ്രത്യാരോപണങ്ങളും പരാതി അയക്കലും നടത്തുന്നത്‌. 
ഇതിനിടെ ഉദ്യോഗാർഥികളുടെ നിയമനത്തിൽ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്‌ണൻ എംഎൽഎയും ഇടപെട്ടതായും ഒരുവിഭാഗം പറഞ്ഞു. അറ്റൻഡർ തസ്‌തികയിൽ അപേക്ഷിച്ച സൂര്യ എന്ന ഉദ്യോഗാർഥിക്ക്‌ നിയമനം നൽകണമെന്ന്‌ കോൺഗ്രസിന്റെ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചതാണെന്നും ഇക്കാര്യം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ സതീഷിനെ എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്‌ണൻ എംഎൽഎയും ഫോൺ മുഖാന്തിരം അറിയിക്കുകയും പാർടിയുടെ ലെറ്റർപാഡിൽ എഴുതി നൽകുകയുമുണ്ടായി. 
നിർവഹണ ഉദ്യോഗസ്ഥന്റെ അഴിമതിക്കെതിരെ നിലപാടെടുത്ത ലീഗ്‌ സ്വതന്ത്രൻ എം എ ദിനേശ്‌കുമാറിന്റെ നിലപാടിനെ ഒരു വിഭാഗം ശരിവച്ചപ്പോൾ മറുവിഭാഗം ദിനേശ്‌കുമാറിനെതിരെ നടപടിയെടുക്കാൻ ആവശ്യപ്പെട്ട്‌ മുസ്ലിംലീഗ്‌ പഞ്ചായത്ത്‌ പ്രസിഡന്റിനും കത്ത്‌ നൽകി.
  ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ ഓഫീസ്‌ സെക്രട്ടറിയായ ബെന്നി കൈനിക്കൽ പഞ്ചായത്തിലെ ആസൂത്രണ ഉപാധ്യക്ഷനായി പ്രവർത്തിച്ച്‌ പഞ്ചായത്ത്‌ അംഗങ്ങളെയും ജീവനക്കാരെയും ഭരിക്കുന്നത്‌ പാർടിക്ക്‌ അപകീർത്തികരമാണെന്നും കത്തിലുണ്ട്‌. ഇരുവിഭാഗവും കത്തുകൾ പരസ്യപ്പെടുത്തിയതോടെ ഗ്രൂപ്പ്‌പോര്‌ തെരുവിലേക്ക്‌ എത്തുമെന്ന അവസ്ഥയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top