04 May Saturday
കുടകിലെ ദുരൂഹ മരണങ്ങൾ

കർണാടക മുഖ്യമന്ത്രിയെ
നേരിൽ കാണും

വെബ് ഡെസ്‌ക്‌Updated: Thursday Oct 26, 2023

എകെഎസ്‌ കൺവൻഷനിൽ സി കെ ശശീന്ദ്രൻ സംസാരിക്കുന്നു

 
ബത്തേരി
വയനാട്ടിൽനിന്ന്‌ കർണാടകയിൽ ജോലിക്ക്‌ കൊണ്ടുപോയ ആദിവാസികളുടെ ദുരൂഹ മരണങ്ങൾ അന്വേഷിക്കണമെന്നും  കാണാതായവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട്‌ ആദിവാസി ക്ഷേമസമിതി (എകെഎസ്‌) നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ചു. കുടക്‌ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ തൊഴിൽ പീഡനവും ലൈംഗിക ചൂഷണവും അന്വേഷിക്കണം. ഈ ആവശ്യങ്ങളുന്നയിച്ച്‌ കർമസമിതിയുടെ നേതൃത്വത്തിൽ കർണാടക മുഖ്യമന്ത്രിയെ നേരിൽ കാണും.
മരണപ്പെട്ടവരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങളെ  ഉൾപ്പെടുത്തിയുള്ള സംഘം മുഖ്യമന്ത്രിയെ കണ്ട്‌ കാര്യങ്ങൾ ബോധിപ്പിക്കും. കേരള മുഖ്യമന്ത്രിക്കും വിശദമായ നിവേദനം നൽകും. 
ആദിവാസി മരണങ്ങളും തൊഴിൽ പീഡനങ്ങളും അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകും. 
നൂൽപ്പുഴ കോളൂർ കോളനിയിൽനിന്ന്‌ കാണാതായ വാസുവിനെ കണ്ടെത്തുന്നതിനായി കേരള ഹൈക്കോടതിയിൽ ഹേബിയസ്‌ കോർപസ് ഹർജി നൽകും. ബത്തേരിയിൽ ചേർന്ന കൺവൻഷനിൽ മരിച്ചവരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങൾ പങ്കെടുത്തു. പണിക്കായി പോയവരുടെ മൃതദേഹങ്ങളാണ്‌ തിരിച്ചെത്തിയതെന്ന്‌ ഇവർ പറഞ്ഞു. അന്വേഷണമോ, നടപടിയോ ഉണ്ടായിട്ടില്ല. എങ്ങനെയാണ്‌ മരിച്ചതെന്നുപോലും കുടുംബാംഗങ്ങൾക്ക്‌ അറിയില്ല. ഇൻക്വസ്‌റ്റോ, പോസ്‌റ്റ്‌മോർട്ടമോ നടത്തിയിട്ടില്ല. അമ്മമാർക്കൊപ്പം പോകുന്ന കുട്ടികൾ ഉൾപ്പെടെ ലൈംഗിക ചൂഷണങ്ങൾക്ക്‌ ഇരകളാകുകയാണ്‌.  തൊഴിലാളികൾക്ക്‌ ക്രൂരമായ മർദനവും ഏൽക്കേണ്ടി വരികയാണ്‌. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിമാരുടെ ശ്രദ്ധയിൽ കൊണ്ടുവരും. 
കുടകിലേക്ക്‌ ആദിവാസികളെ ജോലിക്കായി കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച്‌ 2008ൽ ഉത്തരവ്‌ ഇറക്കിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്റെ നിർദേശപ്രകാരം വയനാട്‌ കലക്ടറാണ്‌ ഉത്തരവിട്ടത്‌. തുടക്കത്തിൽ ഇവ പാലിക്കപ്പെട്ടെങ്കിലും പിന്നീട്‌ നിലച്ചു. 
ഇപ്പോൾ തൊഴിലാളികളെ കൊണ്ടുപോകുമ്പോൾ ഈ നിർദേശം കൃത്യമായി പാലിക്കണം. തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. മരണങ്ങൾ സംഭവിക്കാതിരിക്കാനും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ കൃത്യമായ അന്വേഷണം നടത്താനും ഇരുസംസ്ഥാനങ്ങളിലെയും പൊലീസ്‌ ജാഗ്രത പുലർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. 
ആദിവാസി ഭൂസമരസഹായ സമിതി കൺവീനർ സി കെ ശശീന്ദ്രൻ കൺവൻഷൻ ഉദ്‌ഘാടനംചെയ്‌തു. എകെഎസ്‌ ജില്ലാ സെക്രട്ടറി എ എം പ്രസാദ്‌ അധ്യക്ഷനായി. പി വിശ്വനാഥൻ, പി വാസുദേവൻ, സീതാ ബലാൻ, എം എസ്‌ വിശ്വനാഥൻ, ആർ രതീഷ്‌, അഡ്വ. വി അരവിന്ദാക്ഷൻ, പി ബൊമ്മൻ, ബിജു കാക്കത്തോട്‌, കെ എം സിന്ധു, എന്നിവർ സംസാരിച്ചു. കർമസമിതി ചെയർമാനായി സി കെ ശശീന്ദ്രനെയും കൺവീനറായി എ എം പ്രസാദിനെയും തെരഞ്ഞെടുത്തു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top