04 May Saturday
വവ്വാലുകളിൽ നിപ വൈറസ്‌ 
സ്ഥിരീകരണം

ജാഗ്രതയിൽ ജില്ല

വെബ് ഡെസ്‌ക്‌Updated: Thursday Oct 26, 2023

 കൽപ്പറ്റ

ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ്‌ സ്ഥിരീകരിച്ചതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന്‌  കലക്ടർ ഡോ. രേണുരാജ്‌ അറിയിച്ചു. എല്ലാവരും ജാഗ്രത പാലിക്കണം. 
സംസ്ഥാനത്ത് നിപ പ്രതിരോധ, നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ) നടത്തിയ പഠനത്തിൽ ബത്തേരിയിലെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്‌. കോഴിക്കോട്ട്‌  സെപ്തംബറിൽ  നിപ സ്ഥിരീകരിച്ചപ്പോഴാണ്‌ വയനാട്ടിൽനിന്ന്‌ സാമ്പിളുകൾ എടുത്തത്‌.  ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല.  എന്നാൽ  മുൻകരുതലെടുകൾ എടുക്കണമെന്നും കലക്ടർ അറിയിച്ചു. 
 
ലക്ഷണങ്ങൾ
പനിയോടൊപ്പം ശക്തമായ തലവേദന, ക്ഷീണം, ഛർദ്ദി, തളർച്ച, ബോധക്ഷയം, കാഴ്ച മങ്ങുക എന്നിവയാണ് നിപയുടെ പ്രധാന ലക്ഷണങ്ങൾ. മറ്റുപല പകർച്ചവ്യാധികൾക്കും സമാനമായ ലക്ഷണങ്ങളാണ്‌ നിപയുടേതും. രോഗനിർണയം  പ്രധാനമാണ്
 
ജന്തുക്കളിൽനിന്നും
മനുഷ്യരിൽനിന്നും പകരാം
ജന്തുക്കളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന  പകർച്ചവ്യാധിയാണ് നിപ. ശരീര സ്രവങ്ങൾ വഴി രോഗം ബാധിച്ച മനുഷ്യരിൽനിന്ന് മറ്റുള്ളവരിലേക്കും പകരും. പക്ഷി മൃഗാദികളുടെ കടിയേറ്റതോ,  നിലത്ത് വീണു കിടക്കുന്നതോ ആയ പഴങ്ങൾ ഉപയോഗിക്കരുത്. പഴങ്ങൾ നന്നായി കഴുകിയ മാത്രം കഴിക്കണം. തുറന്നുവച്ച കലങ്ങളിൽ സൂക്ഷിച്ച കള്ള് പോലെയുള്ള പാനീയങ്ങൾ ഉപയോഗിക്കരുത്‌. 
മാസ്‌ക്‌ നിർബന്ധം
പനി, ജലദോഷം, ചുമ എന്നിവയുള്ളവർ മാസ്ക് നിർബന്ധമായും ഉപയോഗിക്കണം.  ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും ചെറു സ്രവകണങ്ങൾ മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്ക് ആണ് പ്രതിവിധി. ഇത്തരം രോഗികളെ പരിചരിക്കുന്നവരും  അടുത്തിടപഴകുന്നവരും  മാസ്കും കയ്യുറകളും  ഉപയോഗിക്കണം
കൈകളിലൂടെയാണ് പകർച്ച വ്യാധികൾ പെട്ടെന്ന് പകരും. കൈകൾ പല സ്ഥലങ്ങളിലും സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കുകയും ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ശരിയായി കഴുകുകയും ചെയ്യണം. 
സ്വയം ചികിത്സ വേണ്ട
പനിയടക്കമുള്ള രോഗങ്ങൾ ചികിത്സിക്കാതെ ഭേദമാകുമെന്ന് കരുതി കാത്തിരിക്കുന്നതും സ്വയം ചികിത്സ നടത്തുന്നതും രോഗം ഗുരുതരമാക്കും. രോഗം തിരിച്ചറിയാൻ വൈകുന്നത്‌  നില ഗുരുതരമാക്കും. മറ്റുള്ളവരിലേക്ക്  പകരാനും കാരണമാകും.
രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യകേന്ദ്രങ്ങളിലെത്തി ആവശ്യമായ പരിശോധനകൾ നടത്തണം. 
 
വവ്വാലുകളെ ആക്രമിക്കരുത്‌
വവ്വാലുകളെ ആട്ടിയകറ്റുന്നതും ആക്രമിക്കുന്നതും ഗുണത്തേക്കാൾ ഏറെ ദോഷമാകും. ഭയചകിതരായ വവ്വാലുകളിൽനിന്ന് കൂടുതൽ സ്രവങ്ങൾ പുറത്തുവരാനും അതിലൂടെ രോഗാണുക്കൾ പടരാനും കാരണമായേക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top