26 April Friday

നാടൻതോക്കുമായി വനത്തിലെത്തിയ
പൊലീസുകാരൻ ക്യാമറയിൽ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

 ബത്തേരി

നാടൻ തോക്കുമായി കേരള വനത്തിൽ നായാട്ടിനെത്തിയ തമിഴ്‌നാട്‌ ക്രൈംബ്രാഞ്ച്‌ പൊലീസ്‌ ഉദ്യോഗസ്ഥന്റെയും സംഘത്തിന്റെയും ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടും  നടപടിയെടുക്കാതെ വനംവകുപ്പ്‌ ഉദ്യോഗസ്ഥർ. ഇതിനിടെ സംഭവം ശ്രദ്ധയിൽപ്പെട്ട തമിഴ്‌നാട്‌ ആഭ്യന്തര വകുപ്പ്‌ ഉദ്യോഗസ്ഥനെ സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു.  സെപ്‌തംബർ 10ന്‌ പുലർച്ചെ 2.20ന്‌ മുത്തങ്ങ വന്യജീവി കേന്ദ്രത്തിലെ തോട്ടാമൂല ഫോറസ്‌റ്റ്‌ സ്‌റ്റേഷൻ പരിധിയിലെ മുണ്ടക്കൊല്ലിക്കടുത്ത പൂമറ്റം വനത്തിൽ വനംവകുപ്പ്‌ സ്ഥാപിച്ച ക്യാമറയിലാണ്‌ തമിഴ്‌നാട്‌ എരുമാട്‌ പൊലീസ്‌ സ്‌റ്റേഷനിലെ ഹെഡ്‌ കോൺസ്‌റ്റബിൾ ഗൂഡല്ലൂർ ബോസ്‌ബറ സ്വദേശി ജെ ഷിജു (40) ഉൾപ്പെടെയുള്ളവരുടെ ഹെഡ്‌ലൈറ്റും നാടൻ തോക്കുമായി നീങ്ങുന്ന ചിത്രങ്ങൾ പതിഞ്ഞത്‌. ക്രൈംബ്രാഞ്ച്‌ വിഭാഗത്തിലാണ്‌ ഷിജു പ്രവർത്തിക്കുന്നത്‌. കടുവാ സെൻസസിന്റെ ഭാഗമായി സ്ഥാപിച്ച ക്യാമറകളിലാണ്‌ നായാട്ട്‌ സംഘത്തിന്റെയും ചിത്രങ്ങൾ പതിഞ്ഞതെങ്കിലും സംഭവം മൂടിവയ്ക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ ശ്രമം. ക്യാമറയിൽ ചിത്രങ്ങൾ പതിഞ്ഞ സമയത്തിന്‌ ശേഷം ഷിജുവിനെ സംശയാസ്‌പദ നിലയിൽ മുണ്ടക്കൊല്ലിക്കടുത്ത്‌ ചിലർ കണ്ടിരുന്നു. ചോദിച്ചപ്പോൾ കേസന്വേഷണത്തിന്റെ ഭാഗമായി എത്തിയെന്നാണ്‌ ഇയാൾ പറഞ്ഞത്‌.18 കിലോമീറ്റർ അകലെ ജോലിചെയ്യുന്ന ഷിജു നാടൻ തോക്കുമായി മുത്തങ്ങ വനത്തിൽ കടന്നതിൽ പ്രദേശവാസികളിൽ ചിലരുടെ സഹായവും ലഭിച്ചതായി സൂചനയുണ്ട്‌. സംഭവം വിവാദമായതോടെ പൊലീസുകാരനെതിരെ കേസെടുത്തെന്ന വാദമാണ്‌ വനം വകുപ്പിന്റേത്‌. സമഗ്രമായ അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തി നിയമത്തിന്‌ മുമ്പിൽ കൊണ്ടുവരണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top