26 April Friday

തരിയോട്‌ ടു കന്യാകുമാരി സീറോ ബജറ്റ്‌ യാത്രയുമായി സാനിഫും വിജയും

എം എസ്‌ ആദർശ്‌Updated: Saturday Jan 23, 2021
 
തരിയോട്‌
സാനീഫും വിജയും നടക്കുകയാണ്‌. കന്യാകുമാരിയാണ്‌ ലക്ഷ്യം. തരിയോടുനിന്നും അഞ്ച്‌ദിവസം മുമ്പ്‌ തുടങ്ങിയ യാത്ര മലപ്പുറത്തിന്റെ മണ്ണിലെത്തി. ഇനി 20 ദിനം കൊണ്ട്‌ കന്യാകുമാരി പിടിക്കണം. കൈയ്യിൽ പണമില്ലാതെ ‘സീറോ ബജറ്റ്’ യാത്രയിലാണ്‌ കാവുമന്ദം സ്വദേശികളും സുഹൃത്തുക്കളുമായ സാനിഫ്‌ ബാബുവും വിജയ്‌ ബാബുവും‌. യാത്ര ലഹരിയായാൽ പിന്നെ‌ പണവും വാഹനവുമൊന്നും വേണ്ടെന്നാണ്‌ ഇവരുടെ നിലപാട്‌. ‌
ഒരു രൂപപാേലും കൈയിൽ കരുതാതെ അവശ്യസാധനങ്ങൾ മാത്രമെടുത്താണ്‌‌ നടത്തം. മുമ്പിൽ പുതിയ നാടുകളും നാട്ടുകാരും അവരുടെ ജീവിതവും മാത്രം‌. യാത്രയ്‌ക്ക്‌ ഒരുപാട് പണം വേണമെന്ന ചിന്ത മാറ്റിനിർത്തി. എന്ത്‌ ഭക്ഷിക്കും ? എവിടെ താമസിക്കും ? ആപത്ത് പിണയുമോ? തുടങ്ങിയ  ചിന്തകളോടും  ബൈ പറഞ്ഞാണ്‌ ഇരുപത്തിരണ്ടുകാരായ ഈ കൂട്ടുകാരുടെ പദയാത്ര.
നടക്കാൻ തീരുമാനിച്ചതിനാൽ ഗതാഗതം തടസ്സമല്ലാതായി. താമസത്തിന്‌ ടെൻഡ്‌ ബാഗിൽ കരുതിയിട്ടുണ്ട്‌.  ചെല്ലുന്ന നാട്ടിലെല്ലാം മനുഷ്യരും ഹോട്ടലും ഉണ്ടാവില്ലേ ? അവിടെ പണികളെടുത്ത്‌ ഭക്ഷണത്തിനുള്ള വക കണ്ടെത്താമെന്ന പ്രതീക്ഷയിലാണ്‌ യാത്ര‌. ഇതുവരെ കാര്യങ്ങൾ തെറ്റിയില്ലെന്നും ഇവർ പറയുന്നു. കന്യാകുമാരി  കഴിഞ്ഞാൽ അടുത്തത്‌ ഡൽഹിയാണ്‌.  കോവിഡ് സൃഷ്ടിച്ച അസ്വസ്ഥതകൾ മറികടക്കുകകൂടിയാണ്‌ ലക്ഷ്യം. ഫോട്ടോഗ്രാഫി പഠനം കഴിഞ്ഞാണ്‌ സാനിഫ്‌ യാത്രയെ പ്രണയിച്ചുതുടങ്ങിയത്‌. ബിരുദപഠനം പാതിയിൽ നിർത്തി വിജയ്‌ വിദേശത്തുപോയെങ്കിലും ഉടൻ മടങ്ങിവന്നു. കോവിഡ്‌ നിയന്ത്രണത്തിൽ ഇളവ്‌ വന്നപ്പോഴായിരുന്നു വിദേശത്ത്‌ പോയത്‌. നാടും യാത്രകളും നഷ്ടപ്പെടുത്താനാകാത്തതിനാൽ തിരകെവന്നാണ്‌ നടത്തം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top