26 April Friday
അവകാശ പത്രിക സമർപ്പിച്ചു

കലക്ടറേറ്റിലേക്ക്‌ ആദിവാസികളുടെ ഉജ്വല മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 21, 2022
കൽപ്പറ്റ
ആദിവാസി ഭൂമി, വീട്, തൊഴിൽപ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട്  എകെഎസ്‌ നേതൃത്വത്തിൽ ആദിവാസികൾ കലക്ടറേറ്റ്‌ മാർച്ച്‌ നടത്തി അവകാശപത്രിക സമർപ്പിച്ചു. സ്‌ത്രീകളുൾപ്പെടെ നൂറുകണക്കിനുപേർ  പങ്കാളികളായി. ഗോത്രവിഭാഗങ്ങളുടെ ജീവൽ പ്രശ്‌നങ്ങളുയർത്തിയുള്ള മാർച്ച്‌ എകെഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ ഒ ആർ കേളു എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ പി വിശ്വനാഥൻ അധ്യക്ഷനായി. 
ജില്ലയിലെ ഭൂരഹിതമായ 3165 കുടുംബങ്ങൾക്ക്‌ ഒരേക്കർവീതം നൽകണം. വീട് വയ്‌ക്കുന്നതിന് 10 സെന്റ്‌  അനുവദിച്ച കുടുംബങ്ങൾക്ക്  90 സെന്റ് കൃഷിഭൂമി നൽകണം. വനാവകാശ നിയമപ്രകാരം  ഭൂമിനൽകേണ്ട മുഴുവൻ കുടുംബങ്ങൾക്കും ഭൂമി നൽകാൻ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. 
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, എകെഎസ്‌ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി പി വാസുദേവൻ,  വൈസ്‌ പ്രസിഡന്റ്‌ സീത ബാലൻ, വി കേശവൻ എന്നിവർ സംസാരിച്ചു.  ജില്ലാ സെക്രട്ടറി എ എം പ്രസാദ്‌  സ്വാഗതവും ട്രഷറർ കെ അച്ചപ്പൻ  നന്ദിയും പറഞ്ഞു.
പാമ്പ്ര മരിയനാട്‌ എസ്‌റ്റേറ്റിൽ അവകാശം സ്ഥാപിച്ച ആദിവാസികൾക്കും  നിക്ഷിപ്ത വനഭൂമിയിൽ കുടിൽകെട്ടി താമസിക്കുന്നവർക്കും ഭൂമി അനുവദിക്കുക,  2012ലെ സുപ്രീം കോടതി വിധിപ്രകാരം ജില്ലയിൽ വിട്ടുനൽകേണ്ട  4000 ഏക്കർ വനഭൂമി വിട്ടുനൽകുക, നിർമാണം പൂർത്തീകരിച്ച ആദിവാസി വീടുകൾ കൈമാറുക.  പാതിയിലായവ പൂർത്തിയാക്കുക,  കാലപ്പഴക്കംചെന്നവ പുതുക്കിനിർമിക്കുക,  കൃഷി, സ്വയംതൊഴിൽ എന്നിവക്കും പിരിഞ്ഞുപോയ പ്രൊമോട്ടർമാർക്കും വയനാട് പാക്കേജിൽ ഉൾപ്പെടുത്തി പ്രത്യേക തൊഴിൽദാന പദ്ധതി നടപ്പാക്കണമെന്നതുൾപ്പെടെയുള്ള അവകാശപത്രിക കലക്ടർക്ക്‌ സമർപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top