27 April Saturday

കോൺഗ്രസ്‌ നടത്തിയത്‌ ‘വൻ നാടകം’

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

ഗാന്ധിചിത്രം തകർത്ത സംഭവത്തിൽ അറസ്റ്റിലായ കോൺഗ്രസ്‌ പ്രവർത്തകർ

 

കൽപ്പറ്റ
രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ഗാന്ധിചിത്രം തകർത്ത്‌ കോൺഗ്രസ്‌ നടത്തിയത്‌ വൻ നാടകം. എസ്‌എഫ്‌ഐക്കാർ മാർച്ച്‌ നടത്തി തിരികെ പോയശേഷമാണ്‌ ഓഫീസിന്റെ ചുമരിലുണ്ടായിരുന്ന രാഷ്‌ട്രപിതാവിന്റെ ഫോട്ടോ ഓഫീസ്‌ ജീവനക്കാരും കോൺഗ്രസുകാരും എറിഞ്ഞുടച്ചത്‌. 
വിദ്യാർഥി മാർച്ചിനെ തുടർന്നുണ്ടായ യുഡിഎഫ്‌ പ്രതിഷേധത്തിന്റെ തുടക്കത്തിലൊന്നും ‘ഗാന്ധി ചിത്രം’  പരാമർശിച്ചിരുന്നില്ല. ഗൂഢാലോചനയ്‌ക്കുശേഷം പൊടുന്നനെയാണ്‌ എസ്‌എഫ്‌ഐക്കാർ ഗാന്ധി ചിത്രം തകർത്തെന്ന്‌ ടി സിദ്ദിഖ്‌ എംഎൽഎയും കെ സി വേണുഗോപാലും മാധ്യമങ്ങൾക്ക്‌ മുന്നിൽ ആരോപണം ഉന്നയിക്കുന്നത്‌. ഈ സമയം രാഹുലിന്റെ ഓഫീസിൽ ഗാന്ധി ചിത്രം എറിഞ്ഞുടച്ചിരുന്നു. ഇതിനുമുമ്പ്‌ മാധ്യമങ്ങളും പൊലീസ്‌ ഫോട്ടോഗ്രാഫറും പകർത്തിയ ഓഫീസിനുള്ളിലെ ദൃശ്യങ്ങളിൽ ഗാന്ധിചിത്രം ചുമരിൽ ഉണ്ടായിരുന്നു. എന്നാൽ പിറ്റേദിനം പ്രമുഖ പത്രങ്ങളെല്ലാം ഒന്നാം പേജിൽ തകർന്നുകിടക്കുന്ന ഗാന്ധിജിയുടെ ചിത്രം എസ്‌എഫ്‌ഐക്കാർ തകർത്തതെന്ന അടിക്കുറിപ്പോടെ  പ്രസിദ്ധീകരിച്ചു.
എസ്‌എഫ്‌ഐക്കുമേൽ  ‘ഗാന്ധിവധവും’ ആരോപിച്ച്‌  യുഡിഎഫ്‌ സംസ്ഥാന   വ്യാപകമായി ആക്രമണങ്ങൾ നടത്തി. ദേശാഭിമാനിയുടെ വയനാട് ബ്യൂറോ ആക്രമിച്ചു. സിപിഐ എമ്മിന്റെയും എൽഡിഎഫിലെ മറ്റു പാർടികളുടെയും കൊടികളും ബോർഡുകളും തോരണങ്ങളും നശിപ്പിച്ചു. പൊലീസുകാരെ കൈയേറ്റം ചെയ്‌തു. നാടിന്റെ ക്രമസമാധാനം നഷ്ടപ്പെടുത്തി. എസ്‌എഫ്‌ഐക്കാർ ഗാന്ധിയുടെ ചിത്രം തകർത്തെന്ന്‌ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ, വസ്‌തുത ചൂണ്ടിക്കാണിച്ച ദേശാഭിമാനി ലേഖകനെ ഭീഷണിപ്പെടുത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top