27 April Saturday
കേരള കർഷകസംഘം പനമരം ഏരിയാ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

വാഴക്കന്ന്‌– കിഴങ്ങ്‌ വിത്ത്‌ വിതരണത്തിൽ അഴിമതി

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

കർഷകർ തിരിച്ചുനൽകിയ ഗുണനിലവാരമില്ലത്ത വാഴക്കന്നുകൾ കൃഷിഭവന് പിറകിൽ കൂട്ടിയിട്ടനിലയിൽ

 
പനമരം
പനമരം ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്തുകളിൽ വാഴക്കന്നും കിഴങ്ങ് വിത്തുകളും മറ്റ് തൈകളുടെയും വിതരണത്തിൽ അഴിമതി നടത്തിയവരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്ന് കർഷകസംഘം പനമരം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും കൃഷിമന്ത്രിക്കും പരാതി നൽകിയതായി കർഷകസംഘം ഏരിയാ കമ്മിറ്റി അറിയിച്ചു. പനമരം കൃഷിഭവനിൽനിന്ന്‌  വിതരണംചെയ്ത വാഴക്കന്നുകളും തൈകളും ഗുണനിലവാരമില്ലാത്തതായിരുന്നു. കർഷകർക്ക് നൽകിയ  ഗുണനിലവാരമില്ലാത്ത വാഴക്കന്ന്‌  കർഷകർ തിരിച്ചുനൽകി. ഇവ കൃഷിഭവൻ കെട്ടിടത്തിന്റെ പിറകുവശത്ത് കൂട്ടിയിട്ടുണ്ട്. പനമരത്തെ എക്കോ ഷോപ്പിന്റെ ഒത്താശയോടുകൂടിയാണ് ഇത്തരത്തിലുള്ള ക്രമക്കേട് നടക്കുന്നതെന്ന് കർഷകസംഘം ആരോപിച്ചു. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ കൃഷിവിജ്ഞാൻ കേന്ദ്രത്തിലടക്കം സർക്കാർ ഫാമുകൾ ആയിരിക്കെ സ്വകാര്യ നഴ്സറിയിൽനിന്ന് ടെൻഡർ നടപടിപോലും പാലിക്കാതെ തൈകളും വിത്തുകളും വിതരണത്തിനെത്തിച്ചതായും ആരോപണമുണ്ട്. ഇതിനുമുമ്പ് ഗുണനിലവാരമില്ലാത്ത നെല്ല് വിത്ത് വിതരണം ചെയ്തതായും കർഷകർ പറയുന്നു. കേരള സർക്കാർ അഴിമതി രഹിത ഭരണം നടത്തി കർഷകർക്ക്  എല്ലാ ആനുകൂല്യങ്ങളും നൽകുമ്പോഴാണ്‌ ഒരുപറ്റം ജീവനക്കാർ  ലോബികളെ കൂട്ടുപിടിച്ച് വൻ അഴിമതി നടത്തുന്നത്. തീവട്ടിക്കൊള്ളക്കെതിരെ  ശക്തമായ പ്രക്ഷോഭം വരുംദിവസങ്ങളിൽ കൃഷിഭവന്റെ മുമ്പിലും എഡിഎ ഓഫീസിന് മുമ്പിലും നടത്തുമെന്ന് കേരള കർഷകസംഘം പനമരം ഏരിയാ കമ്മിറ്റി മുന്നറിയിപ്പ് നൽകി. കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ സുരേഷ്, ഏരിയാ സെക്രട്ടറി എം എ ചാക്കോ, എം മുരളീധരൻ, എ ജോണി, സി ജി പ്രത്യുഷ്, ജസ്റ്റിൻ ബേബി, വേണു മുള്ളോട്ട്, വി ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top