27 April Saturday
തിരിഞ്ഞുനോക്കാൻ ആളില്ല

അപകടത്തിൽപെടുന്നവർ ചോരവാർന്ന് റോഡിൽ

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022

ചൊവ്വാഴ്ച ഗുണ്ടൽപ്പേട്ടക്കടുത്തുണ്ടായ വാഹാപകടത്തിൽ പരിക്കേറ്റയാൾ ചോരവാർന്ന്‌ റോഡിൽ

 
ബത്തേരി
ഗുണ്ടൽപ്പേട്ട മേഖലയിൽ വാഹനാപകടത്തിൽ പരിക്കേൽക്കുന്നവർ ചോരവാർന്ന് റോഡിൽ.  ബീമനഹള്ളിയിൽ ചൊവ്വ ഉച്ചയോടെ  കാറും ബെെക്കും കൂട്ടയിടിച്ച് പരിക്കേറ്റ ബെെക്ക് യാത്രക്കാരൻ മണിക്കൂറുകൾ റോഡിൽ കിടന്നു.
കോഴിക്കോട്‌–-കൊല്ലഗൽ 766 ദേശീയപാതയിലും മൈസൂരു –-ഊട്ടി ദേശീയപാതയിലും വരുന്ന പ്രദേശമാണ്‌ കർണാടക ചാമരാജ്‌ നഗർ ജില്ലയിൽ ഉൾപ്പെടുന്ന ഗുണ്ടൽപ്പേട്ട. കേരളം, തമിഴ്‌നാട്‌, കർണാടക സംസ്ഥാനങ്ങളെ ബന്ധപ്പെട്ട്‌ ദിവസവും ചരക്കു ലോറികൾ ഉൾപ്പെടെ ആയിരക്കണക്കിന്‌ വാഹനങ്ങളാണ്‌ കടന്നു പോവുന്നത്‌. റോഡിലെ വാഹനപ്പെരുപ്പം പലപ്പോഴും അപകടങ്ങൾക്കും ഇടയാക്കുന്നു. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നും എത്തുന്ന വാഹനങ്ങൾ മുപ്പതിലേറെ കിലോമീറ്റർ വനത്തിന്‌ നടുവിലൂടെ സഞ്ചരിച്ചാണ്‌ ഗുണ്ടൽപ്പേട്ടയിൽ എത്തുന്നത്‌. വാഹനങ്ങൾ കൂട്ടിയിടിച്ചും നിയന്ത്രണംവിട്ട്‌ മറിഞ്ഞുമുള്ള അപകടങ്ങൾ ഇവിടെ പതിവാണ്‌. കേരളം, തമിഴ്‌നാട്‌ സംസ്ഥാനങ്ങളിൽ നിന്നുള്ള ബൈക്കുകളും കാറുകളുമാണ്‌ കൂടുതലും അപകടങ്ങളിൽപ്പെടുന്നത്‌. പരിക്കേൽക്കുന്നവർക്ക്‌ യഥാസമയം ചികിത്സ ലഭ്യമാവുന്നില്ല. അപകടത്തിൽപ്പെടുന്നവരെ കാലതാമസം കൂടാതെ ആശുപത്രികളിൽ എത്തിക്കുന്നതിനും കഴിയാറില്ല. പൊലീസിന്റെ പടോളിങ്‌ ഇവിടെ കുറഞ്ഞതും തദ്ദേശീയരായ ഗ്രാമീണർ അപകടങ്ങളിൽപ്പെടുന്നവരെ തിരിഞ്ഞു നോക്കാത്തതും കാരണം പരിക്കേൽക്കുന്നവരിൽ പലരും റോഡിൽത്തന്നെ കഴിയേണ്ട അവസ്ഥയാണ്‌. ഇതുവഴി കടന്നു പോകുന്ന ആംബുലൻസുകളും മറ്റും അപകടം ശ്രദ്ധയിൽപ്പെട്ടാലും നിർത്താതെ പോകും.  നിർത്തുന്ന വാഹനങ്ങളിലുള്ളവരിൽ പലരും അതീവ ഗുരുതരമായി പരിക്കേറ്റ്‌ റോഡിൽക്കിടക്കുന്നവരെ ആശുപത്രിയിൽ എത്താക്കാൻ ശ്രമിക്കാതെ മൊബൈലിൽ പടവും വീഡിയോയും എടുത്താണ്‌ മടങ്ങുക.  വിവരം അറിഞ്ഞാലും പൊലീസ് മണിക്കൂറുകൾ കഴിഞ്ഞാണ്‌ സ്ഥലത്തെുക. ചോരവാർച്ചയാണ്‌ അപകടങ്ങളിൽ പലരുടെയും മരണത്തിന്‌ കാരണമാവുന്നത്‌. മൈസൂരു, ബംഗളൂരു, ഊട്ടി എന്നിവിടങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളും വിനോദ സഞ്ചാരികളുമാണ്‌ ഇതുവഴി കൂടുതലും യാത്രചെയ്യുന്നത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top