27 April Saturday

ഷൈബിനുമായി സിപിഐ എമ്മിന്‌ ബന്ധമില്ല

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022
കൽപ്പറ്റ 
നിലമ്പൂരിൽ കൊലചെയ്യപ്പെട്ട ഷാബ ഷെരീഫിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി ഷൈബിനുമായോ കൂട്ടുപ്രതികളുമായോ സിപിഐ എമ്മിന് ഒരു ബന്ധവുമില്ലന്ന് ജില്ലാ സെക്രട്ടറി പി ഗാഗറിൻ പ്രസ്താവനയിൽ പറഞ്ഞു. ഷൈബിന്റെ വീട്ടിൽ മോഷണം നടത്തിയതിന്റെ പേരിൽ ബത്തേരിയിൽ നിലമ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ ഷൈബിനുവേണ്ടി സിപിഐ എമ്മിനെതിരെ ആരോപണം ഉന്നയിച്ച് ലീഗ് പ്രകടനം നടത്തി. ഷൈബിൻ കൊടും കുറ്റവാളിയെന്ന് തെളിഞ്ഞതോടെ ലീഗിന്റെ മട്ടുമാറി. ലീഗ് നേതാവ് ഷൈബിന്റെ ബിസിനസ് പങ്കാളിയാണെന്നും  ലീഗ് പലതരത്തിൽ അനുമോദിച്ച ആളാണ് ഷെബിനെന്നും പുറംലോകം അറിഞ്ഞു. 
ലീഗിനുള്ള ബന്ധം  പ്രകടമായി പുറത്തുവന്നിട്ടും സിപിഐ എമ്മിനെ കുറ്റപ്പെടുത്താനാണ് ബിജെപി ശ്രമിച്ചത്. ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണനും ഷൈബിനെ അനുമോദിക്കുന്ന ചിത്രം പുറത്തുവന്നു. 
കരിം വധക്കേസിൽ പ്രതിയായ ബത്തേരിയിലെ സിപിഐ എം പ്രവർത്തകനെ അക്കാലത്ത് സംരക്ഷിച്ചു എന്നാണ് ഇപ്പോൾ രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിക്കുന്നത്. കരിം വധക്കേസിൽ പ്രതിയായ ആൾ ഇന്ന് വൈത്തിരിയിലെ പഞ്ചായത്ത് മെമ്പറും കോൺഗ്രസ്, ഐഎൻടിയുസി നേതാവുമാണ്. സിപിഐ എം ആരെയും സംരക്ഷിക്കാൻ ശ്രമിച്ചിട്ടില്ല. ഷൈബിനെ പോലെയുള്ള കുറ്റവാളികളിൽനിന്ന്‌ പണം കൈപ്പറ്റി ദീനാനുകമ്പാ പ്രവർത്തനങ്ങളിലേർപ്പെട്ട് ആളുകളെ വശത്താക്കുന്ന രാഷ്ട്രീയ തട്ടിപ്പാണ് ലീഗുൾപ്പെടെയുള്ള രാഷ്ട്രീയ പാർടികൾ പലപ്പോഴും നടത്താറുള്ളത്. ബത്തേരിയിലെ യുഡിഎഫ്, ബിജെപി ബന്ധം അസംബ്ലി തെരഞ്ഞെടുപ്പിൽ പ്രകടമായി പുറത്തുവന്നതാണ്. 
 അതിനാൽ ഇരു കൂട്ടരും പരസ്പരം സഹായിക്കുന്ന സമീപനം ഇക്കാര്യത്തിലും സ്വീകരിക്കുകയാണ്. എന്നാൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏതെങ്കിലും തരത്തിൽ ബന്ധം പുലർത്തി എന്ന് ബോധ്യപ്പെട്ടാൽ അത്തരക്കാരെ സിപിഐ എം സംരക്ഷിക്കില്ലെന്നു മാത്രമല്ല മതിയായ ശിക്ഷ ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top